സീറോ മലങ്കര ഡിസംബർ 01 ലൂക്കാ 1: 39-45 ശുശ്രൂഷാമനോഭാവം 

ഇന്നേദിവസം തിരുസഭാമാതാവ് നാം ഓരോരുത്തരുടേയും പ്രാര്‍ഥനയ്ക്കും വിചിന്തനത്തിനുമായി നല്കിയിരിക്കുന്ന തിരുവചനഭാഗം വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 39 മുതല്‍ 45 വരെയുള്ളതാണ്. ഇന്നത്തെ വചനഭാഗത്തിന്റെ ഇതിവൃത്തം എന്നുപറയുന്നത് പരിശുദ്ധ മറിയം എലിസബത്തിനെ സന്ദര്‍ശിക്കുന്നതും മറിയത്തിന്റെ അഭിവാദനസ്വരം കേള്‍ക്കുമ്പോള്‍ ശിശു എലിസബത്തിന്റെ ഉദരത്തിനുള്ളില്‍ കുതിച്ചുചാടുന്നതും എലിസബത്ത് മറിയത്തെ പ്രശംസിക്കുന്നതുമാണ്. ഈയൊരു വചനഭാഗത്തിന്റെ വെളിച്ചത്തില്‍ മറിയത്തിന്റെ ശുശ്രൂഷാമനോഭാവമാണ് നാം ധ്യാനിക്കുക.

“നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം” (മര്‍ക്കോ. 10:43) എന്ന യേശുതമ്പുരാന്റെ വചനത്തെ അതിന്റെ സാരാംശത്തില്‍ ഉള്‍ക്കൊണ്ടു ജീവിച്ചവളാണ് മറിയം. എവിടെയും ഹൃദയശാന്തതയോടു കൂടിയും എളിമയോടു കൂടിയും ശുശ്രൂഷാമനോഭാവത്തില്‍ വ്യാപരിക്കാന്‍ അമ്മ ശ്രദ്ധിച്ചു.

ഒരു സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് ഏറ്റവും ശ്രദ്ധയും പരിചരണവും ആവശ്യമുള്ളത് ഗര്‍ഭധാരണ സമയത്താണ്. തന്റെ ഗര്‍ഭധാരണ സമയത്ത് ഈശോയെയും ഉദരത്തില്‍ വഹിച്ചുകൊണ്ട് അവള്‍ തന്റെ ഇളയമ്മയെ പരിചരിക്കാന്‍ യാത്രയായതാണ് നാം വായിച്ചുകേട്ടത്. അവിടുന്ന് ദൈവത്തിന്റെ അമ്മയാകാനുള്ള വിളി ലഭിച്ചപ്പോള്‍ ജനിക്കാന്‍പോകുന്ന രക്ഷകന്റെ മനോഭാവത്തെ ഹൃദയത്തില്‍ പുല്‍കിക്കൊണ്ട്, രക്ഷകന് വഴിയൊരുക്കാന്‍ വന്നവന്റെ അമ്മയെ ശുശ്രൂഷിക്കുന്ന മറിയത്തെയാണ് സുവിശേഷകന്‍ നമുക്കു മുമ്പില്‍ ചിത്രീകരിക്കുക.

ഈയൊരു വചനഭാഗത്തിലൂടെ പരിശുദ്ധ അമ്മ നമ്മോടു പറയുക, മറിയം തന്റെ ജീവിതത്തിലൂടെ നമുക്ക് പകര്‍ന്നുതന്ന ഈ ശുശ്രൂഷാമനോഭാവം നാം ആയിരിക്കുന്ന ജീവിതതലത്തില്‍ മുറുകെപ്പിടിക്കുക എന്നതാണ്. അത് കുടുംബജീവിതമോ, ഏകാന്തജീവിതമോ ആകാം. മറ്റുള്ളവരുടെ മുമ്പില്‍ പരിശുദ്ധ മറിയത്തെപ്പോലെ എളിമയോടെ ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

ഫാ. അജോ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.