
ഇന്ന് നമ്മുടെ സഭയൊന്നാകെ പരേതരായ വിശ്വാസികളെ അനുസ്മരിക്കുന്ന ആനീദെ ഞായറാണ്. ‘ആനീദെ’ എന്ന സുറിയാനി വാക്കിന്റെ അർഥം ‘വാങ്ങിപ്പോയ ആള്‍’ (മരിച്ച വ്യക്തി) എന്നാണ്. ഇന്നത്തെ വേദഭാഗത്ത്, ജീവൻ നൽകുന്നതും അത് സംരക്ഷിക്കുന്നതും പിതാവായ ദൈവമാണെന്നു യേശു പറയുന്നു. ഈ ഭൂമിയിൽ തന്റെ പ്രവർത്തനങ്ങളിലൂടെ പിതാവിന്റെ ജീവൻ നൽകുന്നതായ ദൗത്യം യേശു തുടരുന്നു: “ഞാൻ വന്നിരിക്കുന്നത് അവർക്ക് ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ. 10:10). ഇതിനോടു ചേർത്ത് മറ്റൊരു നിത്യസത്യം കൂടി യേശു നമ്മോടു പറയുന്നു. “ദൈവവചനം കേൾക്കുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് നിത്യജീവൻ ലഭിക്കും.” അതുകൊണ്ട് ദൈവവചനം കേട്ട് അതിനനുസരിച്ചു ജീവിച്ച നമ്മുടെ പരേതരായ എല്ലാ വിശ്വാസികളെയും ഓർത്ത് നമുക്കിന്ന് പ്രാർഥിക്കാം. അവരുടെ ഈ ലോകത്തിലെ ജീവിതത്തിലൂടെ നമുക്കു ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിപറയുകയും ചെയ്യാം.
ക്രിസ്തീയവിശ്വാസത്തിന്റെയും നമ്മുടെയെല്ലാം പുനരുത്ഥാനത്തിന്റെയും അടിസ്ഥാനം യേശു മരണത്തിന്റെമേൽ വിജയം വരിച്ചതാണ്. തന്റെ ഉത്ഥാനം വഴി പുതിയ ജീവനിലേക്കുള്ള വാതിലുകൾ നമുക്കു മുമ്പിൽ അവിടുന്ന് തുറന്നുതന്നു. യേശു തന്റെ പുനരുത്ഥാനത്തിലൂടെ മരണത്തെ പരാജയപ്പെടുത്തുകയും യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ അവകാശമാക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. അതുകൊണ്ട് ‘കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുകയും നിത്യജീവനിലേക്ക് ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.’ കാരണം, യേശു മരണത്തെ പരാജയപ്പെടുത്തി അതിന്റെ എല്ലാ ശക്തികളെയും നശിപ്പിച്ചു.
ദൈവം, തന്റെ ജീവൻ മനുഷ്യരുമായി പങ്കുവയ്ക്കാനാഗ്രഹിച്ചതിന്റെ അനന്തരഫലമാണ് നമ്മുടെ നിത്യജീവൻ. ജീവിച്ചിരിക്കുന്നവർക്കുവേണ്ടി നാം പ്രാർഥിക്കുമ്പോൾ ദൈവം കേൾക്കുന്നെങ്കിൽ, മരിച്ചുപോയ നമ്മുടെ വിശ്വാസികളായ സഹോദരങ്ങൾക്കുവേണ്ടിയുള്ള പ്രാർഥനയ്ക്കും ഉത്തരം നൽകാൻ കഴിവുള്ളവനാണ് നമ്മുടെ ദൈവം. ഇവിടെ മരിച്ചവരുടെ പട്ടികയിലാണ് നമ്മുടെ പരേതരുടെ പേരെങ്കിലും, സ്വർഗത്തിൽ അത് ജീവന്റെ പുസ്തകത്തിൽ എഴുതിച്ചേർക്കപ്പെടുന്നതിനു വേണ്ടിയാണ് ഇപ്പോൾ നാം പ്രാർഥിക്കേണ്ടത്. നമ്മുടെയെയും നമ്മുടെ പരേതരുടെയും ജീവിതത്തിലെ എല്ലാ കുറവുകൾക്കും ദൈവത്തിന്റെ കരുണയുടെ ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടിയും നമുക്കിന്നു പ്രാർഥിക്കാം. അതുപോലെ, നാമോരോരുത്തരും ഇവിടെ താല്‍ക്കാലിക വാസത്തിനു വന്ന തീർഥാടകരാണെന്ന ചിന്തയോടെ നമ്മുടെയെല്ലാം നിത്യഭവനമായ സ്വർഗത്തെ ലക്ഷ്യം വച്ചുകൊണ്ട് നമ്മുടെ ഈ ലോകത്തിലുള്ള യാത്ര തുടരുകയും ചെയ്യാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍