സീറോ മലങ്കര ഒക്ടോബർ 16 യോഹ. 14: 21-24 സ്നേഹം

ക്രിസ്തുവിന്റെ കല്പനകൾ പാലിക്കുന്നത് ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ ഏറ്റവും നല്ല പരീക്ഷണമാണെന്ന് സുവിശേഷവാക്യങ്ങളിൽനിന്ന് നാം മനസ്സിലാക്കുന്നു. ക്രിസ്തുവിനെ പിന്തുടരാനാഗ്രഹിക്കുന്ന ഓരോരുവനും ഹൃദയത്തിൽ ഇതിനെക്കുറിച്ച് തുടർച്ചയായി സമ്മർദം ചെലുത്തേണ്ടതുണ്ട്. ക്രിസ്തുവിന്റെ ഹിതം ക്രമാനുഗതമായി നടത്തുകയും ക്രിസ്തുവിന്റെ വഴികളിൽ നടക്കുകയും ചെയ്യുക എന്നതായിരിക്കണം അത്തരം സമർദങ്ങളുടെ ഫലവും. ഇത്, നാം യഥാർഥ വിശ്വാസികളാണെന്നതിന്റെ തെളിവാണ്.

സ്നേഹവും നന്മയും വാക്കുകളിൽമാത്രം കപടമായി ഒതുക്കിനിർത്തുമ്പോൾ അത് കഥയില്ലാത്ത ഒരുതരം നാട്യമായിത്തീരും. അവ തങ്ങളുടെ ആത്മാവിനോട് നികൃഷ്ടരായിത്തീരുന്നതിനും മനഃസാക്ഷിയില്ലാത്തവരായി ജീവിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്യാം. പ്രവർത്തനത്തിലേക്കു കടന്നുവരാത്ത നിഷ്ക്രിയ സ്നേഹവികാരങ്ങൾ ക്രമേണ ഹൃദയത്തെ തളർത്തുകയും മരവിപ്പിക്കുകയും ചെയ്യുന്നു.

സ്നേഹം ജീവിക്കുന്നതും പ്രവർത്തിക്കുന്നതും ഒരുവനിലെ ദൈവികവരദാനങ്ങളുടെയും ദൈവാത്മാവിന്റെയും യഥാർഥ തെളിവാണ്. പരിശുദ്ധാത്മാവുള്ളിടത്ത് എപ്പോഴും ഒരു വിശുദ്ധജീവിതം ഉണ്ടാകും. പ്രകോപനം, വാക്കുകൾ, പ്രവൃത്തികൾ എന്നിവയെക്കുറിച്ചുള്ള ജാഗ്രത, ഗിരിപ്രഭാഷണത്തിന്റെ നിയമപ്രകാരം ജീവിക്കാനുള്ള നിരന്തരമായ ശ്രമം എന്നിവയെല്ലാം നാം ക്രിസ്തുവിനെ സ്നേഹിക്കുന്നു, ആ സ്നേഹം മറ്റുള്ളവരിലേക്കു പകരുന്നു എന്നതിന്റെ ഏറ്റവും മികച്ച തെളിവാണ്. “നിരവധി സ്നേഹപ്രവൃത്തികൾ ചെയ്യാൻ നിരന്തരം സ്വയം പരിശീലിപ്പിക്കുക. കാരണം, അവ ആത്മാവിനെ ജ്വലിപ്പിക്കുകയും ലയിപ്പിക്കുകയും ചെയ്യുന്നു” – ആവിലായിലെ വി. അമ്മത്രേസ്യ.

ക്രിസ്തുവിന്റെ രക്തത്താൽ വിലയ്ക്കുവാങ്ങപ്പെട്ടവരായ നാം എല്ലായ്‌പ്പോഴും ക്രിസ്തുവിന്റെ ഹിതത്തോടുള്ള സ്നേഹപൂർവകമായ അനുസരണത്തിലൂടെ നമ്മുടെ വിശ്വാസത്തെ പ്രകടിപ്പിക്കണം. ക്രിസ്തുവിനെ സ്നേഹിക്കുന്നുവെന്ന് നാം അവകാശപ്പെടുന്നുണ്ടോ? എങ്കിൽ നമ്മുടെ ജീവിതത്തിലൂടെ നിഷ്പക്ഷമായി അതിനെ കാണിക്കാം.

ഫാ. സാമുവേൽ പനച്ചിവിള OIC 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.