സീറോ മലങ്കര ഏപ്രിൽ 06 യോഹ. 9: 1-41 പിറവിക്കുരുടന് സൗഖ്യം (സമിയോ ഞായർ)

ഇന്നത്തെ വിശുദ്ധ ഗ്രന്ഥ സംഭവത്തിൽ അന്ധനായ മനുഷ്യൻ തന്നെ സുഖപ്പെടുത്താന്‍ ഈശോയോട് ആവശ്യപ്പെടുന്നില്ല എന്നു കണ്ടെത്താം. ശിഷ്യന്മാരുടെ സംശയത്തിനു മറുപടി നൽകുക എന്ന ഉദ്ദേശ്യത്തോടെ ക്രിസ്തുവാണ് അവന്റെ പക്കലേക്കുചെന്ന് അവൻ ആവശ്യപ്പെടാത്ത സൗഖ്യം അവനു നൽകുന്നത്. കണ്ണുകളിൽ ചെളി പുരട്ടിയതിനുശേഷം ദൂരെ സീലോഹായിൽ പോയി കഴുകുക എന്ന വിചിത്രമായ നിർദേശമാണ് ക്രിസ്തുവിൽനിന്ന് കുരുടന് ലഭിക്കുന്നത്. കണ്ണുകാണാത്ത ഒരുവൻ ഒരുപക്ഷേ, പരിചിതമല്ലാത്ത മറ്റൊരിടത്തേക്കു പോകാൻ ഏറ്റെടുക്കേണ്ട വിഷമതകളെ, അവ ഏറ്റെടുക്കാൻ ബാധ്യതയൊന്നും ഇല്ലാതിരുന്നിട്ടുകൂടി ഈ കുരുടൻ സ്വീകരിക്കുകയാണ്. അങ്ങനെ അവൻ സ്വീകരിച്ച അനുസരണത്തിന്റെ ത്യാഗയാത്രയാണ് അവന് കാഴ്ച നൽകിയത്. ക്രിസ്തു നൽകുന്ന ഉൾക്കാഴ്ചയിലേക്കു നയിക്കാൻ പ്രാപ്തിയുള്ള നിർദേശങ്ങളെ ത്യാഗപൂർവം അനുസരിക്കാൻ ഈ നോമ്പുകാലത്ത് നാം പരിശ്രമിക്കുന്നുണ്ടോ?

രണ്ടാമതായി, കാഴ്ച്ച ലഭിച്ചതിനുശേഷം ഇന്നേവരെ താൻ കണ്ടിട്ടില്ലാത്ത ക്രിസ്തുവിനുവേണ്ടി ധൈര്യപൂർവം നിലകൊള്ളുന്ന അന്ധനെ നമ്മൾ കാണുന്നു. തന്നെക്കുറിച്ച് പലരും പരസ്പരം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഒഴിഞ്ഞുമാറിപ്പോകാമായിരുന്നിട്ടും അത് ഞാൻ തന്നെയാണെന്നും യേശു തന്റെ കണ്ണു തുറന്നുവെന്നും ചങ്കൂറ്റത്തോടെ സമൂഹത്തോട് വിളിച്ചുപറയാൻ അവൻ തയ്യാറായി (9: 9-12). യേശു എന്നു പേരുള്ള ‘മനുഷ്യൻ’ എന്ന് ക്രിസ്തുവിനെപ്പറ്റി ജനങ്ങളോട് ഏറ്റുപറയുന്ന അവൻ, ഈശോ ഒരു പ്രവാചകനാണ് എന്ന് ഫരിസേയരോട് ധൈര്യസമേതം പ്രസ്താവിക്കുന്നു. താൻ ആവശ്യപ്പെടാത്ത ഒരു ഉപകാരം തനിക്കു ചെയ്തുതന്ന ഈശോയെ അങ്ങനെ പൊതുസമൂഹത്തിൽ ഏറ്റുപറഞ്ഞു നിന്ദിതനാകാതെ അവന്റെ മാതാപിതാക്കളെപ്പോലെ പ്രായോഗികതയുടെ കൗശലബുദ്ധി പ്രയോഗിക്കാൻ അവനും തയ്യാറായിരുന്നെങ്കിൽ സിനഗോഗിൽനിന്ന് പുറത്താക്കപ്പെടുക എന്ന വിധിയിൽ നിന്ന് അവന് ഒഴിഞ്ഞുമാറാമായിരുന്നു. എന്നാൽ കൗശലപൂർവമായ നന്ദിഹീനതയുടെ ‘പ്രായോഗികത’ അവൻ വേണ്ടെന്നുവച്ചു. നമ്മുടെ ജീവിതത്തിലും ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ട ഇടങ്ങളിൽ കൗശലത്തിൽ തുന്നിയ അമിത പ്രായോഗികതയുടെ കുപ്പായമണിഞ്ഞ് ക്രിസ്തുവിനെ തള്ളിപ്പറയുന്ന ശീലം കേരള ക്രൈസ്തവസമൂഹത്തിൽ വർധിച്ചുവരുന്നില്ലേ? ഈ അന്ധനെ നമുക്ക് ഒരു വെല്ലുവിളിയായി സ്വീകരിക്കാം.

അവസാനമായി, ഇന്നത്തെ വചനത്തിന്റെ ഏറ്റവും ഹൃദ്യമായ സുവിശേഷം അതിന്റെ അവസാന ഭാഗത്താണ്. തന്നെപ്രതി സിനഗോഗിൽനിന്നു പുറത്താക്കപ്പെട്ട, പൊതുസമൂഹത്തിന്റെ സ്വീകാര്യതകളെക്കാൾ ഉപരിയായി ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ക്രിസ്തുവിനെ ഹൃദയത്തിലേറ്റാൻ തയ്യാറായ ആ അന്ധനെ തേടി അവന്റെ ഒറ്റപ്പെടലുകളിലേക്ക് ക്രിസ്തു നേരിട്ട് ഇറങ്ങിവരുന്ന മനോഹരമായ കാഴ്ച. ഈശോയെപ്രതി നഷ്ടപ്പെടുത്തുന്നതൊന്നും നഷ്ടമല്ല; മറിച്ച് നേട്ടമാണെന്നു തോന്നിപ്പിക്കുന്ന സുന്ദരമായ രംഗം. മനുഷ്യൻ (9:11) എന്നും, പിന്നീട് പ്രവാചകൻ (9:17) എന്നും ക്രിസ്തുവിനെ അതിനു മുൻപ് മനസ്സിലാക്കിയ കുരുടൻ ഈശോയെ നേരിട്ട് കണ്ടുകഴിയുമ്പോൾ അവനെ വിളിക്കുന്നത് ‘കർത്താവേ’ (9:37) എന്നാണ്. യജമാനനും ഉടയവനുമായി ഈശോയെ സ്വീകരിക്കുന്ന വിശ്വാസവളർച്ചയുടെ പൂർണ്ണതയിലേക്ക് അവൻ എത്തുന്നു. ഈശോയെപ്രതി ഏറ്റെടുക്കുന്ന വേദനകൾ, ത്യാഗങ്ങൾ, ഒറ്റപ്പെടലുകൾ ഒക്കെ ഈശോ അറിയുന്നുവെന്നും അത്തരം അവസരങ്ങളിൽ അവൻ നമ്മുടെ ചാരെ വന്നുനിന്ന് ബലപ്പെടുത്തുന്നു എന്നുമുള്ള ഓർമ്മപ്പെടുത്തൽ നമുക്കും ഹൃദയത്തിൽ സ്വീകരിക്കാം.

ഫാ. മാത്യു പടയാനിക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.