യേശുവിന്റെ പരസ്യജീവിതത്തിൽ അവിടുന്ന് ഇതുവരെയും ചെയ്തുകൊണ്ടിരുന്ന പ്രധാനപ്പെട്ട രണ്ട് ദൗത്യങ്ങൾ ഇവിടെ പറയുന്നു: സുവിശേഷം പ്രസംഗിക്കുക, രോഗികളെ സുഖപ്പെടുത്തുക. ക്രിസ്തുവിലൂടെ കൈവരുന്ന പുതുജീവിതമാണ് സുവിശേഷം സ്വീകരിക്കുന്നതിലൂടെ സംഭവിക്കുന്നത്. യേശുവിനെ രക്ഷകനായി സ്വീകരിക്കുന്നവർ അത് മറ്റുള്ളവർക്ക് നല്‍കുന്നതുവഴി വീണ്ടും അനേകർ യേശുവുമായുള്ള വ്യക്തിബന്ധത്തിലേക്കു വരുന്നു. ഇനിയും ദൈവസാന്നിധ്യത്തിന്റെ ലക്ഷണമാണ് പിശാച് ഒരുവനിൽനിന്നും പുറത്തുപോവുന്നത്. ദൈവം വാസം സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ പിശാചിന് ഒരിക്കലും പ്രവേശനമില്ല. അതുപോലെ പിശാചിന്റെ പ്രവർത്തനങ്ങൾ സജീവമാകുന്നിടത്ത് ദൈവസാന്നിധ്യം അന്യമാവുകയും ചെയ്യും. ഇവിടെ യേശു പിശാചുക്കളെ പുറത്താക്കുന്നു എന്നുപറയുമ്പോൾ മനുഷ്യഹൃദയങ്ങൾ യേശുവിനുവേണ്ടി പരിവർത്തനം ചെയ്യപ്പെടുന്നു എന്നുകൂടിയാണ് അർഥമാക്കുന്നത്.
ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന് അവരോട് അനുകമ്പ തോന്നി. സുവിശേഷത്തിൽ യേശുവിന്റെ അദ്ഭുതപ്രവർത്തങ്ങൾ തന്റെ ജനത്തോടുള്ള അനുകമ്പയുടെ ലക്ഷണമാണ്. അനുകമ്പ എന്നത് ഹൃദയത്തിൽനിന്നും ഉരുവാകുന്ന ആഴമായ വൈകാരികപ്രകടനമാണ്. ഇവിടെ ശരിയായ നേതൃത്വത്തിന്റെ അഭാവത്തിൽ തന്റെ ജനം അലയുന്നതു കാണുമ്പോഴാണ് യേശുവിന് അനുകമ്പ തോന്നുന്നത്. എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ, അഴിമതിയിൽ അഭിരമിക്കുന്ന ഇടയന്മാരുടെ അതിക്രമം കാരണം ദൈവജനം വലയുമ്പോൾ ദൈവം തന്നെ ആടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നു പറയുന്നു. അങ്ങനെ വാഗ്ദാനം ചെയ്ത ദാവീദിന്റെ ഇടയവംശത്തിലെ ദൈവം അയച്ച ഇടയാനാണ് യേശുക്രിസ്തു. വലിയൊരു പ്രവചനത്തിന്റെ പൂർത്തീകരണമാണ് യേശു ചെയ്യുന്ന ഇടയവൃത്തി.
യേശുവിന്റെ പ്രബോധനത്തിലാകൃഷ്ടരായി അനേകർ അവിടുത്തെ അനുഗമിക്കുന്നു. വിളവ് അധികമുണ്ടെങ്കിലും ഇസ്രായേലിൽ ഇപ്പോൾ ശരിയായ വേലക്കാർ ചുരുക്കമാണ്. അതിനാൽ സ്വർഗത്തിലെ ദൈവം അനുയോജ്യരായ അനേകം വേലക്കാരെ അയയ്ക്കുന്നതിനുവേണ്ടി അവിടുത്തോട് പ്രാർഥിക്കുവിൻ എന്ന് യേശു പറയുന്നു. അങ്ങനെ ദൈവജനത്തിന്റെ പ്രാർഥനയുടെ ഫലമായി ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വേലക്കാരാണ് അവിടുത്തെ ശിഷ്യന്മാർ. നമ്മുടെ വിശ്വാസജീവിതത്തിന്റെ പരിപോഷണത്തിന് എല്ലായ്‌പ്പോഴും നല്ല വേലക്കാർ ആവശ്യമാണ്. ദൈവത്താൽ അയയ്ക്കപ്പെടുന്ന, യേശുവിനെ പ്രതിനിധീകരിക്കുന്ന, ദൈവരാജ്യവേലക്കാരെയാണ് നമുക്കിന്ന് ആവശ്യം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷനറിമാരായി ജോലിചെയ്യുന്ന എല്ലാവരെയും നമ്മുടെ പ്രാർഥനയിൽ ഓർക്കാം. അവരുടെ പ്രവർത്തനങ്ങളിലൂടെ സുവിശേഷം ശരിയായി പ്രസംഗിക്കപ്പെടുന്നതിനും പൈശാചികബന്ധനങ്ങളിൽ നിന്നും ദൈവജനം വിമോചിതരാകുന്നതിനും സാധിക്കട്ടെയെന്നും നമുക്ക് പ്രാർഥിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍