
സ്വർഗം എങ്ങനെയാണെന്ന് സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കു വന്ന യേശുവിന് അറിയാം. അവിടുന്ന് സ്വർഗീയരഹസ്യങ്ങൾ തന്റെ വാക്കിലൂടെയും പ്രവർത്തനങ്ങളിലൂടെയും പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യർക്ക് നിത്യജീവന്റെ അടയാളമായി ‘മനുഷ്യപുത്രൻ ഉയർത്തപ്പെടും’ എന്ന് യേശു ഇവിടെ പറയുന്നു. ഇതുകൂടാതെ, സുവിശേഷത്തിൽ രണ്ടുപ്രാവശ്യം ഉയർത്തപ്പെടുന്നതിനെക്കുറിച്ചും യേശു പറയുന്നു (8:28; 12:32). ‘ഉയർത്തപ്പെടും’ എന്നത് ഒന്നാമതായി കുരിശിൽ തറയ്ക്കപ്പെടുന്നതിനെക്കുറിച്ചും, രണ്ടാമതായി മഹത്വീകരിക്കപ്പെടുന്നതിനെ ഉദ്ദേശിച്ചുമാണ് യേശു പറഞ്ഞിരിക്കുന്നത്.
പഴയനിയമത്തിൽ, മരുഭൂമിയിൽ മോശ പിത്തളസർപ്പത്തെ ഉയർത്തിയതിനോടാണ് (സംഖ്യ 21:4–9) തന്റെ കുരിശിലെ ഉയർത്തപ്പെടലിനെ യേശു ഉപമിക്കുന്നത്. വാഗ്ദത്തനാട്ടിലേക്ക് മോശയുടെ നേതൃത്വത്തിൽ യാത്ര ചെയ്യുന്ന ഇസ്രായേൽ ജനം ചെങ്കടലിനരികെയെത്തിയപ്പോൾ ‘വിലകെട്ട ഈ അപ്പം തിന്ന് ഞങ്ങൾ മടുത്തു’ എന്നുപറഞ്ഞ് മോശയ്ക്കും ദൈവത്തിനുമെതിരെ പിറുപിറുത്തു. അതിന്റെ ശിക്ഷയായി ആഗ്‌നേയസർപ്പത്തിന്റെ ദംശനമേറ്റ് അനേകർ മരിക്കുന്നു. അപ്പോൾ ജനം മോശയോട് തങ്ങൾക്കുവേണ്ടി ദൈവത്തോടു പ്രാർഥിക്കാൻ യാചിക്കുന്നു. ദൈവം മോശയോട്, ഒരു പിച്ചളസർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തിവയ്ക്കാൻ പറയുന്നു. അവരുടെ പശ്ചാത്താപത്തിന്റെ അടയാളമായി സർപ്പത്തെ നോക്കുന്നവരെല്ലാം രക്ഷ പ്രാപിക്കുന്നു. സ്വർഗത്തിലേക്കുള്ള യാത്രയിലായിരിക്കുന്ന പുതിയനിയമ ജനത ദൈവത്തെ മറന്ന് പാപദംശനമേറ്റു മരിക്കാതിരിക്കാൻ കുരിശിൽ ഉയർത്തപ്പെട്ടിരിക്കുന്ന യേശുവിനെ നോക്കുക എന്നതാണ്. യേശുവിനെ നോക്കി വിശ്വാസത്തോടെ ജീവിക്കുന്നവർക്ക് സംലഭ്യമാകുന്നത് താൽക്കാലിക മരണത്തിൽ നിന്നുള്ള രക്ഷയെക്കാൾ നിത്യജീവനിലേക്കുള്ള വലിയ ജീവിതമാണ്.
പരിശുദ്ധമായ വലിയ നോമ്പിന്റെ മധ്യത്തിൽ നമ്മുടെ ദൈവാലയങ്ങളിൽ ഹൈക്കാലയുടെ മധ്യത്തിൽ ഗോഗുൽത്താ ഉയർത്തി പ്രാർഥിക്കുന്ന ദിവസമാണ്. രക്ഷാകരമായ കര്‍ത്താവിന്റെ സ്ലീബായുടെ മഹത്വത്തെ മനസ്സിലാക്കിത്തരുന്നതാണ് പകുതിനോമ്പ്. ഈ കുരിശിനാൽ നമ്മുടെ ദൈവാലയത്തിന്റെ നാലു ദിക്കിലും വസിക്കുന്ന എല്ലാവരെയും ആശീർവദിച്ച് ദൈവാനുഗ്രഹത്തിനായി നാം പ്രാർഥിക്കുന്നു. ദൈവാലയത്തിൽ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ‘നിന്റെ സ്ളീബാ ഞങ്ങൾക്ക് കോട്ടയും കാവലുമായി തീരണമേ’ എന്നു പ്രാർഥിച്ച് മ്നോർത്തായിലെ വിശുദ്ധ സ്ളീബായെ നാം വണങ്ങുന്നു. അങ്ങനെ പാപമോചനവും നിത്യരക്ഷയും ക്രിസ്തുവിലൂടെ പ്രാപിക്കുന്ന ദൈവജനമായി ദൈവം നമ്മെ രൂപപ്പെടുത്തുന്നു. കര്‍ത്താവിന്റെ കുരിശിനെ അടുത്തറിഞ്ഞ് മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും മനോഭാവത്തോടെ കുരിശിനെ സ്നേഹത്തോടെ പുൽകി അനുഗ്രഹം പ്രാപിക്കുന്നവരായി നമുക്കു മാറാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍