
ഉത്ഥാനാനന്തരം യേശു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി. അപ്പോള്‍ തോമസ് ഉണ്ടായിരുന്നില്ല. അവിടുന്ന് തങ്ങള്‍ക്ക് പ്രത്യക്ഷപ്പെട്ട വസ്തുത മറ്റു ശിഷ്യന്മാര്‍ തോമസിനോടു പറഞ്ഞു. എന്നാല്‍ അദ്ദേഹം അത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. യേശു ഉയിര്‍ക്കുമെന്നു പറഞ്ഞിരുന്നെങ്കിലും അത് ശിഷ്യര്‍ മനസ്സിലാക്കിയിരുന്നില്ല. എമ്മാവൂസിലേക്കു പോയ ശിഷ്യരുടെ കൂടെ ഉത്ഥിതന്‍ നടന്ന് തിരുവചനം ഉദ്ധരിച്ചിട്ടും അവര്‍ അവിടുത്തെ തിരിച്ചറിഞ്ഞില്ലല്ലോ. എല്ലാവര്‍ക്കും പൊതുവായ ഈ അവിശ്വാസം തോമസിനും ഉണ്ടായിരുന്നു. അതിലപ്പുറം ഉത്ഥിതനായ യേശുവിനെ കണ്ടേ തീരൂ എന്ന തീവ്രദാഹം കൊണ്ടാവാം തോമസ് അങ്ങനെ പ്രതികരിച്ചത്.
പിന്നീട് തോമസ് ഉള്ളപ്പോള്‍ യേശു ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ട്, തന്നെ തൊട്ടറിയാന്‍ യേശു അദ്ദേഹത്തെ ക്ഷണിച്ചപ്പോള്‍ ആഴമേറിയ വിശ്വാസത്തോടും തീവ്രമായ ആശ്രയബോധത്തോടും കൂടി ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന വലിയ വിശ്വാസപ്രഖ്യാപനം നടത്തി. വി. പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിനു തുല്യമായ (മത്തായി 16:16) വിശ്വാസപ്രഘോഷണം.
ഇങ്ങനെ പറയാന്‍ കഴിയുന്നൊരു നിമിഷം എന്നാണ് നമുക്കൊക്കെ കൈവരിക. യേശു ജീവിക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ യേശുവിനെ കണ്ടുമുട്ടുമ്പോള്‍ തോമസിനെപ്പോലെ ഈ ഒരു വിശ്വാസപ്രഘോഷണം നമുക്കു നടത്താം.
പ്രാര്‍ഥന: ദൈവമേ, ഞങളുടെ വിശ്വാസത്തെ ആഴപ്പെടുത്തണമേ. പലപ്പോഴും ഞങ്ങളുടെ വിശ്വാസം ബാലഹീനമാണെന്ന് അങ്ങ് അറിയുന്നുവല്ലോ !
ഫാ. പോള്‍ കാരാമേല്‍ കോയിക്കല്‍