സീറോ മലങ്കര ഒക്ടോബർ 29 ലൂക്കാ 8: 22-25 കൊടുങ്കാറ്റിനെ ശാന്തമാക്കുന്നു

യേശുവും ശിഷ്യന്മാരും വഞ്ചിയിൽ ഗലീലക്കടലിന്റെ ഒരു കരയിൽനിന്നും മറുകരയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. യേശുവിന്റെ ജീവിതത്തിലെ നിർണ്ണായക സംഭവങ്ങൾക്കു വേദിയായ സ്ഥലമാണ് ഗലീലിക്കടലും അതിന്റെ തീരങ്ങളിലുള്ള മത്സ്യബന്ധനഗ്രാമങ്ങളും. ശിഷ്യന്മാരെ വിളിക്കുന്നതും അപ്പം വർധിപ്പിക്കുന്നതുമെല്ലാം ഗലീലക്കടലിന്റെ തീരത്തിലാണ്. 13 മൈൽ നീളവും ഏഴു മൈൽ വീതിയും കൊച്ചുമലകളാൽ ചുറ്റപ്പെട്ടതുമായ മനോഹരമായ പ്രകൃതിസൗന്ദര്യമുള്ള ഒരു ശുദ്ധജലതടാകമാണ് ഗന്നേസറേത്ത്, തിബേരിയസ്, ഗലീലി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ഈ തടാകം. ഈ തടാകത്തിന്റെ ചുറ്റിലുമുള്ള ചെറിയ കുന്നിൻമുകളിൽനിന്നു വീശുന്ന കാറ്റിനാൽ ചില സമയങ്ങളിൽ അപ്രതീക്ഷിതമായി തിരമാലകളുണ്ടാവുകയും അത് ഗലീലക്കടലിൽ കൊടുങ്കാറ്റായി രൂപപ്പെടുകയും ചെയ്യാറുണ്ട്.

ഇന്നത്തെ യാത്രയിൽ പകലത്തെ അധ്വാനത്തിന്റെ ക്ഷീണത്താൽ യേശു വഞ്ചിയിൽക്കിടന്ന് ഉറങ്ങുകയായിരുന്നു. പഴയനിയമത്തിലെ പ്രവാചകൻ യോനായുടെ പ്രസിദ്ധമായ കപ്പൽയാത്രയുടെ ചെറിയ അനുസ്മരണം ഇവിടെ ഉണ്ടാകുന്നു. അവിടെ കടൽക്ഷോഭമുണ്ടാകുമ്പോൾ എല്ലാവരും താന്താങ്ങളുടെ ദൈവങ്ങളെ വിളിച്ചു പ്രാർഥിക്കുന്നു (യോനാ 1:4-5). എന്നാൽ ഇവിടെ ശിഷ്യന്മാർ യേശുവിനെ വിളിച്ചുണർത്തുന്നു. കൊടുങ്കാറ്റിലും ശാന്തമായുറങ്ങുന്ന യേശു ശിഷ്യന്മാരുടെ ‘ഗുരോ’ എന്ന വിളിയിൽ ഉടൻതന്നെ ഉണരുന്നു. പഴയനിയമത്തിൽ ദൈവത്തെ തങ്ങളെ രക്ഷിക്കുന്നതിനായി സങ്കീർത്തകൻ പ്രാർഥിച്ചുണർത്തുന്ന ധാരാളം സന്ദർഭങ്ങളുണ്ട് (35:23; 44:24). “കർത്താവിന്റെ ഭുജമേ, ഉണരുക, ഉണർന്ന്  ശക്തി ധരിക്കുക” (ഏശ. 51:9) എന്ന് ഏശയ്യാ പ്രവാചകനും പ്രാർഥിക്കുന്നു. ദൈവജനത്തിന്റെ വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയിൽ ദൈവം ചെങ്കടൽ വിഭജിച്ച്  വഴിയൊരുക്കുന്നു. അതുപോലെ പുതിയ നിയമത്തിൽ യേശു, തന്നെ അനുയാത്ര ചെയ്യുന്നവരെ കാറ്റിലും കോളിലും അകപ്പെടുമ്പോൾ രക്ഷിക്കുന്നു.

‘നിങ്ങളുടെ വിശ്വാസം എവിടെ?’ എന്ന ശിഷ്യന്മാരോടുള്ള യേശുവിന്റെ ചോദ്യം ഓരോ ക്രിസ്തീയവിശ്വാസിയോടുമുള്ളതാണ്. കാരണം, ഈ കടൽയാത്ര നമ്മുടെ ജീവിതത്തിന്റെ പ്രതീകമാണ്. കാറ്റും കോളുമുള്ള ഈ കടൽ നമ്മുടെ ജീവിതവും നമ്മുടെ സമൂഹവും നമ്മുടെ ഹൃദയവുമൊക്കെയാണ്. ജീവിതത്തിലെ ഏതു പ്രതിസന്ധിഘട്ടങ്ങളിലും നമുക്ക് ആശ്രയിക്കാവുന്ന നമ്മുടെ ജീവിതത്തോണിയുടെ അമരക്കാരനാണ് യേശു. ഈ യേശുസാമീപ്യസ്മരണയിലാണ് പൗലോസ് ശ്ലീഹ പറയുന്നത്: “എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോഴാണ് ഞാൻ ശക്തനായിരിക്കുന്നത്” (2 കോറി. 12:10). വീഴ്ചയിൽ, ഭയത്തിൽ, ആകുലതകളിൽ നമുക്ക് ആശ്രയിക്കാവുന്ന രക്ഷകനാണ് നമ്മുടെ യേശു. ഇന്ന് നമ്മുടെ എല്ലാ ജീവിതകൊടുങ്കാറ്റുകളിൽനിന്നും സംരക്ഷിക്കപ്പെടുന്നതിനുള്ള ഒരേയൊരു മാർഗം  യേശുവിനെ നമ്മുടെ ജീവനവഞ്ചിയിൽ കുടിയിരുത്തുക എന്നതാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.