സുവിഷേകനായ മത്തായി ജോലിത്തിരക്കിലായിരിക്കുമ്പോഴാണ് അപ്പോസ്തോലഗണത്തിലേക്കുള്ള വിളി ലഭിക്കുന്നത്. ജോലിക്കായി വിദ്യാഭ്യാസം നേടിയിരുന്ന മത്തായിയുടെ അറമായ – ഗ്രീക്ക് ഭാഷാപ്രാവീണ്യം പിന്നീട് സുവിശേഷരചനയിൽ അദ്ദേഹത്തെ സഹായിച്ചു എന്ന് അനുമാനിക്കാം. യേശുവിന്റെ ‘എന്നെ അനുഗമിക്കുക’ എന്ന വാക്കുകൾ മത്തായിയുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. കടൽത്തീരത്തുവച്ചു വിളിച്ച മീൻപിടുത്തക്കാരായ ആദ്യശിഷ്യന്മാരിൽനിന്നും വ്യത്യസ്തമായി, പണവും അറിവുമൊക്കെ ഉണ്ടായിരുന്നെങ്കിലും സമൂഹത്തിൽ വലിയ സ്ഥാനമില്ലാത്തവനായിരുന്നു ചുങ്കക്കാരനായ മത്തായി. കള്ളത്തരവും പിടിച്ചുപറിയുമൊക്കെ ജോലിയുടെ ഭാഗമായിരുന്നു എന്നുമാത്രമല്ല, തങ്ങളെ രാഷ്ട്രീയ അടിമകളാക്കി വച്ചിരിക്കുന്ന റോമൻ സാമ്രാജ്യത്തെ സഹായിക്കുന്ന രാജ്യദ്രോഹികൾ കൂടിയായിരുന്നു ചുങ്കക്കാർ.
യേശുവുമായുള്ള പുതിയ ബന്ധത്തിന്റെ തുടർച്ചയായിരുന്നു, യേശുവിനെയും ശിഷ്യന്മാരെയും തന്റെ ഭവനത്തിലേക്കു ക്ഷണിക്കുകയും അവർക്കായി ഭക്ഷണമേശ ഒരുക്കുകയും ചെയ്യുന്നത്. അതു മാത്രമല്ല, ഈ അവസരം മത്തായിയുടെ ഭവനം അനേകം ചുങ്കക്കാർക്കും പാപികൾക്കും യേശുവിനെ കണ്ടുമുട്ടാനുള്ള വേദിയായി മാറുന്നു. പരസ്യപാപിയായ മത്തായിയുടെ ശിഷ്യഗണത്തിലേക്കുള്ള വിളി പരീശന്മാർക്കു മാത്രമല്ല, സാധാരണ യഹൂദനും യേശുവിനോടുള്ള ബഹുമാനത്തിൽ ഇടിവുണ്ടാക്കാം. അതുപോലെതന്നെ വിസ്‌മയകരമായിരുന്നു ഒരു നിമിഷംകൊണ്ട് എല്ലാ ഉപേക്ഷിച്ച് യേശുവിന്റെ പിന്നാലെ പോകാനുള്ള മത്തായിയുടെ തീരുമാനവും. രോഗികൾക്ക് ഡോക്ടറെ ആവശ്യമായിരിക്കുന്നതുപോലെ, പാപികൾക്ക് ദൈവത്തിന്റെ കരുണയും കൃപയും ആവശ്യമാണ്. അറിവുണ്ടെന്ന് അഹങ്കരിച്ചിരുന്ന നിയമജ്ഞരോട് വേദവചനത്തിന്റെ ശരിയായ അർഥം എന്തെന്നു പോയി പഠിക്കാൻ ഈ അവസരത്തിൽ യേശു ആവശ്യപ്പെടുന്നു.
മത്തായി എന്ന ഹീബ്രു വാക്കിന്റെ അർഥം ‘ദൈവത്തിന്റെ ദാനം’ എന്നാണ്. ദൈവത്തിൽനിന്നും നാം സ്വീകരിച്ചിരിക്കുന്ന ഏറ്റം വലിയ ദാനം നമ്മുടെ ജീവിതം തന്നെയാണ്. അത് ദൈവേഷ്ടപ്രകാരം ജീവിക്കുമ്പോഴാണ് നാം പരിപൂര്‍ണ്ണമായി ക്രിസ്തുശിഷ്യരാകുന്നത്. യേശുവിന്റെ ശിഷ്യഗണത്തിലേക്ക് പാപികളായ നമുക്കും വിളി ലഭിച്ചിരിക്കുന്നു. അത് നമ്മെ മാനസാന്തരത്തിലേക്കും അനുതാപത്തിലേക്കും ആനയിച്ച് പുതുജീവൻ നല്‍കുന്നതിനുവേണ്ടിയാണ്.
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍