സീറോ മലങ്കര ഫെബ്രുവരി 24 മത്തായി 14: 1-12 സ്നാപകന്റെ ശിരച്ഛേദം

ബി സി 4 മുതൽ എ ഡി 39 വരെ ഗലീലയിലെ ഭരണകർത്താവായിരുന്ന ഹേറോദേസ് അന്തിപ്പാസ് ‘മഹാനായ ഹേറോദേസി’ന്റെ മക്കളിലൊരാളായിരുന്നു. യേശുവിന്റെ പ്രവർത്തനങ്ങൾ കണ്ടിട്ട്, യോഹന്നാൻ മരിച്ചവരിൽനിന്നും ഉയർത്തെഴുന്നേറ്റിരിക്കുന്നുവെന്ന് ഇയാൾ ചിന്തിക്കുന്നു. അതിന്റെ പ്രധാന കാരണം യേശുവിന്റെയും സ്നാപകന്റെയും പ്രവർത്തനങ്ങളിലെയും സന്ദേശങ്ങളിലെയും സാമ്യമായിരിക്കാം. എന്നാൽ, യോഹന്നാൻ എന്തെങ്കിലും അദ്ഭുതം പ്രവർത്തിച്ചിരുന്നതായി സുവിശേഷത്തിലൊരിടത്തും പറയുന്നുമില്ല. ഇവിടെ ഹേറോദേസ്, പുറജാതികൾ മാത്രം നടത്തിയിരുന്ന ജന്മദിനാഘോഷവും നൃത്തവുമൊക്കെ നടത്തുന്നതുവഴി അവന്റെ അപഥസഞ്ചാരം വെളിപ്പെടുത്തുകയും ചെയ്യുന്നു.

യോഹന്നാൻ സ്നാപകനെ ഹേറോദേസ് അന്തിപ്പാസ് കാരാഗൃഹത്തിലാക്കുന്നു. അതിന്റെ കാരണം, അയാളുടെ ഭാര്യയായിരുന്ന ഫസേലിസിനെ, അവള്‍ ജീവിച്ചിരിക്കെത്തന്നെ ഉപേക്ഷിച്ചിട്ട് ഹെറോദിയായെ നിയമവിരുദ്ധമായി ഭാര്യയാക്കിയതിനെ യോഹന്നാൻ പരസ്യമായി എതിർത്തതാണ്. തന്റെ അർധസഹോദരനായ ഫിലിപ്പോസിന്റെ ഭാര്യയും ഇയാളുടെ അനന്തിരവളും ആയിരുന്നു ഹെറോദിയ. രണ്ടുപേരും അവരുടെ പങ്കാളികളെ ഉപേക്ഷിച്ചിട്ടാണ് ഇത്തരത്തിലുള്ള ബന്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. യഹൂദസമൂഹത്തിന്റെ മുമ്പിൽ ഈ ബന്ധം ഒരിക്കലും അംഗീകരിക്കപ്പെടില്ലായിരുന്നു. ലേവ്യരുടെ പുസ്തകത്തിൽ പറയുന്നു: “സഹോദരഭാര്യയെ പരിഗ്രഹിക്കുന്നത് അവിശുദ്ധമാണ്. അവൻ തന്റെ സഹോദരന്റെ തന്നെ നഗ്നതയാണ് അനാവൃതമാക്കുന്നത്. അവർക്ക് സന്താനങ്ങൾ ഉണ്ടാകരുത്” (20:21). എന്നാൽ, സഹോദരന്റെ മരണശേഷം അയാളുടെ ഭാര്യയെ വിവാഹം കഴിക്കുന്നതിന് യഹൂദനിയമം അനുവദിച്ചിരുന്നു (നിയ. 25:5-6).

റോമൻ ഭരണത്തെ അനുകൂലിച്ചിരുന്ന യഹൂദനായ ഹേറോദേസിന്റെ അവിഹിതത്തെക്കുറിച്ച് പരസ്യമായി എന്തെങ്കിലും പറയാൻ ആരും ധൈര്യപ്പെട്ടില്ല. എന്നാൽ യോഹന്നാൻ, മാനസാന്തരവും അനുതാപവും പ്രസംഗിക്കുന്നവനും മനുഷ്യരെ ഭയമില്ലാത്തവനുമായിരുന്നു. യേശുക്രിസ്തുവാകുന്ന സത്യത്തിന് സാക്ഷ്യംനല്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവനാണവൻ. “അവളെ നീ സ്വന്തമാക്കിയത് നിയമാനുസൃതമല്ല” എന്ന യോഹന്നാന്റെ വാക്കുകൾ ഹേറോദേസിനെ നിരന്തരം വേട്ടയാടിയിരുന്നിരിക്കണം. യോഹന്നാനെ പ്രവാചകനായി കരുതിയിരുന്ന വലിയൊരു ജനവിഭാഗം ഉണ്ടായിരുന്നതിനാൽ അവനെ കാരാഗൃഹത്തിലിടണമെന്ന ആഗ്രഹമേ ഹേറോദേസിനുണ്ടായിരുന്നുള്ളൂ. ഹെറോദിയായുടെ മകൾ സലോമി ഹേറോദേസിന്റെ ജന്മദിനത്തിൽ ചെയ്ത നൃത്തമാണ് കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് ഇടയാക്കിയത്. ഹേറോദിയായുടെ മനസ്സിലുള്ള തിന്മ പുറത്തുകൊണ്ടുവന്ന ഒരു സംഭവമായി ഇതു മാറി. അങ്ങനെ യേശുവിനു വഴിയൊരുക്കാൻവന്ന യോഹന്നാൻ മരണത്തിലും യേശുവിനുമുമ്പേ അവിടുത്തെ വഴിയേ സഞ്ചരിക്കുന്നു. യോഹന്നാന്റെ ധീരതയും സത്യസന്ധതയും നമുക്കെന്നും പ്രചോദനമായിരിക്കണം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍