ജെറുസലേമിനു കിഴക്കായി യൂദയാ മരുഭൂമിയിൽ ചാവുകടലിനോടു ചേരാൻ പോകുന്ന യോർദാൻ നദിയുടെ തീരമാണ് യോഹന്നാൻ സ്നാപകന്റെ പ്രവർത്തനമണ്ഡലം. ഇസ്രയേൽക്കാർക്ക് യോർദാൻ നദി ദൈവത്തിന്റെ വലിയ അത്ഭുതങ്ങൾ ദർശിച്ച പ്രത്യാശയുടെയും പുതിയ ജീവിതത്തിന്റെയും പ്രതീകമായിരുന്നു. സിറിയാക്കാരനായ നാമാന്റെ കുഷ്ഠം സുഖപ്പെട്ടതും (2 രാജാ. 5:1-14), അഗ്നിരഥത്തിൽ ഏലിയാ പ്രവാചകനെ ദൈവം സ്വർഗത്തിലേക്കു കൊണ്ടുപോയതും (2 രാജാ. 2: 1-11) ഇവിടെ നിന്നാണ്. ഏറ്റവും പ്രധാനമായി, 40 വർഷത്തെ മരുഭൂമി വാസത്തിന്റെ അവസാനം വാഗ്ദത്തനാട്ടിലേക്കു പ്രവേശിച്ചതും ഈ പുണ്യനദിയിലൂടെയാണ്.
യോഹന്നാൻ ഇപ്പോൾ പ്രസംഗിക്കുന്ന മരുഭൂമിയും വലിയ പ്രതീകമാണ്. പുറപ്പാടിന്റെ സമയത്ത് മരുഭൂയിൽവച്ചാണ് ഉടമ്പടി സ്ഥാപിക്കപ്പെട്ടത്. യേശുവിൽ ആരംഭിക്കുന്ന പുതിയ പുറപ്പാടിന്റെയും ഉടമ്പടിയുടെയും തുടക്കം യോഹന്നാനിലൂടെ മരുഭൂമിയിൽനിന്ന് ആരംഭിക്കുന്നു. മാമ്മോദീസയാകുന്ന പുതിയ യോർദാൻ കടന്നാണ് പുതിയനിയമ ജനത സ്വർഗരാജ്യത്തിലേക്കു പ്രവേശിക്കുന്നത്. മാനസാന്തരത്തിനുള്ള യോഹന്നാന്റെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായി എല്ലാ ജീവിതതുറയിലുള്ളവരും ഇവിടെയെത്തുന്നു. ചിന്തയിലും വാക്കിലും പെരുമാറ്റത്തിലും ദൈവീകരായിത്തീരാനുള്ള ആഹ്വാനമാണ് യോഹന്നാൻ നടത്തുന്നത്. മറ്റൊരു പ്രവാചകനും ഇതുവരെ പറയാത്ത ഒരു കാര്യം കൂടി യോഹന്നാൻ പറയുന്നു: “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു.” ഇപ്പോൾ സന്നദ്ധരായില്ലെങ്കിൽ ഇനിയും ഒരിക്കലും ക്രിസ്തുവിനെ നേരില്‍ കാണാനുള്ള അവസരം യോഹന്നാന്റെ ശ്രോതാക്കൾക്ക് ലഭിക്കില്ല. അതുകൊണ്ട് ഇവിടെ പുറപ്പാടിന്റെ ഒരു പുനരാവിഷ്കാരം യോഹന്നാൻ ഇസ്രായേൽ ജനത്തിനുവേണ്ടി നടത്തുന്നു. പുതിയനിയമ ജനതയുടെ പുറപ്പാട് യോർദാൻ നദിയിൽനിന്നും (മാമ്മോദീസ) ആരംഭിക്കാൻ പോകുന്നു.
യോഹന്നാൻ ഇസ്രായേലിന്റെ ചരിത്രത്തിലെ ആസന്നമായ മിശിഹായുടെയും അവനിലൂടെ സംജാതമാകുന്ന ദൈവരാജ്യത്തിന്റെ വരവിനെയും പ്രഖ്യാപിക്കുന്ന പ്രവാചകനാണ്. കർത്താവിന്റെ ദിവസം സമാഗതമാകുന്നതിനുമുമ്പേ ഏലിയാ വരുമെന്ന വിശ്വാസവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു (മലാഖി 4:5). അവന്റെ വസ്ത്രരീതിപോലും എലിയാ പ്രവാചകന്റേതിനു സമാനമാണ് (2 രാജാ. 1:8). എന്നാൽ, വസ്ത്രരീതിയെക്കാൾ അവർ തമ്മിലുള്ള സാമ്യം അവരുടെ ദൗത്യത്തിലായിരുന്നു. ഈ ദിവസം നമ്മുടെ മാമ്മോദീസായുടെ ആത്മീയഫലത്തെക്കുറിച്ച് യോഹന്നാൻ സ്നാപകന്റെ വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു. ക്രിസ്തുവിൽ ജലത്താലും പരിശുദ്ധാത്മാവിനാലും പുനർജനിച്ചവരാണെന്ന ചിന്തയോടെ ഓരോ നിമിഷവും നമുക്ക് ജീവിക്കാം.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍