യേശുതമ്പുരാൻ പന്ത്രണ്ട് അപ്പസ്തോലന്മാരെ തെരഞ്ഞെടുത്ത് അവർക്ക് ആവശ്യമുള്ള നിർദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിലെ ഒരു ഭാഗമാണ് ഇന്ന് നാം വിചിന്തനം ചെയ്യുക.
ഈ സുവിശേഷം നമ്മോടു പറയുന്ന ഒരു കാര്യം, നിർഭയം സാക്ഷ്യം നൽകുക എന്നുള്ളതാണ്. പീഡനങ്ങളെയും ക്ലേശങ്ങളെയും ഭയപ്പെടുന്ന ഒരു ക്രിസ്തുശിഷ്യൻ വിശ്വാസം ഉപേക്ഷിക്കാനും ക്രിസ്തുവിനെത്തന്നെ നിഷേധിക്കാനുമുള്ള സാധ്യതയുണ്ട് എന്ന് ഈ സുവിശേഷം നമ്മെ ഓർമിപ്പിക്കുകയാണ്. പീഡകളിലൂടെയും പീഡനങ്ങളിലൂടെയും ജീവിതത്തിലെ ഏതു സാഹചര്യത്തിലൂടെ കടന്നുപോയാലും ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഒരു ജീവിതമായി നമ്മുടെ ജീവിതങ്ങൾ മാറണം. യേശുനാഥൻ നമ്മെ ഓർമിപ്പിക്കുന്നുണ്ട്: “മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും തള്ളിപ്പറയും” എന്ന്.
ദൈവികജീവൻ നേടാൻ ശാരീരികജീവൻ പോലും നഷ്ടപ്പെടുത്താൻ ഒരു ക്രിസ്തുശിഷ്യൻ തയ്യാറാകണമെന്നുകൂടെ സുവിശേഷം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. അതിനാൽ ജീവിതം കൊണ്ടും ജീവരക്തം കൊണ്ടും ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നമുക്കു സാധിക്കട്ടെ.
ഫാ. എബ്രഹാം മുരുപ്പേൽ