സീറോ മലങ്കര ഒക്ടോബർ 18 ലൂക്കാ 10: 1-12 രക്ഷാകരപദ്ധതിയിലെ പങ്കുചേരല്‍

ദൈവത്തിനു മാത്രം സാധ്യമായ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരാന്‍ ദൈവം മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ട്. അതേപോലെതന്നെ ദൈവത്തിനുമാത്രം സാധ്യമായ രക്ഷാകരപദ്ധതിയില്‍ പങ്കുചേരാനും ദൈവം മനുഷ്യന് അവസരം നല്‍കി.

ദൈവരാജ്യം സമാഗതമായി എന്ന സന്ദേശം വിവിധയിടങ്ങളില്‍ പ്രഘോഷിക്കാന്‍ കര്‍ത്താവ് 72 പേരെ അയയ്ക്കുന്നു. ദൈവരാജ്യത്തെക്കുറിച്ചു പ്രസംഗിക്കാന്‍ പുറപ്പെടുമ്പോള്‍ ഉണ്ടാകേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് അയയ്ക്കപ്പെട്ടവരോട് അവന് പറയാനുള്ളത്. വചനം ജാഗ്രതയോടെ പറയണം. ദൈവവചനം ദൈവത്തിന്റെ ജീവന്റെ ഭാഗമാണ്. ദൈവജീവന്റെ അംശം ഓരോ ദൈവവചനത്തിലുമുണ്ട്. കേള്‍ക്കുന്നവര്‍ക്ക് ജാഗ്രതയില്ലെന്നു വരാം. എന്നാല്‍, ദൈവവചനം പ്രസംഗിക്കുന്നവന്‍ ജാഗരൂകനായിരിക്കണം.

കേള്‍ക്കുന്നവരില്‍നിന്നും ഒരു പ്രതിഫലവും ഇച്ഛിക്കരുത്‌ എന്ന് മിശിഹാ പഠിപ്പിക്കുന്നു. കൈയിൽ ഒന്നും കരുതരുത് എന്നും അവിടുന്ന് അതിനാല്‍ അവരെ ഉദ്ബോധിപ്പിച്ചു. ഒരു വാക്ക് കൊണ്ടുപോലും ദൈവവചനം പറയുന്ന വ്യക്തി വീണുപോകരുത്. സമാധാനം എന്ന ആശംസ മാത്രമേ ഏതു സാഹചര്യങ്ങളിലും അവന്റെ അധരങ്ങളില്‍നിന്നും വരാവൂ എന്ന നിര്‍ബന്ധവും കര്‍ത്താവിനുണ്ട്. സുവിശേഷം പ്രസംഗിക്കുന്നവരുടെ അധരം സുന്ദരമാണ്.

ഫാ. റെഞ്ചി മണപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.