സീറോ മലങ്കര ഒക്ടോബർ 05 ലൂക്കാ 6: 46-49 വി. ഫൗസ്റ്റീന

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇന്ന് ലോകമാസകലം പ്രസരിച്ചിരിക്കുന്ന ദൈവകരുണയുടെ ദിവ്യദർശന വെളിപാടുകൾ ലഭിച്ച വി. ഫൗസ്റ്റീനയുടെ തിരുനാളാണ്. ഈ വിശുദ്ധയുടെ ഡയറിക്കുറിപ്പുകളിൽക്കൂടി വെളിപ്പെടുത്തപ്പെട്ട സത്യങ്ങളാണ് ഇന്നത്തെ നമ്മുടെ ദൈവകരുണാഭക്തിയുടെ അടിസ്ഥാനം.

1925 ആഗസ്റ്റ് 25-ന് പോളണ്ടിലെ ഗ്ലോഗോവിയെക് എന്ന ഗ്രാമത്തിൽ സ്റ്റനിസ്ലാവോസ് കോവോൾസ്കിയുടെയും മരിയാന്നയുടെയും മൂന്നാമത്തെ മകളായിട്ടാണ് ഹെലേന ജനിക്കുന്നത്. വിശുദ്ധ കുർബാനയുടെ ആരാധനയ്ക്കിടയിൽ ഏഴാം വയസ്സിൽ സന്യാസത്തിലേക്ക് ദൈവം തന്നെ വിളിക്കുന്നുവെന്ന് അവൾക്കു തോന്നി. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മഠത്തിൽ ചേരാനുള്ള ആവശ്യത്തെ മാതാപിതാക്കന്മാർ എതിർത്തു. പത്തൊൻപതാമത്തെ വയസ്സിൽ വീട്ടിലറിയിക്കാതെ വാഴ്സോയിലേക്ക് മഠത്തിൽ ചേരാനായി പോകുന്നു. അനേകം മഠങ്ങളിൽ അനുവാദം നിഷേധിക്കപ്പെട്ട് അവസാനം ‘മാതാവിന്റെ കാരുണ്യത്തിന്റെ സഹോദരിമാരുടെ’ സമൂഹത്തിൽ ചേർന്ന് 1926 ഏപ്രിൽ 30-ന് സി. മരിയ ഫൗസ്റ്റീന എന്ന പേരിൽ ആദ്യവ്രതം സ്വീകരിക്കുന്നു.

സന്യാസജീവിതം ആരംഭിച്ച് ഏതാനും വർഷങ്ങൾക്കകം ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ ഫൗസ്റ്റീനായിലുണ്ടായി. 1931 ഫെബ്രുവരി 22-ന് യേശു തൂവെള്ള വസ്ത്രധാരിയായി, ഹൃദയത്തിൽനിന്നും ചുവപ്പും ഇളം നീലനിറവുമുള്ള പ്രകാശകിരണങ്ങൾ പ്രസരിപ്പിച്ച് അവൾക്ക് പ്രത്യക്ഷപ്പെടുന്നു. തന്റെ ഈ ചിത്രം വരച്ച് അതിനടിയിൽ “യേശുവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു” എന്ന് എഴുതാൻ അവിടുന്ന് ആവശ്യപ്പെട്ടുവെന്ന് അവൾ തന്റെ ഡയറിയിൽ കുറിച്ചു. ചിത്രകല വശമില്ലാതിരുന്ന ഫൗസ്റ്റീനായെ സഹായിക്കാൻ മറ്റു സിസ്റ്റേഴ്സാരും തയ്യാറായില്ല.

വിൽനിയൂസ് (ഇന്നത്തെ ലിത്വേനിയയുടെ തലസ്ഥാനം) കോൺവെന്റിലായിരിക്കുമ്പോൾ അവിടുത്തെ കുമ്പസാരക്കാരനായിരുന്ന ഫാ. മൈക്കിൾ സോപോക്കോയോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം ഒരു മനോരോഗ വിദഗ്‌ദ്ധനെയും മെഡിക്കൽ ഡോക്ടറെയുംകൊണ്ട് സി. ഫൗസ്റ്റീനായെ പരിശോധിക്കണമെന്നു നിർദേശിച്ചു. എന്നാൽ അവളെ പരിശോധിച്ച ഡോക്ടറർമാർ, യാതൊരു തരത്തിലുള്ള രോഗങ്ങളും അവളിലില്ലെന്ന് സാക്ഷ്യപ്പെടുത്തി. തത്ഫലമായി ഫാ. മൈക്കിൾ, സി. ഫൗസ്റ്റീനായിൽ വിശ്വസിക്കുകയും അവളുടെ വെളിപാടുകൾ ഒരു ഡയറിയിൽ കുറിച്ചുവയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. അദ്ദേഹം തന്നെയാണ് യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന എവ്ജീൻ കാസിമിറോവ്സ്കി എന്ന ചിത്രകാരനിലൂടെ സി. ഫൗസ്റ്റീന പറഞ്ഞരീതിയിൽ ദൈവകരുണയുടെ ആദ്യചിത്രം വരയ്ക്കുന്നത്. ഇക്കാലയളവിൽ പ്രസിദ്ധമായ കരുണയുടെ ജപമാല സി. ഫൗസ്റ്റീന രൂപപ്പെടുത്തി. 1938 ഒക്ടോബർ 5-ന് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ തന്റെ നിത്യസമ്മാനത്തിനായി സി. ഫൗസ്റ്റീന പോയെങ്കിലും അപ്പോഴേക്കും ദൈവകരുണയുടെ ഭക്തി വേഗം പ്രചരിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് പോളണ്ടുകാരനായ മാർപാപ്പ വി. ജോൺ പോൾ രണ്ടാമൻ ഈ ഭക്തിക്ക് പ്രചുരപ്രചാരം നൽകുകയും സി. ഫൗസ്റ്റീനയെ 2000 ഏപ്രിൽ 30-ന് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുകയും ചെയ്തു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.