സീറോ മലങ്കര നവംബർ 24 ലൂക്കാ 1: 26-38 ദൈവമാതാവിനോടുള്ള അറിയിപ്പ്

“ദൈവത്തിന് ഒന്നും അസാധ്യമല്ല” (1:37). ദൈവദൂതനായ ഗബ്രിയേൽ മാലാഖയിലൂടെ സ്വർഗം വെളിപ്പെടുത്തിയ ഈ അതുല്യവചനത്തിനു മുമ്പിൽ നസ്രത്തിലെ ഒരു കൊച്ചുപെൺകുട്ടി ആകുലതകളെയും ആശങ്കകളെയും ഉപേക്ഷിച്ച് സ്വയം നടത്തിയ അനിതരസാധാരണമായ ഒരു സമർപ്പണത്തിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷം. ആ സമർപ്പണം ഒരു പാഴ്‌വാക്കായിരുന്നില്ല; പൂർണ്ണഹൃദയത്തോടെ നൽകിയ ഒരു സ്വയംബലി ആയിരുന്നു.

ജീവിതത്തിന്റെ അവസാനത്തെ കണിക വരെയും സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോഴും ദൂതനിലൂടെ ദൈവം നൽകിയ വെളിപ്പെടുത്തലിലുള്ള അഗാധമായ വിശ്വാസം ആ അമ്മയെ കുരിശിന്‍ചുവട്ടിൽപോലും തലയുയർത്തി നിൽക്കാൻ പഠിപ്പിച്ചു. ഒന്നും അസാധ്യമല്ലാത്ത ഒരു ദൈവത്തിന്റെ കരങ്ങളിലാണ് തന്റെ ജീവിതമെന്ന ബോധ്യം ഒന്നിനെയുംപറ്റി പരാതി പറയാതെ, ദൈവഹിതം നിറവേറാനുള്ള വേദിയാക്കി ആ ജീവിതത്തെ മാറ്റാൻ അവളെ സഹായിച്ചു.

പരിശുദ്ധ അമ്മയെപ്പോലെ ‘ദൈവത്തിന് ഒന്നും അസാധ്യമല്ല’ എന്ന് ഉറച്ചുവിശ്വസിക്കാനും ആ വിശ്വാസത്തിന്റെ വെളിച്ചത്തിൽ ആത്മാർഥമായ ഒരു സമർപ്പണമായി ജീവിതത്തെ പൂർത്തീകരിക്കാനുമുള്ള കൃപകൾക്കായി, കൃപ നിറഞ്ഞവളായ അമ്മവഴി നമുക്ക് സർവശക്തനായ ദൈവത്തോട് അപേക്ഷിക്കാം.

ഫാ. മാത്യു പടയാനിക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.