യേശുതമ്പുരാൻ തന്റെ ശിഷ്യത്വത്തിലേക്ക് ആദ്യശിഷ്യന്മാരെ തെരഞ്ഞെടുത്തതിനുശേഷം പീലിപ്പോസിനെയും നഥാനയേലിനേയും വിളിക്കുന്ന ഭാഗമാണ് ഇന്ന് നമ്മൾ വിചിന്തനം ചെയ്യുന്നത്.
ഒന്നാമതായി, ദൈവത്താൽ വിളിക്കപ്പെടുന്ന ഒരുവനു മാത്രമേ ശിഷ്യത്വത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ഓരോ വിളിയുടേയും അടിസ്ഥാനം നമ്മൾ ദൈവത്തെ കണ്ടോ എന്നുള്ളതല്ല മറിച്ച്, ദൈവം നമ്മെ കണ്ടു എന്നുള്ളതാണ്. യോഹ. 15:16 -ൽ ഈശോ നമ്മെ ഓർമിപ്പിക്കുന്നുണ്ട്: “നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല; ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.” ആയതിനാൽ, ശിഷ്യത്വത്തിലേക്ക് വിളിക്കപ്പെടുന്നത് നമ്മുടെ മേന്മയോ, കഴിവോ കൊണ്ടല്ല മറിച്ച്, ദൈവത്തിന്റെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്.
രണ്ടാമതായി, വിളി ലഭിച്ചവൻ തനിക്കു കിട്ടിയ വിളിയും താൻ അനുഭവിച്ചറിഞ്ഞതുമായ ദൈവിക ഇടപെടൽ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കാനും കടപ്പെട്ടവനാണ്. പീലിപ്പോസ്, താൻ അനുഭവിച്ചറിഞ്ഞ ക്രിസ്തുസ്നേഹത്തിലേക്ക്, “വന്നു കാണുക” എന്നു പറഞ്ഞ് നഥാനയേലിനെ ക്ഷണിക്കുന്നതുപോലെ, നമ്മുടെ അനുദിന ജീവിതത്തിൽ നാം അനുഭവിച്ചറിയുന്ന ദൈവസ്നേഹത്തിലേക്ക് കൂടെയുള്ളവരെ കൂട്ടിക്കൊണ്ടുവരുമ്പോഴാണ് നാം യഥാർഥ ക്രിസ്തുശിഷ്യന്മാരായിത്തീരുന്നത്. അനുദിന ജീവിതത്തിൽ, ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയാനും ആ സ്നേഹത്തിലേക്ക് അനേകരെ കൂട്ടിക്കൊണ്ടുവരാനും നമുക്ക് ഇടയാകട്ടെ.
ഫാ. എബ്രഹാം മുരുപ്പേൽ