സീറോ മലബാർ ഏലിയാ സ്ലീവാ മൂശാക്കാലം ആറാം വെള്ളി ഒക്ടോബർ 04 യോഹ 17: 9-19 എനിക്കു തന്നിട്ടുള്ളവയിൽ ഞാൻ മഹത്വപ്പെടുന്നു 

“ഞാന്‍ അവര്‍ക്കുവേണ്ടിയാണു പ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല. അങ്ങ് എനിക്കു തന്നവര്‍ക്കുവേണ്ടിയാണ് പ്രാര്‍ഥിക്കുന്നത്” (9). ശിഷ്യന്മാർക്കുവേണ്ടി പ്രാര്‍ഥിക്കുന്ന ഈശോയെയാണ് ഇന്ന് വചനം നമുക്ക് ധ്യാനിക്കാനായി നല്‍കുന്നത്. “ലോകത്തില്‍നിന്ന് അവരെ അവിടുന്ന് എടുക്കണമെന്നല്ല, ദുഷ്ടനില്‍നിന്ന് അവരെ കാത്തുകൊള്ളണമെന്നാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്” (15). ഇതാണ് ഈശോ ശിഷ്യര്‍ക്കായി പ്രാര്‍ഥിക്കുന്നത്.

താന്‍ തെരഞ്ഞെടുത്ത ശിഷ്യരെക്കുറിച്ച് ഈശോയ്ക്ക് എന്തുമാത്രം കരുതലുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. ദുഷ്ടരുടെയും പീഡകരുടെയുമിടയില്‍ തന്റെ ശിഷ്യര്‍ പിന്നീട് ജീവിക്കുമ്പോള്‍ അവര്‍ക്കു കാവലായി പിതാവായ ദൈവം ഉണ്ടാകണമെന്നാണ് ഈശോയുടെ ആഗ്രഹം. അത് പ്രാര്‍ഥനയിലൂടെ അവിടുന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ കാര്യത്തിലും ഈശോയ്ക്ക് ഇതേ കരുതലുണ്ടെന്ന് നമ്മള്‍ അറിയണം. ഈശോയെ അനുഗമിക്കുന്ന നമ്മള്‍ ദുഷ്ടരുടെ കെണികളില്‍ വീഴാതിരിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുകയും കെണികളെ അതിജീവിക്കാനുള്ള കരുത്തും ആവശ്യമായ സംരക്ഷണവും നമുക്കു നല്‍കുകയും ചെയ്യും.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.