സ്വർഗരാജ്യത്തിന്റെ അവസ്ഥാവിശേഷങ്ങൾ പൂർണ്ണമായും അറിയാവുന്നത് യേശുവിനു മാത്രമാണ്. മാനുഷീക അറിവിനെ അതിലംഘിക്കുന്ന ദിവ്യമായ അനുഭവമായതുകൊണ്ട് നമുക്ക് മനസ്സിലാകുന്ന ഭാഷയിൽ ഉപമകളിലൂടെ അത് പറഞ്ഞുതരാനാണ് യേശു പരിശ്രമിക്കുന്നത്. ഈ ഉപമകൾ തന്നെ ആഴത്തിൽ ചിന്തിച്ച് അർഥം ഗ്രഹിക്കേണ്ടവയാണ്. അങ്ങനെ ഒരു വലിയ കാര്യത്തെ വിശദമാക്കാൻ യേശു ഒരു ചെറിയ വിത്തിനെ ഉപയോഗപ്പെടുത്തുന്നു. ഇതിന്റെ ‘ചെറുതായിരിക്കുന്ന’ ഇന്നത്തെ അവസ്ഥയിൽ അതിന്റെ ‘വലിപ്പം’ ഉൾക്കൊണ്ടിട്ടുണ്ട്. വിത്തുകളിൽ ഏറ്റവും ചെറുതെന്നതും വളരുമ്പോൾ ഏറ്റവും വലുതെന്നതും ആശയം പകർന്നുനൽകുന്നതിനുള്ള ഓരു ഭാഷാപ്രയോഗമായി കണ്ടാൽമതിയാകും.
ചെറിയ ഈ വിത്ത് ഒരുപാട് ശാഖകളുള്ള വലിയ ചെടിയായി വളരുന്നത് ഭാവിയിൽ സംഭവിക്കാൻപോകുന്ന ദൈവരാജ്യ വളർച്ചയെ കാണിക്കുന്നു. യേശുവിന്റെ കാലത്ത് പലസ്തീനായിലെ ചില പ്രദേശങ്ങളിൽമാത്രം ഒതുങ്ങിനിന്ന ഈ ദൈവരാജ്യ വളർച്ച ഇന്ന് എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ആ ചെറിയ കടുകുമണി വളർന്ന് ലോകത്തിന്റെ എല്ലാ കോണിലും അതിന്റെ ശാഖകൾ എത്തപ്പെട്ടിരിക്കുന്നു. ഇത് കേവലം മനുഷ്യന്റെ പ്രയത്നം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല. പിന്നെയോ, ദൈവീക ഇടപെടലിന്റെ തെളിവ് കൂടിയാണ്. ഉപമകളാൽ ജനങ്ങളോട് സംസാരിച്ച യേശു അതിന്റെ അർഥം തന്റെ ശിഷ്യന്മാർക്ക് പിന്നീട് മിക്കപ്പോഴും വിവരിച്ചുകൊടുക്കുന്നു.
യേശുവിന്റെ പ്രസംഗം കേട്ടതുകൊണ്ടുമാത്രം അതിന്റെ അർഥം കേൾവിക്കാരന് പൂർണ്ണമായും മനസ്സിലായിക്കൊള്ളണമെന്നില്ല. ശിഷ്യന്മാരെപ്പോലെ, പലപ്പോഴും അവിടുത്തെ അടുത്തിരുത്തി അതിന്റെ അർഥം വെളിപ്പെടുത്തിത്തരണേയെന്ന് യേശുവിനോട് നാം പ്രാർഥിക്കുകയും വേണം. പ്രാർഥനാമനോഭാവത്തോടെ മാത്രമേ ദൈവവചനം വായിക്കാവൂ. എങ്കിലേ അതിന്റെ ആന്തരികാർഥം മനസ്സിലാവൂ. അതുകൊണ്ട് ഇന്ന് നമുക്ക് അഗ്രാഹ്യമായ വേദഭാഗങ്ങളുടെ അർഥം മനസ്സിലാക്കുന്നതിന് യേശുസന്നിധിയിലിരുന്നു നാം പ്രാർഥിച്ചു ധ്യാനിക്കണം. ഇങ്ങനെയാണ് സാധാരണക്കാരും അജ്ഞരെന്നു കരുതിയവരുമായ ഒരുപാട് വിശുദ്ധർ വലിയ ദൈവികരഹസ്യങ്ങൾ മനസ്സിലാക്കിയതും മറ്റുള്ളവർക്ക് അതിന്റെ അർഥം പകർന്നുനൽകിയതും. കസേരയിലിരുന്ന് വായിച്ച് വ്യാഖാനം എഴുതുന്നതിനെക്കാൾ പ്രധാനപ്പെട്ടതാണ് മുട്ടുകുത്തി നിന്ന് ദൈവവചനം പ്രാർഥിച്ചു ധ്യാനിക്കുന്നത്.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍