സീറോ മലങ്കര ജൂൺ 19 മത്തായി 5: 38-42 തിന്മയെ നന്മ കൊണ്ട് ജയിക്കുക

തിന്മയെ നന്മ കൊണ്ട് ജയിക്കണമെന്ന യേശുവിന്റെ പ്രബോധനം ലോകചരിത്രം മാറ്റിമറിച്ച നൂതന ആശയമാണ്. ഫ്രഞ്ച് സാഹിത്യകാരനായ വിക്ടർ ഹ്യുഗോയുടെ (1802-1885) വിശ്വവിശ്രുത കൃതിയാണ് “പാവങ്ങൾ” (Les Misérables). ഏകദേശം 1400 പേജുകളുള്ള (ഇംഗ്ലീഷ് പതിപ്പ്) ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ജീൻ വാൽ ജീന്റെ ജീവിതം മാറ്റിമറിച്ചത് ബിഷപ്പ് മിറിയേലിന്റെ സുകൃതജീവിതവും സ്നേഹം നിറഞ്ഞ പെരുമാറ്റവുമാണ്. വിക്ടർ ഹ്യൂഗോ ഈ കഥാപാത്ര സൃഷ്ടിയിൽ മാതൃകയാക്കിയത് ഫ്രാൻ‌സിൽ ജീവിച്ചിരുന്ന ബിയെൻവേനു ദേ മിയോല്ലിസ് (1753-1843) എന്ന ബിഷപ്പിനെയായിരുന്നു.

ബിഷപ്പ് മിറിയേൽ വളരെ കരുണയുള്ളവനും തന്റെ പാവപ്പെട്ട ജനത്തെക്കുറിച്ച് കരുതലുള്ളവനുമായിരുന്നു. ജനങ്ങൾ അദ്ദേഹത്തെ മോൺസിഞ്ഞോർ ബിയെൻവേനു (സ്വാഗതം) എന്നാണ് വിളിച്ചിരുന്നത്. അദ്ദേഹം ബിഷപ്പിന്റെ വലിയ വസതി ആശുപത്രിക്കു വിട്ടുകൊടുത്തിട്ട് അവിടേയ്ക്ക് തന്റെ സഹോദരിയെയും വേറൊരു സഹായിയെയും കൂട്ടി താമസം തുടങ്ങി. തനിക്ക് ലഭിച്ച വരുമാനത്തിന്റെ തൊണ്ണൂറു ശതമാനവും മറ്റുള്ളവരെ സഹായിക്കാനായിരുന്നു അദ്ദേഹം ചിലവഴിച്ചത്. ഒരിക്കൽ രൂപതയിലെ ഒരു വൈദികൻ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു കുറ്റവാളിയെ അനുഗമിക്കാൻ വിസമ്മതിച്ചപ്പോൾ, ബിഷപ്പ് അയാളെ അനുഗമിക്കുകയും അങ്ങനെ ആ മനുഷ്യന്റെ മാനസാന്തരത്തിനു കാരണമാവുകയും ചെയ്തു.

ചെറുപ്പത്തിൽ പട്ടിണി കൊണ്ട് ബ്രഡ് മോഷ്ടിച്ച കുറ്റത്തിന് അഞ്ചുവർഷം ജയിൽശിക്ഷ ലഭിച്ച ജീൻ വാൽ ജീൻ എന്ന കുറ്റവാളി പലവിധ കാരണങ്ങളാൽ പത്തൊൻപതു വർഷം തടവിൽ കിടന്നു. കൊടും കുറ്റവാളിയെന്ന മഞ്ഞ പാസ്സ്പോർട്ടുമായി ഈ ഗ്രാമത്തിലെത്തിയ അയാളുടെ മുമ്പിൽ എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, എപ്പോഴും തുറന്നിരുന്ന ബിഷപ്പിന്റെ ഭവനത്തിൽ അത്താഴവും അന്തിയുറങ്ങാൻ ഇടവും ലഭിക്കുന്നു. രാത്രിയിൽ ബിഷപ്പിന്റെ ഭക്ഷണം കഴിക്കുന്ന വെള്ളിപ്പാത്രങ്ങളുമായി അയാൾ കടന്നുകളയുന്നു. പോലീസ് അയാളെ പിടിച്ച് തിരികെ ബിഷപ്പിന്റെ അരികിൽ കൊണ്ടുവരുമ്പോൾ, പാത്രത്തിന്റെ കൂടെ താൻ കൊടുത്ത വെള്ളി മെഴുതിരിക്കാലുകൾ എടുക്കാൻ മറന്നുപോയതിന് ബിഷപ്പ് അയാളെ വഴക്കുപറയുന്നു. ഒരു നല്ല മനുഷ്യനായി ജീവിക്കാനും ഈ വസ്തുക്കൾ കൊണ്ട് അദ്ദേഹത്തിന്റെ ആത്മാവിനെ നേടാനാണ് തന്റെ ഉദ്ദേശമെന്നും പറഞ്ഞ് അയാളെ തിരികെ അയക്കുന്നു. പിന്നീട് ദൂരെയൊരു പട്ടണത്തിൽ മറ്റൊരു പേരും സ്വീകരിച്ച് എല്ലാവരെയും സഹായിക്കുന്ന അവിടുത്തെ മേയറായി വലിയ നന്മയുള്ളവനായി ജീൻ വാൽ ജീൻ മരിക്കുന്നു. മരണസമയത്ത് ഒരു പുരോഹിതനെ ആവശ്യമുണ്ടോ എന്ന് അദ്ദേഹത്തോടു ചോദിക്കുമ്പോൾ ഒരാൾ തന്റെ അടുത്ത് എപ്പോഴുമുണ്ട് എന്ന് പറഞ്ഞുകൊണ്ട്, ബിഷപ്പ് മിറിയേൽ കൊടുത്ത വെള്ളി തിരിക്കാലിൽ എരിഞ്ഞുകത്തുന്ന മെഴുതിരി വെളിച്ചത്തിൽ അയാൾ അന്ത്യശാസം വലിക്കുന്നു. ലോകത്തിലെ എല്ലാ തിന്മകളെയും നമ്മിലെ നന്മയാൽ നമുക്കിന്ന് പരിവർത്തനപ്പെടുത്താം (കൂടുതൽ വിശദീകരണത്തിന് നവംബർ 29, മാർച്ച് 6, 21 തീയതികളിലെ വിചിന്തനം കാണുക).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.