സീറോ മലങ്കര ജനുവരി 02 യോഹ. 3: 1-14 യേശുവും നിക്കോദേമോസും

നിക്കോദേമോസ്, ഫരിസേയനും യഹൂദപ്രമാണിയും നിയമങ്ങൾ വ്യാഖ്യാനിച്ചു നടപ്പാക്കിയിരുന്ന സെൻഹദ്രീൻ സംഘത്തിലെ അംഗവുമായിരുന്നു. ഒരുപക്ഷേ, തന്റെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുന്നതിനും അതുവഴിയായി തന്റെ കൂടെയുള്ളവർക്ക് ‌ മെച്ചമായ സേവനം നൽകുകയുമാകാം യേശുവുമായുള്ള ഈ ‘രാത്രിസംഭാഷണത്തിന്റെ’ അർഥം. യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിന്റെ ദൈവാലയശുദ്ധീകരണം കഴിഞ്ഞ ഉടനെയാണ് ഈ സന്ദർശനം നടക്കുന്നത്. അതുകൊണ്ടുതന്നെ “ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല” എന്ന വാക്കുകളിൽ, യേശുവിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്.

യേശുവിന്റ ഒരു രഹസ്യശിഷ്യനായി നിക്കോദേമോസിനെ കാണുന്നതിൽ തെറ്റില്ല. ഫരിസേയനായ നിക്കോദേമോസിന് യേശുവിനെ പരസ്യമായി അനുകൂലിക്കാൻ അന്നത്തെ സാഹചര്യത്തിൽ ബുദ്ധിമുട്ടുണ്ടായിരുന്നിരിക്കാം. എന്നാൽ, യേശുവിന്റെ ജീവിതത്തിലെ നിർണ്ണകമായ രണ്ട് സമയങ്ങളിൽ അവൻ ഇടപെടുന്നുണ്ട്. “യേശുവിനെ കാണാതെയും കേൾക്കാതെയും” അവനെ വിധിക്കരുത് എന്ന് മറ്റു പരീശന്മാരോട് പറയുന്നതിന്റെ (7:50–52) അർഥം, കാണുകയും കേൾക്കുകയും ചെയ്ത എനിക്ക് യേശുവിനെ നന്നായി അറിയാം എന്നാണ്. രണ്ടാമത്തേത്, സ്വന്തം ശിഷ്യന്മാർ ഉപേക്ഷിച്ചപ്പോഴും ഈ രഹസ്യശിഷ്യനാണ് അരിമത്യക്കാരൻ ജോസഫിന്റെകൂടെ യേശുവിനെ കല്ലറയിൽ സംസ്കരിക്കാൻ ഒരുമ്പെടുന്നത് (19:39).

നിക്കോദിമോസിന്റെ വിശ്വാസയാത്ര വളരെ പ്രകടവും ആകർഷണീയവും അനുകരണീയവുമാണ്. ആദ്യം യേശുവിനെ അറിയാൻ ശ്രമിക്കുന്നു. പിന്നീട്, പരസ്യമായി പിന്തുണയ്ക്കുന്നു. അവസാനമായി കുരിശിൻചുവട്ടിൽ കൂടെ നിൽക്കുന്നു. ‘രാത്രി’യിൽ ആരംഭിച്ച ആ യാത്ര വലിയ പ്രകാശത്തിലാണ് ചെന്ന് അവസാനിക്കുന്നത്. ബെനഡിക്ട് മാർപപ്പ ‘നസറത്തിലെ യേശു’ എന്ന പുസ്തകത്തിൽ നിക്കോദിമോസിന്റെ അവസാന നന്മപ്രവൃത്തിയെക്കുറിച്ച് എഴുതുന്നു: “സാധാരണ കണക്കുകൂട്ടലുകളെ അതിലംഘിക്കുന്ന ആശ്ചര്യകരമായ അളവിലുള്ള സുഗന്ധദ്രവ്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതൊരു രാജകീയ കബറടക്കം ആയിരുന്നു.” നമ്മളറിയാത്ത, നമുക്കറിയാത്ത ഒരുപാട് ശിഷ്യന്മാർ യേശുവിന് ഇന്നുമുണ്ട്. യേശുവിനെ നന്നായി അറിയുന്നു എന്ന് അവകാശപ്പെടുന്ന നമുക്ക് നിക്കോദിമോസ്‌ എന്ന രഹസ്യശിഷ്യൻ വലിയ പ്രതീകവും അതേസമയം വെല്ലുവിളിയുമാണ് സമ്മാനിക്കുന്നത്. പൗരസ്ത്യസഭകൾ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിക്കോദിമോസിനെപ്പോലെ ക്രിസ്തുവിന്റെ കുരിശിൻചുവട്ടിൽ നില്‍ക്കാൻ കഴിയുന്ന ശിഷ്യന്മാരുടെ കൂടെയായിരിക്കാൻ നമുക്കും പരിശ്രമിക്കാം

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍