സീറോ മലങ്കര സെപ്റ്റംബർ 27 മത്തായി 25: 31-40 മറ്റുള്ളവരിൽ നിങ്ങൾ എന്നെ കണ്ടോ?

നമ്മുടെ ക്രിസ്തീയജീവിതം ഈ ലോകജീവിതത്തോടെ അവസാനിക്കുന്ന ഒന്നല്ല, മറിച്ച് അത് സ്വർഗരാജ്യം എന്ന ഒറ്റലക്ഷ്യം മുൻനിർത്തിയുള്ള യാത്രയാണ്. സ്വർഗരാജ്യപ്രവേശനത്തിനുള്ള മാനദണ്ഡമായി യേശു ചോദിക്കുന്നു: “മറ്റുള്ളവരിൽ നിങ്ങൾ എന്നെ കണ്ടോ?”

ഫ്രാൻസിസ് പാപ്പ ജനങ്ങളുമായുള്ള സന്ദർശനവേളയിൽ ഏതാനും ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. അവയുടെ രത്നചുരുക്കം ഇപ്രകാരമാണ്. ഒന്നാമതായി പാപ്പ ചോദിക്കുന്നു: “നിങ്ങൾ എപ്പോഴെങ്കിലും ഭിക്ഷ കൊടുത്തിട്ടുണ്ടോ?” അവിടെ ഉണ്ടായിരുന്ന ഭൂരിഭാഗംപേരും തങ്ങളുടെ കരമുയർത്തി. രണ്ടാമതായി പാപ്പ ചോദിക്കുന്നു: “ഭിക്ഷ കൊടുത്തപ്പോൾ എപ്പോഴെങ്കിലും ഭിക്ഷക്കാരന്റെ കൈയിൽ സ്പർശിച്ചിട്ടുണ്ടോ?” പലരുടെയും കൈകൾ താഴ്ന്നു. മൂന്നാമതായി പാപ്പ ഇപ്രകാരം ചോദിച്ചു: “ഭിക്ഷ കൊടുത്തപ്പോൾ എപ്പോഴെങ്കിലും അവരുടെ കണ്ണുകളിൽ നോക്കിയിട്ടുണ്ടോ?” എല്ലാവരും തന്നെ കൈകൾ താഴ്ത്തി. പാപ്പ ഇപ്രകാരം പറഞ്ഞു: “നാം അന്വേഷിക്കുന്ന ക്രിസ്തുവിനെ അപരന്റെ കണ്ണുകളിൽ കണ്ടെത്തണം.”

നാം ആരുംതന്നെ ഒറ്റപ്പെട്ട തുരുത്തുകളല്ല. അപരന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അപരനിൽ ക്രിസ്തുവിനെ ദർശിച്ച് അപരോന്മുഖമായ ഒരു ക്രിസ്തുദർശനം രൂപപ്പെടുത്തിയെടുക്കുമ്പോഴാണ് നമ്മുടെ ജീവിതം കൂടുതൽ ധന്യമാകുന്നത്. കൊറോണയുടെ ഈ കാലഘട്ടത്തിൽ മറ്റുള്ളവരുടെ ആവശ്യങ്ങൾകൂടി കണ്ടറിഞ്ഞ് നമ്മുടെ ക്രിസ്തുസ്നേഹം മറ്റുള്ളവരിലേക്കുകൂടി പകർന്നുകൊടുക്കാൻ നമുക്ക് പരിശ്രമിക്കാം.

ഫാ. ജിതിന്‍ തടത്തില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.