![bird (2)](https://i0.wp.com/www.lifeday.in/wp-content/uploads/2024/08/bird-2.jpg?resize=696%2C497&ssl=1)
ദൈവകരുണയുടെയും പ്രവാചകദൗത്യത്തിന്റെയും ധ്യാനദിനങ്ങളിലൂടെ മൂന്ന് നോമ്പ് അനുഷ്ഠാനത്തില്‍ നാം നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കുകയായിരുന്നു. പാപബോധത്തോടും പശ്ചാത്താപത്തോടും കൂടി അനുതാപ വഴിയിലൂടെ ദൈവസന്നിധിയിലേക്ക് നിനവെ നിവാസികളെ കൂട്ടിക്കൊണ്ടുവന്ന ദൈവകരുണയും സ്വജീവിത സമര്‍പ്പണത്തിലൂടെ ദൈവം ഭരമേൽപിച്ച ദൗത്യം പൂര്‍ത്തീകരിച്ച യോനാ പ്രവാചകന്റെ ജീവിതവും ഈ ദിവസങ്ങളുടെ വിചിന്തനവിഷയങ്ങളായിരുന്നു. ആനുകാലിക ലോകത്തിന് അന്നും ഇന്നും അടയാളമായ ഈ സംഭവപരമ്പരകളെ ക്രിസ്തു തന്റെ പ്രബോധനത്തിലൂടെ ഈ വചനഭാഗത്ത് അവതരിപ്പിക്കുകയാണ്. യോനാ, നിനവെക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രനും ഈ തലമുറയ്ക്ക് അടയാളമായിരിക്കുമെന്നുള്ള ഓര്‍മ്മപ്പെടുത്തല്‍ മാനസാന്തര ജീവിതത്തിലേക്കുള്ള ക്ഷണം കൂടിയാണ്.
അമിത്തിയായുടെ മകനായ യോനാ ദൈവനിയോഗത്തെ ഏറ്റെടുക്കാന്‍ അശക്തനായപ്പോള്‍ എടുത്തെറിയപ്പെട്ട ഒറ്റപ്പെടലിന്റെ കടലാഴങ്ങളില്‍ ദൈവകൃപയുടെ തിമിംഗലശക്തി യോനായെ പൊതിഞ്ഞുപിടിച്ചു. മൂന്ന് രാപ്പകലുകള്‍ തന്നെത്തന്നെ ശുദ്ധീകരിക്കാനും കര്‍ത്താവിന്റെ രക്ഷയെ ഏറ്റുപറഞ്ഞ് ശക്തനാകാനും യോനായെ സഹായിച്ചു. ജീവിതത്തിലെ നിയോഗപൂര്‍ത്തീകരണത്തിന് അശക്താനോ/ അശക്തയോ ആണെന്നുള്ള നിരാശവിചാരങ്ങള്‍ ഒരാളെ തളര്‍ത്തുമ്പോള്‍ ദൈവകൃപയുടെ ഉദരത്തില്‍ പ്രവേശിക്കാന്‍ തയ്യാറാകണം.
നിനവെയുടെ നാശത്തെക്കുറിച്ചുള്ള പ്രാവാചക വചനങ്ങളെ ഹൃദയതുറവിയോടുകൂടി സ്വീകരിച്ച് തിരിച്ചുവരവിന്റെ നാൽപത് ദിനങ്ങളിലേക്കു പ്രവേശിക്കാന്‍ നിനവെ നിവാസികളും രാജാവും തയ്യാറായി. തങ്ങളുടെ ദുഷ്ടതയില്‍നിന്ന് പിന്തിരിഞ്ഞ് ദൈവകോപത്തെ നീക്കിക്കളയാന്‍ തങ്ങളെയും തങ്ങള്‍ക്കുള്ളതിനെയും പാപപരിഹാരാനുഭവത്തിലൂടെ കടത്തിവിടാന്‍ അവര്‍ മനസ്സ് കാണിച്ചു. വചനം സ്വീകരിച്ച് ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ ദൈവകരുണ നമ്മുടെ ജീവിതങ്ങള്‍ക്ക് കോട്ടയും പ്രത്യാശയുമാകും.
സംഭവിക്കാന്‍പോകുന്ന നാശത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോഴും ദൈവസ്നേഹത്തിന്റെ തണലിലേക്കാണ് ഓരോ പ്രവാചകനും ജനത്തെ ക്ഷണിക്കേണ്ടത്. തന്നില്‍ വിശ്വസിക്കുന്ന ഒരുവന്‍പോലും നശിച്ചുപോകാതെ സ്വയം ബലിയായി തന്നെത്തന്നെ നല്‍കിയ ക്രിസ്തുസ്നേഹമാണ് പ്രഘോഷണത്തിന്റെ കേന്ദ്രവും കാതലും. സ്വയവിശുദ്ധീകരണത്തിലൂടെ നല്‍കപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ വ്യത്യസ്തമായ നിയോഗങ്ങളെ പൂര്‍ത്തീകരിച്ച് അളവില്ലാത്ത ക്രിസ്തുസ്നേഹത്തിന്റെ തണലിലേക്ക് കുടുംബങ്ങളെ, ഇടവകകളെ, സമൂഹത്തെ ചേര്‍ത്തുനിര്‍ത്താന്‍ നിനവെയുടെ മാനസാന്തരവും യോനാ പ്രവാചകന്റെ ജീവിതവഴികളും നമ്മെ സഹായിക്കട്ടെ.
ഫാ. ഡൊമിനിക് മൂഴിക്കര, OIC