തന്റെ സ്വർഗാരോഹണത്തിനുമുമ്പ് സുവിശേഷപ്രഘോഷണം എന്ന പ്രഥമദൗത്യം ശിഷ്യന്മാരെ യേശു ഭരമേല്പിക്കുന്ന വേദഭാഗമാണിത്. ഇത്രയുംനാൾ കുറച്ചുപേർക്കു വേണ്ടി മാത്രമായി നല്കപ്പെട്ടിരുന്ന ഈ സുവിശേഷജ്വാല ഇനിയും ലോകംമുഴുവൻ കത്തിപ്പടരാനുള്ളതാണ്. സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ അവസാന വാക്കുകളാണിവ. ഇതിനുശേഷം അവരുടെ മുമ്പിൽ വച്ചുതന്നെ യേശു സ്വർഗത്തിലേക്കു കരേറുകയായിരുന്നു. ഇനിയും എന്താണ് നാം പ്രസംഗിക്കേണ്ടുന്ന ഈ സുവിശേഷം? സുവിശേഷം എന്ന മലയാളപദം ‘ഏവൻഗേലിയോൻ’ എന്ന ഗ്രീക്ക് വാക്കിൽനിന്നും വരുന്നതാണ്. ‘സദ്വാർത്തയുടെ പ്രഖ്യാപനം’, ‘രക്ഷയുടെ സന്ദേശമറിയിക്കുക’ എന്നൊക്കെയാണ് ഇത് അർഥമാക്കുന്നത്.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ‘നസറേത്തിലെ യേശു’ എന്ന പുസ്തകത്തിൽ ഈ വാക്കിന്റെ അർഥം വളരെ മനോഹരമായി വിശദീകരിച്ചിട്ടുണ്ട്. റോമൻ ചക്രവർത്തിമാരുടെ പദാവലിയിലുണ്ടായിരുന്ന അവർക്കുമാത്രം അവകാശപ്പെട്ടിരുന്ന ഒരു വാക്കായിരുന്നു ഇത്. ചക്രവർത്തിമാർ തങ്ങളെത്തന്നെ ജനങ്ങളുടെമുമ്പിൽ അവർക്കു രക്ഷയും ജീവനും നല്കുന്നവരായി അവതരിപ്പിച്ചു. അവരുടെ സന്ദേശങ്ങളെല്ലാം, അതിന്റെ ഉള്ളടക്കം എന്തുതന്നെ ആയിരുന്നാലും സാധാരണക്കാർക്ക് ‘ഏവൻഗേലിയോൻ’ (സദ്വാർത്ത) ആയിരുന്നു. ചക്രവർത്തിമാരുടെ നാവിൽനിന്നു വരുന്നതെന്തും ഒരു സാധാരണ വർത്തമാനമല്ല. മറിച്ച്, അത് കേൾക്കുന്നവർക്കു രക്ഷയും സൗഖ്യവും പ്രദാനംചെയ്യുന്ന ജീവദായകമായ സന്ദേശമായിരുന്നു. അത് കേൾക്കുന്നതുവഴിയായി ലോകം കൂടുതൽ മെച്ചവും പൂർണ്ണവുമാകുന്നു. “ചക്രവർത്തിമാർ അനധികൃതമായി അവകാശപ്പെട്ടിരുന്ന കാര്യങ്ങൾ യേശുവിൽ നിയമാനുസൃതം അന്വർഥമായിരിക്കുന്നു. യേശുവിൽ ഈ ഏവൻഗേലിയോൻ മനുഷ്യരൂപം പ്രാപിച്ച് ലോകത്തിൽ പ്രവേശിച്ച് എല്ലാവരുടെയും രക്ഷയ്ക്കു കരണമായിത്തീർന്നു” (നസറത്തിലെ യേശു, വാല്യം I, 47). അതിനാൽ സുവിശേഷവൽക്കരണമെന്നു പറയുന്നത് യേശുവിനെക്കുറിച്ചു പറയുന്നതു മാത്രമല്ല, യേശുവുമായിട്ടുള്ള നമ്മുടെ തന്നെ വ്യക്തിബന്ധവും മറ്റെല്ലാവരെയും ഈ വ്യക്തിബന്ധത്തിൽ ആക്കിത്തീർക്കുന്നതുമാണ്.
യേശുക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതം, കുരിശുമരണം, ഉത്ഥാനം ഇവയിലൂടെ മനുഷ്യകുലത്തിനു കൈവന്ന രക്ഷ എല്ലാവർക്കും അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് ഇത് എല്ലാവരോടും പ്രസംഗിക്കപ്പെടേണ്ടത്. പെന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവ് ശിഷ്യസമൂഹത്തിന്റെമേൽ വന്നതുമുതൽ ഇന്നുവരെ അനസ്യൂതം ക്രിസ്തുശിഷ്യരായ അനേകരിലൂടെ ഈ ദൗത്യം തുടർന്നുകൊണ്ടേയിരിക്കുന്നു. ഓരോദിവസവും നമ്മുടെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവരുടെമുമ്പിൽ യേശുവിനെ നമുക്കും പ്രഘോഷിക്കാം.
ഫാ. മാത്യു ചാര്ത്താക്കുഴിയില്