സീറോ മലങ്കര ഒക്ടോബർ 17 ലൂക്കാ 21: 1-4 കാണിക്ക

നമ്മുടെ കർത്താവായ യേശുക്രിസ്തു, ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെ എത്രമാത്രം ശ്രദ്ധയോടെ നിരീക്ഷിക്കുന്നുവെന്ന ആഴമേറിയ ബോധ്യത്തിൽക്കൂടി സുവിശേഷഭാഗത്തെ വിചിന്തനം ചെയ്യാം.

ആദ്യമേ, ആ കാലഘട്ടത്തിന്റെ സാഹചര്യങ്ങൾ ഒന്നു പരിശോധിക്കാം. ദാനധർമ്മങ്ങൾ യഹൂദരുടെ മതപരമായ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. തങ്ങളുടെ സമ്പത്തിന്റെ ഒരു നിശ്ചിതഭാഗം ദൈവാലയ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കണമെന്ന് അവരുടെ മതം അനുശാസിച്ചിരുന്നു. ലോകത്തിന്റെ പലഭാഗത്തു നിന്നായി ജറുസലേം ദൈവാലയത്തിൽ പ്രാർഥനയ്ക്കെത്തിയിരുന്ന യഹൂദർ ഇതനുസരിച്ച് അവിടെ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിൽ ആ തുക നിക്ഷേപിക്കുമായിരുന്നു. ഒട്ടേറെ വലിയ തുകകൾ ദാനം ചെയ്യുന്നവർ അത് നിക്ഷേപിക്കുന്നത് വാദ്യമേളത്തിന്റെയും മറ്റും അകമ്പടിയോടെയായിരുന്നു. അതുവഴി അവർ വലിയ തുകയാണ് ദൈവാലത്തിനു കൊടുക്കുന്നതെന്ന് എല്ലാവരും അറിഞ്ഞിരുന്നു.

ദൈവത്തെ പ്രീതിപ്പെടുത്താനെന്ന ഭാവേന മനുഷ്യർ ചെയ്യുന്ന പ്രവൃത്തിയിലെ നിരർഥകത ശിഷ്യരെ പഠിപ്പിക്കുന്നതിനായിരിക്കണം യേശു ഭണ്ഡാരത്തിന് എതിർവശത്തിരുന്നത്. എന്നാൽ, ആ സമയം അവിടെയെത്തിയ ആ ദരിദ്രവിധവയുടെ പ്രവൃത്തി തീർച്ചയായും യേശുവിന്റെ മനസ്സിനെ സ്പർശിച്ചിരിക്കണം. വാദ്യമേളക്കാരുടെയോ, ഭണ്ഡാരസൂക്ഷിപ്പുകാരുടെയോ കണ്ണിൽപ്പെടാതെപോയ ആ രണ്ടു ചെമ്പുനാണയം എങ്ങനെയാണ് ദൈവത്തിന്റെ കണ്ണിൽ നേർച്ചവിഹിതത്തിലേക്ക് വീണുകൊണ്ടിരുന്ന സ്വർണ്ണത്തെക്കാളും മറ്റെല്ലാ സമ്പത്തിനെക്കാളും വിലയേറിയ കാഴ്ചവസ്തുവായി ഭവിച്ചത്.

ദരിദ്രരെയും അനാഥരെയും സമൂഹം ഉപേക്ഷിച്ചുകളഞ്ഞ അഗതികളെയും രോഗികളെയും പരിചരിച്ച് സേവനത്തിന്റെ മാതൃകയായി ജീവിച്ച വി. മദർ തെരേസ ഒരിക്കൽ പറഞ്ഞു: “സ്വർഗം എവിടെയാണെന്ന് എനിക്കറിയില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട്. മരണശേഷം എന്നെ വിധിക്കുന്ന ദൈവം ഒരിക്കലും ചോദിക്കില്ല, ‘നീ എന്തുമാത്രം നല്ല കാര്യങ്ങൾ നിന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ട് എന്ന്.’ എന്നാൽ അവിടുന്ന് തീർച്ചയായും ചോദിക്കും, ‘നീ ചെയ്ത പ്രവൃത്തികളിലൂടെ എത്രമാത്രം സ്നേഹം പകർന്നുനൽകാൻ നിനക്കായിട്ടുണ്ട് എന്ന്.”

നമ്മിലെ ഒട്ടേറെപ്പേർക്ക് തെറ്റുപറ്റാവുന്ന ഒരു മേഖലയിലേക്കാണ് ആദ്യം വിധവയുടെ കാണിക്കയിലൂടെ യേശുവും പിന്നീട് മദർ തെരേസയും വിരൽചൂണ്ടുന്നത്. സ്വർഗം  അവകാശമാക്കണം എന്ന ലക്ഷ്യത്തോടെ സത്പ്രവർത്തികൾ ചെയ്യുമ്പോൾ പലപ്പോഴും അതൊരു ബാധ്യതയായി മാറാറുണ്ട്. എങ്ങിനെയെങ്കിലും ഒന്നു ചെയ്തുതീർത്തിട്ട് അതിലൂടെ അംഗീകാരം സ്വന്തമാക്കണം എന്ന ചിന്തയോടെ ഒന്നിനുപിന്നാലെ ഒന്നായി സത്പ്രവർത്തികളുടെ പിന്നാലെ പായുമ്പോൾ അവ കേവലം യാന്ത്രികമായി മാറുന്നു. മറ്റുള്ളവരുടെ പ്രശംസയിലും ബഹുമാനത്തിലും മാത്രമായി അവയിലെ നന്മ ഒതുങ്ങുന്നു. ദരിദ്രയായിരുന്നിട്ടും ആ വിധവ തന്റെ ഇല്ലായ്മയിൽനിന്നും രണ്ടു ചെമ്പുതുട്ടുകൾ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു. കേവലം കടമ നിർവഹിക്കുന്നതിനാണ് ആ സ്ത്രീ അത് ചെയ്തിരുന്നതെങ്കിൽ ഒരു നാണയം നിക്ഷേപിച്ചിട്ട് മറ്റേതു സൂക്ഷിക്കാമായിരുന്നു. എന്നാൽ, തന്റെ വൈധവ്യത്തിലും ദാരിദ്ര്യത്തിലുമെല്ലാം ദൈവത്തിന്റെ സ്നേഹം തിരിച്ചറിഞ്ഞപ്പോൾ അവർക്ക് തനിക്കുള്ളതെല്ലാം ദാനമായി നൽകി ദൈവത്തെ മഹത്വപ്പെടുത്താൻ സാധിച്ചു. ഒരുതുള്ളി രക്തംപോലും ശേഷിക്കാതെ തനിക്കുള്ളതെല്ലാം പാപികളായ നമുക്കായി ത്യജിച്ച ദൈവത്തിന്റെ മുമ്പിൽ ആ വിധവയുടെ കാണിക്ക മറ്റെന്തിനെക്കാളും വിലയേറിയതായിത്തീർന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല.

മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യുമ്പോൾ, അത് സത്പ്രവർത്തികളോ, പ്രാർഥനാഭ്യാസങ്ങളോ, ദാനധർമ്മമോ എന്തുമാകട്ടെ. എന്താണ് നമ്മുടെ മനോവികാരം? ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതി സമ്പാദിക്കണം എന്നതുമാത്രമാണോ നമ്മുടെ ഉദ്ദേശ്യം. അതോ നമ്മുടെ പ്രവൃത്തിയിലൂടെ ദൈവസ്നേഹം മറ്റുള്ളവർക്കും സ്വീകാര്യമാകണം എന്ന നിസ്വാർഥമായ ചിന്തയോ? വലിപ്പവും എണ്ണവും വിലയും ഒന്നും നോക്കിയല്ല ദൈവം നമ്മുടെ പ്രവർത്തികളെ വിലയിരുത്തുന്നത്. ദൈവത്തിന്റെ കണ്ണിൽ വിലമതിക്കപ്പെടുന്നത് പ്രവൃത്തിക്കു പിന്നിലുള്ള നമ്മുടെ ലക്ഷ്യവും മനോവികരവും മാത്രമാണ്. ദൈവസന്നിധിയിൽ വിലമതിക്കപ്പെടുന്ന കാര്യങ്ങൾ സ്നേഹത്തോടെ ചെയ്യുന്നതിനുള്ള കൃപയ്ക്കായി നമുക്കു പ്രാർഥിക്കാം. അങ്ങനെ നമ്മുടെ ജീവിതം മറ്റുള്ളവർക്ക് മാതൃകയാക്കിത്തീർക്കാം.

ഫാ. സാമുവേൽ പനച്ചിവിള

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.