
ദുഃഖശനി/ വലിയ ശനി എന്നത് പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് മനുഷ്യര്‍ക്ക് പ്രദാനം ചെയ്യുന്ന ദിനമാണ്. ഏത് സഹനത്തിനും സങ്കടത്തിനും രോഗത്തിനും പ്രശ്‌നത്തിനും ദുരിതത്തിനും ദൈവത്തിന്റെ മുൻപിൽ ഒരു പ്രതിവിധിയുണ്ടെന്നും അവിടുന്ന് നമ്മുടെ ജീവിതത്തില്‍ എല്ലാം നന്മയ്ക്കായി ക്രമീകരിക്കുമെന്നും ഉറച്ചുവിശ്വസിക്കേണ്ട ദിനം.
ഇസഹാക്കിനെ ബലികഴിക്കാന്‍ തയ്യാറാകുന്ന അബ്രാഹത്തില്‍, ദൈവഹിതത്തിനു കീഴ്വഴങ്ങി സഹനപാതയിലൂടെ നീങ്ങുന്ന മനുഷ്യന്റെ പ്രതിരൂപം നമ്മള്‍ കാണുന്നു. മൂന്ന് രാപ്പകലുകള്‍ മത്സ്യത്തിന്റെ ഉദരത്തില്‍ കഴിഞ്ഞിട്ട് പുറത്തുവന്ന യോനായില്‍, പ്രതീക്ഷയുടെ മുകുളം നമ്മള്‍ ദര്‍ശിക്കുന്നു. മിശിഹായോടൊപ്പം മരിക്കുന്നവര്‍ അവനോടൊപ്പം ജീവിക്കുമെന്ന വി. പൗലോസ് അപ്പസ്തോലന്റെ വാക്കുകള്‍, ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ സഹനങ്ങളെയും മിശിഹായോടു ചേര്‍ന്നു സഹിക്കാനുള്ള കരുത്ത് നമുക്കു നല്‍കുന്നു. കുരിശില്‍ മരിച്ച ഈശോ മൂന്നാം നാള്‍ ഉയിര്‍ത്തു എന്ന യാഥാര്‍ഥ്യം ക്രിസ്ത്യാനിയുടെ വിശ്വാസത്തിന്റെ, ജീവിതത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനമായി നിലകൊള്ളുന്നു. ഈ ശനി ദുഃഖത്തിന്റേതല്ല; പ്രതീക്ഷയുടെ ശനിയാണ്. കൂടുതല്‍ കരുത്തോടെ ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ദിനമായി ഈ ദിവസം മാറട്ടെ.
ഫാ. ജി കടൂപ്പാറയില്‍ MCBS