ബാഹ്യമായ ശുദ്ധിയെക്കുറിച്ച് ആകുലപ്പെട്ട ഫരിസേയരുടെ കപടനാട്യത്തെ യേശു വിമർശിക്കുന്ന ഭാഗമാണ് ഇന്നത്തെ വചനഭാഗം. ആന്തരികമായ ശുദ്ധിയിലാണോ, ബാഹ്യമായ ശുദ്ധിയിലാണോ നമ്മുടെയും ശ്രദ്ധ എന്ന് ധ്യാനിക്കേണ്ടത് ആവശ്യമാണ്. പുറമെയുള്ള കാര്യങ്ങള്‍ക്കായി എന്തുമാത്രം സമയമാണ് ഞാന്‍ ചെലവഴിക്കുന്നത്. മുഖസൗന്ദര്യം, വസ്ത്രധാരണം എന്നിവയ്ക്ക് അമിതപ്രാധാന്യം നല്‍കിയുള്ള ജീവിതമായിരിക്കും ഇപ്പോള്‍ ഞാന്‍ നയിക്കുന്നത്. കാരണം, മറ്റുള്ളവര്‍ എന്നെ നോക്കുമ്പോള്‍ ഞാന്‍ മെച്ചപ്പെട്ടവനായി, യാതൊരു കുഴപ്പവുമില്ലാത്തവനായി കാണപ്പെടണമെന്ന ആഗ്രഹമാണ് അതിനു പിന്നില്‍.
ചെയ്യാന്‍പാടില്ലാത്തത് ചെയ്തിട്ട്, “ഞാന്‍ തെറ്റൊന്നും ചെയ്തില്ല, ഞാന്‍ ചെയ്തത് ആരും കണ്ടിട്ടില്ല, അല്ലെങ്കില്‍ അത് തെളിയിക്കൂ” എന്ന് വിളിച്ചുപറയുന്ന ഒരു കുട്ടി നമ്മുടെയൊക്കെ ഉള്ളില്‍ ഇപ്പോഴുമുണ്ട്. പക്ഷേ, ഉള്ള് കാണുന്ന ഒരുവന്‍ – ദൈവം – എപ്പോഴും നമ്മുടെ കൂടെയുണ്ടെന്ന സത്യം നമ്മള്‍ മറന്നുപോകുന്നു. “ദൈവമേ, എന്റെ ഓരോ ചലനവും നിന്റെ കണ്‍മുമ്പിലാണല്ലോ. നിന്റെ മുമ്പില്‍ കുറ്റമറ്റ ആളായി ജീവിക്കാന്‍ എന്നെ പഠിപ്പിക്കണേ. മറ്റുള്ളവര്‍ എന്തും പറഞ്ഞുകൊള്ളട്ടെ.”
ഫാ. ജി. കടൂപ്പാറയില്‍ MCBS