സീറോ മലങ്കര ഒക്ടോബർ 06 ലൂക്കാ 16: 13-18 ദൈവവും ധനവും

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

പെട്ടെന്ന് സമ്പന്നരാകുന്നതിനുള്ള വഴികളന്വേഷിച്ച് അതിക്രമങ്ങളിൽ ഏർപ്പെടുന്നവരും ഒരുപാട് സമ്പത്ത് ശേഖരിച്ച് നിരാശയിൽ ജീവിക്കുന്നവരും ഇന്നത്തെ ലോകത്തിൽ എല്ലായിടത്തുമുണ്ട്. സമ്പത്തുള്ള രാജ്യങ്ങളും പ്രസ്ഥാനങ്ങളും വ്യക്തികളും എല്ലാം നിയന്ത്രിക്കുന്ന അവസ്ഥയും വളരെ പ്രകടമാണ്. ‘മാമോൻ’ (ממון) എന്ന ഹീബ്രുവാക്കിന്റെ അർഥം ‘പണം’, ‘സമ്പത്ത്’ എന്നൊക്കെയാണ്. മധ്യകാലയുഗത്തിലെ പല പ്രശസ്‌ത കൃതികളിലും മാമോനെ സമ്പത്തിന്റെ ദൈവമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ യേശു ദൈവത്തെയും ധനത്തെയും താരതമ്യപ്പെടുത്തിക്കൊണ്ടു സംസാരിക്കുന്നു. യേശുവിന്റെ കാലത്തെ യവന-റോമൻ സംസ്‌കാരങ്ങളിൽ ഒരു അടിമയ്ക്ക് പല യജമാന്മാരെ സേവിക്കാനും പരസ്പരധാരണയോടെ ഉടമകൾക്ക് അവരെ പങ്കുവയ്ക്കാനും സാധിച്ചിരുന്നു. എന്നാൽ, യജമാനന്മാർ ശത്രുക്കളാകുമ്പോൾ ഇത്തരത്തിലൊരു ധാരണ നടപ്പാകില്ലായിരുന്നു.

സമ്പത്ത് അതിൽത്തന്നെ തിന്മയായി യഹൂദസംസ്കാരത്തിൽ കരുതപ്പെടുന്നില്ല. മാത്രമല്ല, സമ്പത്ത് ദൈവത്തിന്റെ അനുഗ്രഹമായി കരുതുകയും ചെയ്തിരുന്നു. എന്നാൽ സ്രഷ്ടാവെന്ന നിലയിൽ എല്ലാത്തിന്റെയും ഉടമ ദൈവം തന്നെയാണ്. അതുകൊണ്ട് സമ്പത്തിനെ ദൈവത്തിന്റെ സ്ഥാനത്തു പ്രതിഷ്ഠിക്കുമ്പോൾ അത് പാപമായി പരിണമിക്കും. ഭൗതികസംവിധാനങ്ങൾ ദൈവമഹത്വത്തിനായും മനുഷ്യനന്മയ്ക്കായും ഉപയോഗിക്കുമ്പോൾ അത് കൈകാര്യം ചെയ്യുന്നവർക്ക് അനുഗ്രഹത്തിനുള്ള ഉപാധിയാണ്. സമ്പത്തെല്ലാം സ്വന്തമെന്നു കരുതുന്നവർക്ക് ദൈവത്തെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. നിത്യതയിൽ സമ്പന്നത കണ്ടെത്തി അതിനുവേണ്ടി തങ്ങളുടെ ജീവിതം സമർപ്പിക്കുന്നവരാണ് യഥാർഥത്തിൽ വിവേകികളും വിജ്ഞാനികളുമായ ദൈവമക്കൾ.

ഫരിസേയരുമായുള്ള സംവാദത്തിൽ ദൈവത്തിന്റെ പദ്ധതിയിൽ നിയമം എന്തെന്ന് യേശു വ്യക്തമാക്കുന്നു. യോഹന്നാൻ സ്നാപകൻ വരെയായിരുന്നു നിയമത്തിന്റെയും പ്രവാചകന്മാരുടെയും ആവശ്യം. ഇപ്പോൾ യേശുവിന്റെ വരവോടുകൂടി മുൻകൂട്ടി പറഞ്ഞതൊക്കെ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ സ്നാപകയോഹന്നാൻ പഴയനിയമത്തെയും പുതിയ നിയമത്തെയും ബന്ധിപ്പിക്കുന്ന അവസാനകണ്ണിയാണ്. പ്രവാചകനെന്ന നിലയിൽ പഴയനിയമത്തിലും സുവിശേഷം പ്രസംഗിക്കുന്നതിനാൽ പുതിയനിയമത്തിലും ഉൾപ്പെട്ടിരിക്കുന്നു. യോഹന്നാൻ പ്രസംഗിക്കുന്ന സുവിശേഷം മിശിഹായുടെ വരവിനെക്കുറിച്ചുള്ളതാണ്. യേശുവിലൂടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന സ്വർഗരാജ്യത്തിൽ പ്രവേശിക്കാനാണ് യോഹന്നാനും ജനത്തെ ആഹ്വാനംചെയ്യുന്നത്. ഇവിടെ ഫരിസേയർ പറയുന്ന നിയമമനുസരിച്ചു ജീവിക്കുന്നവർ മാത്രമല്ല, അന്ധരും മുടന്തരും കുഷ്ഠരോഗികളും പാവങ്ങളും ചുങ്കക്കാരും പാപികളും യേശുവിന്റെ സ്വർഗരാജ്യത്തിൽ പ്രവേശിക്കാൻ അനുഗ്രഹവും അനുവാദവും ലഭിച്ചിരിക്കുന്നവരാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.