സീറോ മലബാർ ഏലിയാ ശ്ലീവാ മൂശാക്കാലം നാലാം വെള്ളി സെപ്റ്റംബർ 20 ലൂക്കാ 20: 9-19 പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് 

ദൈവരാജ്യത്തിന്റെ മൂലക്കല്ലാണ് ഈശോ. ദൈവരാജ്യം അവനിലാണ് പണിയപ്പെട്ടിരിക്കുന്നത്. പക്ഷേ, യഹൂദ മതനേതാക്കള്‍ ഈശോയെ സ്വീകരിക്കുന്നില്ല. നിരസിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഈശോ, “പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു” എന്ന 118-ാം സങ്കീർത്തനം 22-ാം വചനം ഉദ്ധരിക്കുന്നു. നീതിമാന്മാർ യഹോവയുടെ കവാടത്തിലൂടെ എങ്ങനെ പ്രവേശിക്കുമെന്നു വ്യക്തമാക്കുന്ന സങ്കീര്‍ത്തനഭാഗമാണത്. “നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നുതരിക; ഞാന്‍ അവയിലൂടെ പ്രവേശിച്ച് കര്‍ത്താവിനു നന്ദിപറയട്ടെ. ഇതാണ്  കര്‍ത്താവിന്റെ കവാടം; നീതിമാന്മാര്‍ ഇതിലൂടെ പ്രവേശിക്കുന്നു. അവിടുന്ന് എനിക്ക് ഉത്തരമരുളി; അവിടുന്ന് എന്റെ പ്രാര്‍ഥന കേട്ട് എന്നെ രക്ഷിച്ചു; ഞാന്‍ അവിടുത്തേക്കു നന്ദിപറയും. പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു. ഇത് കര്‍ത്താവിന്റെ പ്രവൃത്തിയാണ്; ഇത് നമ്മുടെ ദൃഷ്ടിയില്‍ വിസ്മയാവഹമായിരിക്കുന്നു” (സങ്കീ. 118: 19-24).

യഹൂദനേതാക്കൾ ദൈവപുത്രനായ ഈശോയെ വധിച്ചേക്കാം. പക്ഷേ, അത് ദൈവത്തിന്റെ പദ്ധതിയെ തടയുന്നില്ല. 1 കൊറി. 3:11; എഫേ. 2:20 -ലും പറയുന്നതുപോലെ, യേശുവാകുന്ന അടിസ്ഥാനത്തിലാണ് എല്ലാം പണിയപ്പെട്ടിരിക്കുന്നതും പണിയപ്പെടുന്നതും. നമ്മുടെ ജീവന്റെയും ജീവിതത്തിന്റെയും അടിസ്ഥാനം ഈശോയാണെന്ന് നമ്മള്‍ വിസ്മരിക്കരുത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.