ജെറുസലേം ദൈവാലയത്തിൽ ധാരാളം ഗ്രീക്കുകാർ ആരാധനയ്ക്കായി എപ്പോഴും വന്നിരുന്നു. എന്നാൽ, പ്രധാനപ്പെട്ട തിരുനാളുകളിൽ പല ദേശങ്ങളിൽനിന്നുള്ള യഹൂദരും പുറജാതികളും പതിവിലും കൂടുതലായി എത്തിയിരുന്നു. ഇപ്പോൾ തിരുനാളിനെത്തിയ കുറെ ഗ്രീക്കുകാർ യേശുവിനെ അന്വേഷിക്കുന്നു. അതുവരെ ദൈവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്തുനിന്നും ഏറ്റവും അകലെയായി നിർമ്മിച്ചിരുന്ന ‘പുറജാതികളുടെ കോർട്ടിൽ’ നിന്ന് ദൈവത്തെ വിളിച്ചിരുന്ന ഇവർക്കൊക്കെ യേശുവിലൂടെ സത്യദൈവത്തെ വളരെ അടുത്തുകാണാനുള്ള അവസരം കൈവന്നിരിക്കുന്നു.
എന്തു കാരണത്താലാണ് പുറജാതികളായ ഗ്രീക്കുകാർ ജെറുസലേം ദൈവാലയത്തിൽ ആരാധനയ്ക്കായി വന്നത്? സാധാരണഗതിയിൽ, ഒരാൾ ജന്മംകൊണ്ടാണ് യഹൂദനാകുന്നത്. പുറജാതിയായ ഒരാൾക്ക് യഹൂദനിയമങ്ങളനുസരിച്ചു ജീവിക്കുക പ്രയാസമാണെന്നതിനാൽ മറ്റുള്ളവർ തങ്ങളുടെ മതത്തിലേക്കു ചേരുന്നത് സാധാരണയായി അവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ, സാംസന്റെയും സോളമന്റെയും ഭാര്യമാർ ഉൾപ്പെടെ വിരളമായി ആളുകൾ യഹൂദമതത്തിൽ ചേരുകയും ചെയ്തിരുന്നു. ഇന്നും മതപഠനവും പരിച്ഛേദനവും പേരുമാറ്റവും ഉൾപ്പെടെ വളരെ നീണ്ട ഒരു പ്രക്രിയയിലൂടെ കടന്നുപോയെങ്കിൽമാത്രമേ ഒരുവനു യഹൂദനാകാൻ സാധിക്കൂ.
പുറജാതികൾക്കും സത്യദൈവത്തെ അറിയാനും ആരാധിക്കാനുമുള്ള അവകാശമുണ്ടെന്നതിനാൽ അതിനുള്ള അവസരം ജെറുസലേം ദൈവാലയത്തിൽ ചെയ്തുകൊടുത്തിരുന്നു. ജെറുസലേം ദൈവാലയത്തിനു പ്രധാനമായും നാലുഭാഗങ്ങൾ (courts) ഉണ്ടായിരുന്നു. പുരോഹിതന്മാരുടെ സ്ഥലം, ഇസ്രായേൽക്കാരുടെ സ്ഥലം, സ്ത്രീകളുടെ സ്ഥലം, പുറജാതികളുടെ സ്ഥലം. ഏറ്റവും പുറത്തുള്ള പുറജാതികളുടെ സ്ഥലത്തായിരുന്നു മിക്കപ്പോഴും എല്ലാത്തരത്തിലുമുള്ള കച്ചവടവും നാണയമാറ്റവുമൊക്കെ നടത്തിയിരുന്നതും. ഇപ്പോൾ ഗ്രീക്കുകാരുടെ ഈ അന്വേഷണം വലിയൊരു അടയാളമായിട്ടാണ് യേശു പറയുന്നത്. യേശുക്രിസ്തുവിലൂടെ കൈവന്ന രക്ഷ മനുഷ്യകുലത്തിനു മുഴുവനായിട്ട് നല്കപ്പെടുന്നതിന്റെ അടയാളം. അതുകൊണ്ടാണ് യേശു പറയുന്നത്: “മനുഷ്യപുത്രൻ മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” പുറത്തുനിന്നിരുന്ന അനേകർ യേശുവിലൂടെ രക്ഷയുടെ സുവിശേഷം സ്വീകരിക്കുന്നതുവഴി അകത്തുപ്രവേശിക്കാൻ പോവുകയാണ്. ഇപ്പോൾ സ്വർഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പുതിയ ദൈവാലയം ദൈവപുത്രനായ യേശുക്രിസ്തുവാണ്. യേശുവിലൂടെ ലഭ്യമായ നിത്യജീവന് കരസ്ഥമാക്കാൻ നമ്മുടെ ആത്മീയജീവിതം അതിനനുസൃതമായി നമുക്കിന്നു ക്രമീകരിക്കാം.
ഫാ. മാത്യു ചാര്ത്താക്കുഴിയില്