
യേശുവിന്റെ ദൈവികപ്രവർത്തനങ്ങളെ തിരിച്ചറിയാത്ത തലമുറയെ ഒരു ദുഷ്ടതലമുറയോട് അവിടുന്ന് ഉപമിക്കുന്നു. ഇപ്പോൾ അവർ യേശുവിൽനിന്ന് അടയാളം അന്വേഷിക്കുന്നത് വിശ്വസിക്കുന്നതിനു വേണ്ടിയല്ല. പിന്നെയോ, അവനിൽ കുറ്റം കണ്ടുപിടിക്കുന്നതിനാണ്. ഇതുവഴിയായി ദൈവത്തെ തന്നെയാണ് അവർ പരീക്ഷിക്കുന്നത്. വെളിച്ചത്തിലായിരിക്കുമ്പോഴും ഇപ്പോൾ ഇരുട്ടാണെന്ന് പരാതി പറയുന്നവർ ജീവിതത്തിൽ തിന്മയുടെ അന്ധത ബാധിച്ചവരാണ്. മരുഭൂമിയിൽവച്ച് ദൈവികാദ്ഭുതങ്ങൾ നേരിട്ടു ദർശിച്ചിട്ടും ദൈവത്തോട് മറുതലിച്ച ഇസ്രായേൽക്കാരുടെ പിന്മുറക്കാരാണിവർ.
ഇപ്പോൾ അവർക്ക് യേശു കൊടുക്കുന്ന അടയാളം യോനാ പ്രവാചകന്റേതാണ്. ഈ പ്രതീകത്തിന് പല അർഥതലങ്ങളുണ്ടെങ്കിലും പ്രധാനമായും യോനാ, നിനവേ ജനത്തിന് ദൈവത്തിന്റെ വിമോചനത്തിന്റെ അടയാളമായിരുന്നു. ഇവിടെ യേശു ദൈവത്തിന്റെ വിടുതൽ ഇസ്രയേൽ ജനത്തിനു നൽകാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട ദൈവപുത്രൻ തന്നെയാണ്. അതുപോലെ യോനാപ്രവാചകൻ വരാനിരിക്കുന്ന ദൈവികദണ്‌ഡനത്തിൽ നിന്നും രക്ഷപെടുന്നതിനായി ജനത്തെ മാനസാന്തരത്തിന് ആഹ്വാനം ചെയ്യുന്നു. അനുതപിച്ച് ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തിന്റെ രക്ഷ ദർശിക്കുന്നതിനുള്ള അനുഗ്രഹം ലഭിക്കുമെന്ന് യേശുവും പ്രസംഗിക്കുന്നു. ഇവിടെ വലിയ വ്യത്യാസം കാണാൻ സാധിക്കുന്നത് യോനായോട് പുറജാതികൾ പ്രതികരിച്ചത് അനുകൂലമായും, യേശുവിനോട് സ്വന്തം ജനം പ്രതികരിച്ചത് പ്രതികൂലമായും ആയിരുന്നു എന്നതാണ്. അതിനാൽ മനസാന്തരപ്പെടാത്ത ദുഷിച്ച തലമുറ ദൈവത്തിന്റെ ശിക്ഷാവിധി ഏറ്റുവാങ്ങും.
ദക്ഷിണദേശത്തെ രാജ്ഞി, സോളമന്റെ വിജ്ഞാനത്തെക്കുറിച്ച് കേട്ടറിഞ്ഞു വിദൂരത്തുനിന്നും ജെറുസലേമിലെത്തി (1 രാജാ. 10:1-13). അവൾ സോളമന്റെ വിജ്ഞാനം ദൈവത്തിൽനിന്നാണെന്ന് തിരിച്ചറിഞ്ഞു പ്രഘോഷിച്ചു: “അങ്ങയുടെ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ” (1 രാജാ. 10:9). പുറജാതിക്കാരിയായ അവർക്കുണ്ടായിരുന്ന വിവേകവും വിജ്ഞാനവും നന്മയും പോലും തന്റെ ജനത്തിനില്ലായെന്നു യേശു വിലപിക്കുന്നു. കാരണം, സോളമനെക്കാൾ ശ്രേഷ്ഠനായ ദൈവപുത്രനായ യേശുവിൽ നിന്നും അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടതിനുശേഷവും അവർ അവനിൽ വിശ്വസിക്കുന്നില്ല. വിധിദിവസത്തിൽ അവളുടെ പ്രവൃത്തി ഇസ്രായേൽ ജനത്തെ വിധിക്കുന്നതിന്റെ അളവുകോലായിത്തീരുമെന്നും യേശു പറയുന്നു. ഈ രണ്ടു സംഭവങ്ങളിലും പുറജാതികൾ ദൈവത്തിന്റ പ്രതിനിധിയിൽ വിശ്വസിക്കുകയും അതുമൂലം അനുഗ്രഹീതരായിത്തീരുകയും ചെയ്തു. നമ്മുടെ വിശ്വാസത്തിൽ ആഴപ്പെടുന്നതിനും അതുവഴിയായി ദൈവത്തിൽനിന്ന് അനേകം അനുഗ്രഹങ്ങൾ നേടിയെടുക്കുന്നതിനും നമുക്കിന്ന് പരിശ്രമിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍