നിയമജ്ഞരുടെയും ഫരിസേയരുടെയും കപടസ്വഭാവത്തെയും കപടഭക്തിയെയും അനുചിതമല്ലാത്ത ജീവിതശൈലിയെയുമാണ് യേശു വിമര്‍ശിക്കുന്നത്. ജനമധ്യത്തില്‍ ബഹുമാനവും കൈയടിയും കാംക്ഷിച്ചിരുന്ന ഇക്കൂട്ടര്‍, പാവങ്ങളെ പിഴിയുകയും വിധവകളെയും അശരണരെയും ചൂഷണം ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ ഇത്തരത്തിലുള്ള ജീവിതരീതി മറ്റാരും അനുകരിക്കരുതെന്ന് ഈശോ തന്റെ ശ്രോതാക്കളെ ഉദ്‌ബോധിപ്പിക്കുന്നു.
ഇവരുടെ ഈ പ്രവൃത്തികളുടെയെല്ലാം പിന്നില്‍ അവരുടെ കാപട്യവും പ്രതാപത്തിനും ബഹുമാനത്തിനുമുള്ള മോഹമാണ് നാം കാണുക. യേശുവിന് ഒരിക്കലും സഹിക്കാനാവാത്ത ഒന്നായിരുന്നു കപടത (Hypocrity). ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെ അവിടുന്ന് ശക്തമായി എതിര്‍ത്തിരുന്നു. യേശു പറയുന്നു: “അധികാരത്തെ സ്‌നേഹത്തിനായുള്ള സാധ്യതയായി കാണുക” എന്ന്. അധികാരം നമ്മുടെ സ്വന്തമല്ല. സര്‍വ അധികാരവും ദൈവത്തില്‍നിന്നും വരുന്നു. നാം നമ്മെത്തന്നെ ഉയര്‍ത്തുമ്പോഴാണ് അധികാരം നമ്മുടെ സ്വന്തമെന്ന് നാം കരുതുന്നത്. അധികാരം കാണിക്കലല്ല, ദൈവഹിതം നിറവേറ്റുകയാണ് നാം ചെയ്യേണ്ടത്. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള സമാനത ക്രിസ്തുശിഷ്യന്റെ ജീവിതസാക്ഷ്യമാകണമെന്നാണ് ക്രിസ്തു പഠിപ്പിക്കുന്നത്.
വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ താഴ്ത്തി എളിമപ്പെടുത്തി സര്‍വതും ദൈവമഹത്വത്തിനായി സമര്‍പ്പിക്കണമെന്ന് യേശു പഠിപ്പിക്കുന്നു. യേശു നല്‍കുന്ന ഈ മുന്നറിയിപ്പ് അന്നത്തെ നിയമജ്ഞര്‍ക്കോ, ജനങ്ങള്‍ക്കോവേണ്ടി മാത്രമുള്ളതല്ല. മത-സാമൂഹികനേതാക്കള്‍ നീതിയോടെ പ്രവര്‍ത്തിക്കണമെന്നും അവര്‍ ജനങ്ങള്‍ക്ക് മാതൃകയാകണമെന്നും ഇവിടെ നമ്മെ ഓര്‍മപ്പെടുത്തുകയാണ്.
ഫാ. ജിനോ ആറ്റുമാലില്‍