
യേശുവിന്റെ പരസ്യജീവിതത്തിലെ ഏറ്റവും വലിയ അദ്ഭുതമായ ലാസറിനെ ഉയിർപ്പിക്കുന്നതാണ് നമ്മുടെ വിചിന്തന വിഷയം. ലാസർ മരിച്ച് കല്ലറയിൽ അടക്കിയതിന്റെ നാലാം ദിവസമാണ് യേശു ബഥനിയിലെ അവരുടെ ഭവനം സന്ദർശിക്കുന്നതും അവനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരുന്നതും. ഇതിനു മുൻപ് സിനഗോഗ് അധികാരിയായ ജായ്‌റോസിന്റെ മകളെയും (മർക്കോ. 5:22-43), നായിനിലെ വിധവയുടെ മകനെയും (ലൂക്കാ 7:11-16) യേശു മരിച്ചതിനുശേഷം ഉയർപ്പിക്കുന്നതായി സുവിശേഷം സാക്ഷിക്കുന്നു. അതിനാൽതന്നെ യേശു ജീവന്റെയും മരണത്തിന്റെയും നാഥനാണെന്ന് നേരത്തെതന്നെ തെളിയിക്കപ്പെട്ടിരിക്കുന്നു.
ലാസറിന്റെ മരണശേഷം നാലു ദിവസങ്ങൾ കാത്തിരുന്നതിന് ഒരുപക്ഷേ, യേശുവിന് കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണം. അക്കാലത്ത് മരിക്കുന്ന അന്നുതന്നെ അടക്കുക എന്നതായിരുന്നു യഹൂദാചാരം. ഏഴു ദിവസങ്ങൾ വീട്ടിലിരുന്ന് അവർ ദുഃഖം ആചരിച്ചിരുന്നു. മാത്രമല്ല, മരിക്കുന്ന ആളിന്റെ ആത്മാവ് മൂന്നുദിവസം ശരീരത്തിന്റെ കൂടെത്തന്നെ ഉണ്ടാകും എന്നൊരു വിശ്വാസവും നിലനിന്നിരുന്നു. ഈ വാദഗതി വച്ച് യേശു നേരത്തെ നടത്തിയ രണ്ടു ഉയർപ്പിക്കലുകളിലും അവർ മരിച്ചിട്ടില്ലായിരുന്നു എന്ന് ഫരിസേയർക്കും നിയമജ്ഞർക്കും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ എളുപ്പമായിരുന്നു. എന്നാൽ, ബഥനിയിൽ അവിടെയുണ്ടായിരുന്ന യഹൂദരെല്ലാംതന്നെ ലാസർ മരിച്ച് അടക്കപ്പെട്ടിട്ട് നാലുദിവസമായി എന്നതിനു സാക്ഷികളാണ്. ലാസറിനെ ഉയർപ്പിക്കുന്നത് അനേകം യഹൂദർ യേശുവിൽ വിശ്വസിക്കുന്നതിനു കരണമായിത്തീരുകയും ചെയ്തു. ഫരിസേയരും നിയമജ്ഞരും യേശുവിനെ ഇല്ലാതാക്കുന്നതിനായി തീവ്രമായി പരിശ്രമിക്കുന്നതിന്റെ കാരണമായി ഈ ഉയിർപ്പിക്കൽ പരിണമിക്കുന്നു. യേശുവിന്റെ മരണത്തിലൂടെയേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയിടുന്നതിന് അവർക്ക് സാധിക്കൂ. എന്നാൽ, യേശുവിന്റെ മരണം എല്ലാവർക്കും നിത്യജീവൻ ലഭിക്കുന്നതിന് നിദാനമായിത്തീരുമെന്ന് അപ്പോൾ അവര്‍ അറിഞ്ഞിരുന്നില്ല.
ലാസറിന്റെ മരണം യേശുവിനെ സംബന്ധിച്ച് വെറും ‘ഉറക്കം’ മാത്രമായിരുന്നു. എല്ലാ മരണങ്ങളും ദൈവിക കാഴ്ചപ്പാടിൽ ഉറക്കം മാത്രമാണ്. കാലപൂർണ്ണതയിൽ കർത്താവിന്റെ രണ്ടാമത്തെ വരവിൽ ഉറക്കത്തിലായവരെല്ലാം കാഹളനാദം മുഴങ്ങുമ്പോൾ ഉണരും. ലാസർ വീണ്ടും മരിച്ചുവെന്നതിനാൽ അവന്റെ ഉയിർപ്പിക്കലിൽ നിന്നും വ്യത്യസ്തമാണ് നമ്മുടെ ശരീരത്തിന്റെ പുനരുത്ഥാനം. ശരീരത്തിന്റെ പുനരുത്ഥാനത്തിൽ നമ്മുടെ ഇപ്പോഴത്തെ ശരീരം മഹത്വീകരിക്കപ്പെട്ട് രൂപാന്തരം പ്രാപിച്ച അവസ്ഥയിലായിരിക്കും. പ്രിയപ്പെട്ടവരുടെ മരണം നമുക്കെപ്പോഴും വേദന സമ്മാനിക്കും. പക്ഷേ, ബഥനിയിലെ ഈ കുടുംബത്തിലെപ്പോലെ യേശു നമ്മുടെ ഭവനത്തിലെ അംഗമാകുന്ന അവസ്ഥയിൽ നമ്മുടെ കൂടെ ‘കരയാനും’ നമ്മെ ആശ്വസിപ്പിക്കാനും അവിടുന്ന് എപ്പോഴുമുണ്ടാവും. ഇന്ന് നമ്മുടെ സങ്കടങ്ങളെല്ലാം യേശുവിന് നൽകിക്കൊണ്ട് അവിടുത്തെ ആശ്വാസം അനുഭവിക്കുന്നവരായി നമുക്കു മാറാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍