തന്റെ ഭൗതികസമ്പത്തിൽ നിത്യമായി ആനന്ദിച്ചു ജീവിക്കാനാഗ്രഹിക്കുന്ന ഒരു ധനികന്റെ കഥയാണ് യേശു നമ്മോടു പറയുന്നത്. ഈ ധനികന് വലിയ വിളവുണ്ടായപ്പോൾ അവൻ തന്നോടുതന്നെ പറഞ്ഞു: “വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക!” ഈ മനോഭാവത്തിന് യേശു നൽകുന്ന ഉത്തരം: “മനുഷ്യജീവിതം സമ്പത്ത് കൊണ്ടല്ല ധന്യമാവുന്നത്” (12:15) എന്നാണ്. മിക്കപ്പോഴും സമ്പത്ത്, ആരോഗ്യം, സൗന്ദര്യം, ബുദ്ധി എന്നിവയിലാണ് ജീവിതവിജയം അടങ്ങിയിരിക്കുന്നത് എന്നതാണ് ലോകത്തിന്റെ ചിന്താഗതി. മത്തായിയുടെ സുവിശേഷത്തിൽ യേശു ഇപ്രകാരം ചോദിക്കുന്നു: “ഭക്ഷണത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും ശ്രേഷ്ഠമല്ലേ?” (6:25).
ഭൗതികാഭിവൃദ്ധിയിൽ ജീവിക്കുന്ന അനേകർ ഇന്ന് ആത്മീയദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. സമ്പന്നതയിൽ ജീവിക്കുമ്പോൾ ദൈവത്തിന്റെ ആവശ്യമില്ലെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഈ ലോകജീവിതത്തിൽ ഒന്നും ശാശ്വതമായി നിലനിൽക്കില്ലെന്ന് അനുഭവത്തിലൂടെ നമുക്കറിയാം. നമ്മൾ പാഴാക്കുന്ന ഭക്ഷണം, നമ്മൾ ധരിക്കാത്ത വസ്ത്രങ്ങൾ, നാം ഉപയോഗിക്കാത്ത കഴിവുകൾ – ഇവയൊന്നും നമ്മുടേതല്ല. അത് ഒന്നുമില്ലാത്തവരുടേതാണ്. വി. ഫ്രാൻസിസ് അസീസ്സിയുടെ പ്രസിദ്ധമായ വാചകം ഓർക്കുക: “കൊടുക്കുന്നതിലൂടെയാണ് നമുക്കു ലഭിക്കുന്നത്.” ഭൗതികാഭിവൃദ്ധിയാണ് വിജയകരമായ ജീവിതത്തിന്റെ മാനദണ്ഡമെന്ന ലോകത്തിന്റെ മനോഭാവത്തെയും ഈ സുവിശേഷഭാഗം ചോദ്യം ചെയ്യുന്നു. വലിയ സമ്പന്നനായിരുന്ന ജോൺ ഡി റോക്ക്ഫെല്ലറോട് ഒരു പത്രക്കാരൻ ഒരിക്കൽ ചോദിച്ചു: “സന്തോഷമായിരിക്കാൻ താങ്കൾക്ക് എത്രമാത്രം പണം ആവശ്യമാണ്?” അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “എപ്പോഴും ഒരു ഡോളർ കൂടി.”
ഈ കഥയിലൂടെ നിരവധി പാഠങ്ങളാണ് യേശു നമുക്ക് പകർന്നുതരുന്നത്. ഒന്നാമതായി, നമ്മുടെ ജീവിതത്തിലെ നിരവധി അനുഗ്രഹങ്ങൾക്ക് നാം ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. രണ്ടാമതായി, ദൈവത്തിന്റെ സ്ഥാനത്ത് മറ്റൊന്നിനെയും നാം പ്രതിഷ്ഠിക്കരുത്. അതെല്ലാം വെറും സൃഷ്ടവസ്തുക്കൾ മാത്രമാണ്. മൂന്നാമതായി, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ദൈവമക്കളാണ് നാം ഓരോരുത്തരും. അതിനാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം ദൈവത്തെ പ്രതിഫലിപ്പിക്കേണ്ടതുണ്ട്. നാലാമതായി, ദൈവമക്കളെന്ന നിലയിൽ നമ്മുടെ സഹോദരങ്ങളുടെ ആവശ്യങ്ങളിൽ നാം സഹായികളായിരിക്കണം. ഭൗതികവും മാനസികവും ആത്മീയവുമായ ദാരിദ്ര്യത്തെ അഭിമുഖീകരിക്കുന്ന ധാരാളം ആളുകൾ ലോകത്തിലുണ്ട്. അവരുടെ ജീവിതത്തിൽ നാം ദൈവത്തിന്റെ സാന്നിധ്യമായി മാറണം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍