ഇന്നത്തെ സുവിശേഷത്തിലൂടെ, ഒരു നല്ല ശിഷ്യനായിത്തീരാൻ ഒരുവൻ കൊടുക്കേണ്ടുന്ന വിലയെക്കുറിച്ചാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്. ഒന്നാമതായി, ശിഷ്യത്വം എന്നത് ശൂന്യവൽക്കരണത്തിന്റെയും ഉപേക്ഷയുടെയും ഒരു വിളിയാണ്. ഒരു നല്ല ശിഷ്യനാകാൻ ഇറങ്ങിത്തിരിക്കുന്നവൻ തനിക്കുള്ളതിനെയും തനിക്ക് പ്രിയപ്പെട്ടതിനെയുമൊക്കെ ഉപേക്ഷിക്കാൻ തയ്യാറാകണം. ഉല്പത്തി പുസ്തകത്തിൽ, അബ്രഹാമിനെ ദൈവം വിളിക്കുമ്പോഴും തനിക്കുള്ളതിനെയും തനിക്ക് പ്രിയപ്പെട്ടതിനെയും കുടുംബത്തെയുമൊക്കെ ഉപേക്ഷിക്കാൻ ദൈവം അബ്രഹാമിനോടു കൽപിക്കുന്നുണ്ട്. എല്ലാ ഉപേക്ഷകളും വേദനയുടെ ഒരു അനുഭവം തീർച്ചയായും നമുക്ക് പ്രദാനം ചെയ്യും. ആ വേദനയാണ് ഒരുവനെ ഒരു യഥാർഥ ശിഷ്യനായി രൂപാന്തരപ്പെടുത്തുന്നത്.
രണ്ടാമതായി, ശിഷ്യത്വം എന്നത് കുരിശുകൾ ഏറ്റെടുക്കാനുള്ള ഒരു വിളി കൂടിയാണ്. അനുദിന ജീവിതത്തിൽ ഒരുപാട് കുരിശ് അനുഭവങ്ങളിലൂടെ നാം കടന്നുപോകുന്ന നിമിഷങ്ങളുണ്ടാകും. നാം തെറ്റിധരിക്കപ്പെടുന്നതോ, മനസ്സിലാക്കപ്പെടാത്തതോ, പരിഹസിക്കപ്പെടുന്നതോ ആയ ഒരുപാട് നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴും അതിനെയൊക്കെ ക്രിസ്തുവിന്റെ കുരിശിനോട് ചേർത്തുവച്ചുകൊണ്ട് അതിനെ അതിജീവിക്കാൻ ഒരു ക്രിസ്തുശിഷ്യൻ പഠിക്കണമെന്ന് ഈശോ നമ്മെ ഓർമിപ്പിക്കുകയാണ്.
അങ്ങനെ ക്രിസ്തുവിനുവേണ്ടി നമുക്ക് പ്രിയപ്പെട്ടതിനെ ഉപേക്ഷിച്ച് അനുദിനജീവിതത്തിലെ കുരിശനുഭവങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചുകൊണ്ട് ഒരു നല്ല ശിഷ്യനായിത്തീരാൻ നമുക്ക് സാധിക്കട്ടെ.
ഫാ. എബ്രഹാം മുരുപ്പേൽ