യേശു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍.” ഈ വചനം നമ്മുടെ ഹൃദയത്തില്‍ എപ്പോഴും ഉറപ്പിച്ചുവയ്‌ക്കേണ്ടതാണ്. യേശുവിനുവേണ്ടി നിലകൊള്ളുമ്പോള്‍, നിലപാടുകളില്‍ യേശുവിനുവേണ്ടി കൃത്യത പാലിക്കുമ്പോള്‍ സഹനങ്ങളും കുരിശുകളും പീഡനങ്ങളും ഒറ്റിക്കൊടുക്കലുകളും ഒറ്റപ്പെടുത്തലുകളും വഴിതെറ്റിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. അപ്പോഴും ഹൃദയം ഇടറാതെ യേശുവിനുവേണ്ടി ഉറച്ചുനില്‍ക്കുകയാണ് പ്രധാനം.
അനുദിനജീവിതത്തില്‍ സംഭവിക്കുന്ന സഹനങ്ങളോടും വേദനകളോടും നമ്മള്‍ ഇതേ മനോഭാവമാണ് സ്വീകരിക്കേണ്ടത്. അസ്വസ്ഥതപ്പെടരുത്. കാരണം, ഇതൊക്കെ സംഭവിക്കേണ്ടതാണ്. സഹനത്തിലൂടെ ഉത്ഥാനത്തിലേക്കു പ്രവേശിച്ച ക്രിസ്തുവിനെ അനുഗമിക്കുന്ന ശിഷ്യനും സഹനത്തിലൂടെത്തന്നെ കടന്നുപോകേണ്ടതാണ്. യഥാര്‍ഥ വഴി യേശു നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അതിനാല്‍, ഇനിമേലില്‍ തെറ്റായ വഴികളിലൂടെ സഞ്ചരിക്കരുത്, വഴിതെറ്റിക്കുന്ന ആളുകളുമായി സൗഹൃദവുമരുത്.
ഫാ. ജി. കടൂപ്പാറയില്‍ MCBS