
ഒരു കാര്യം സത്യമാണെന്നു സാക്ഷ്യപ്പെടുത്തുന്നതിന് രണ്ട് സാക്ഷികൾ ആവശ്യമായ കാലമായിരുന്നു അത്. തന്റെ വ്യക്തിത്വത്തിനും ദൗത്യത്തിനും സാക്ഷ്യം വഹിക്കാൻ സ്നാപകയോഹന്നാനെയും (33) മോശയെയും (46) ഈശോ ഉദ്ധരിക്കുന്നു. പക്ഷേ, യഹൂദജനത ഈശോയെക്കുറിച്ചുള്ള ഈ രണ്ടുപേരുടെയും സാക്ഷ്യങ്ങൾ സ്വീകരിക്കാൻ വിസമ്മതിക്കുകയാണ്. ദൈവത്തിൽ നിന്നു വന്ന മഹത്വം സ്വീകരിക്കാൻ മടിക്കുന്ന, തന്നിൽ വിശ്വസിക്കാൻ മടിക്കുന്ന യഹൂദരോട് ആ സാഹചര്യത്തിൽ ഈശോ ചോദിക്കുകയാണ്, “പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍ നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും” (44).
വളരെ പ്രസക്തമായ ചോദ്യമാണിത്. ഈശോയുടെ ഈ ചോദ്യം നമ്മളോടാണ് ചോദിക്കുന്നതെന്നു വിചാരിക്കുക. എന്തായിരിക്കും നമ്മുടെ മറുപടി? ഒപ്പമുള്ളവരുടെ അംഗീകാരത്തിനു വേണ്ടി മാത്രം ശ്രമിക്കുമ്പോള്‍ അറിയാതെ തന്നെ നാം അവഗണിക്കുന്നത് ദൈവമഹത്വത്തെയാണ്. അംഗീകാരം ലഭിക്കേണ്ടത് ദൈവത്തില്‍ നിന്നാണ്; മനുഷ്യരില്‍ നിന്നല്ല എന്നോര്‍മ്മിക്കുന്നത് നല്ലതാണ്.
വേദപാരംഗതയായ സിയെന്നായിലെ വിശുദ്ധ കത്രീനായുടെ തിരുനാളാണിന്ന്. ആ വിശുദ്ധയുടെ ദൈവസ്നേഹവും മനുഷ്യസ്നേഹവും സഭാസ്നേഹവും നമുക്കും മാതൃകയാകട്ടെ.
ഫാ. ജി. കടൂപ്പാറയിൽ MCBS