അസ്വസ്ഥമാകാനിടയുള്ള ഓരോ ദിവസവും അസ്വസ്ഥതകള്‍ നല്‍കുന്ന ഈ ലോകത്ത് ഈശോ നമ്മോടു പറയുന്നു: “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട” എന്ന്. മനുഷ്യന്റെ അസ്വസ്ഥതയ്ക്ക് ബാഹ്യവും (ഭൗതികവും) ആന്തരികവുമായ (ആത്മീയവും) രണ്ട് തലങ്ങളുണ്ട്. മനുഷ്യന് എന്നും അസ്വസ്ഥതയുളവാക്കുന്ന യാഥാര്‍ഥ്യങ്ങളാണ് പാപവും മരണവും. മരണം വേര്‍പാടാണെങ്കില്‍ ഉത്ഥാനം തിരിച്ചുവരവാണ്.
ഈശോയുടെ മരണശേഷവും അവിടുത്തെ തിരുസാന്നിധ്യം ഈശോ ശ്ലീഹന്മാര്‍ക്ക് വാഗ്ദാനം ചെയ്യുകയാണ്. ലോകത്തില്‍ പല നേതാക്കന്മാരും, ആത്മീയനിരയില്‍ നില്‍ക്കുന്നവരുമുണ്ട്. പക്ഷേ, മനുഷ്യരാശിക്ക് പ്രതീക്ഷ പകര്‍ന്നുകൊടുക്കുന്ന ഒരേയൊരു സമഗ്രനേതാവ്, അത് നസ്രായനായ ഈശോ മാത്രമാണ്. വളരെ ആധികാരികതയോടും തന്റേടത്തോടും പറയുന്ന തിരുവചനങ്ങള്‍ ഞാന്‍ തന്നെ വഴി, ഞാന്‍ തന്നെ സത്യം, ഞാന്‍ തന്നെ ജീവന്‍. സത്യത്തിനുവേണ്ടി നിലകൊണ്ടവരല്ലേ നമ്മള്‍. വഴി അറിയാത്തവര്‍ക്ക് വഴി കാണിച്ചുകൊടുക്കേണ്ടവരല്ലേ? ജീവന്റെ സംസ്കാരത്തെ സംരക്ഷിക്കേണ്ടവരും സമൃദ്ധമായ ജീവന്‍ നല്‍കാന്‍ വന്ന ഈശോയെ ലോകത്തിനു മുന്നില്‍ കാണിച്ചുകൊടുക്കേണ്ടവരുമല്ലേ നമ്മള്‍?
മാര്‍ഗവാസികളായ വി. തോമാശ്ലീഹായുടെ മക്കളായ നമുക്ക് മാര്‍ഗം പറഞ്ഞുകൊടുക്കാം, ആത്മാര്‍ഥമായി നെഞ്ചോടുചേര്‍ത്ത് കൈപിടിച്ചു പറയാം, ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന്.
ഫാ. തോമസ് പടിപ്പുരയ്ക്കൽ OFM.CAP