സീറോ മലങ്കര ജനുവരി 03 മത്തായി 5: 1-12 സുവിശേഷഭാഗ്യങ്ങൾ

യേശുവിനു ചുറ്റും വലിയൊരു ജനക്കൂട്ടം സന്നിഹിതമായിരുന്നുവെങ്കിലും മലയിലെ പ്രസംഗം പ്രധാനമായും തന്റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ് യേശു പറയുന്നത്. ഇനിയും ആരെങ്കിലും തന്റെ ശിഷ്യനാകാൻ ആഗ്രഹിച്ചുകൊണ്ട് ഇപ്പോൾ ജനക്കൂട്ടത്തിനിടയിൽ ഉണ്ടെങ്കിൽ ഇപ്പറയുന്ന കാര്യങ്ങളാണ് അവരെ സൗഭാഗ്യവാന്മാരാക്കിത്തീർക്കുന്നതെന്ന സന്ദേശവും യേശു നൽകുന്നു. പഴയനിയമത്തിൽ, മോശ മലമുകളിൽ കയറി ദൈവത്തിൽനിന്നും കൽപനകൾ വാങ്ങി താഴ്‌വാരത്തിലെത്തുന്നുവെങ്കിൽ, യേശു പുതിയ ഇസ്രയേലിനെ തന്റെ കൂടെ മലമുകളിലേക്കു ക്ഷണിക്കുകയും അവിടെനിന്നു തന്നെ പുതിയ നിയമങ്ങൾ നേരിട്ട് നൽകുകയുമാണ് ചെയ്യുന്നത്.

ഇവിടെ ഒരാൾ ഭാഗ്യവാനോ, ഭാഗ്യവതിയോ ആകുന്നത് യേശുവിന്റെ പാത പിഞ്ചെല്ലാൻ പരിശ്രമിക്കുമ്പോഴാണ്. യേശുവിനോടൊത്ത് ഈ അഷ്ടസൗഭാഗ്യങ്ങളുടെ മലകയറാൻ തയ്യാറുള്ള എല്ലാവർക്കും ഈ അനുഗ്രഹത്തിനുള്ള അർഹതയുണ്ട്. ഭാവിയിൽ ലഭിക്കുമെന്ന രീതിയിൽ പറഞ്ഞിരിക്കുന്ന ഈ ഭാഗ്യങ്ങൾ ക്രിസ്തുസാന്നിധ്യം അനുഭവിക്കുന്നവർക്ക് എപ്പോഴും ലഭിക്കുന്ന അനുഗ്രഹവുമാണ്. ലോകത്തിന്റെ സൗഭാഗ്യസങ്കൽപങ്ങൾക്കു വിപരീതവും മിക്കപ്പോഴും ലോകമോഹങ്ങളിൽ അഭിരമിക്കുന്നവർക്ക് അനാകർഷണീയവുമായ ചിന്താധാരയാണിത്. പാവങ്ങളും കരയുന്നവരും വിനീതരും പീഡനമനുഭവിക്കുന്നവരും ദൈവം കരുണയോടെ നോക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ സൗഭാഗ്യവാന്മാരായിത്തീരുന്നു. തന്റെ അനുയായികളെ ദൈവികമനോഭാവത്തോടെ കാര്യങ്ങൾ കാണാൻ യേശു ക്ഷണിക്കുന്നു. ദൈവത്തിന്റെ മാനദണ്ഡമനുസരിച്ചു ജീവിക്കുന്ന തന്റെ ശിഷ്യന്മാർ എങ്ങനെയുള്ള ജീവിതസാഹചര്യത്തിലായാലും ആത്യന്തികസന്തോഷത്തിന് അവകാശികളാകും.

യഥാർഥത്തിൽ, യേശുവിന്റെ ജീവിതത്തിന്റെ ഒരു രേഖാചിത്രമാണ് ഈ ‘സൗഭാഗ്യങ്ങൾ.’ അവിടുന്ന് ശാന്തശീലനും പാവപ്പെട്ടവനും കരുണയുള്ളവനും സഹിക്കുന്നവനും വിലപിക്കുന്നവനും നീതിക്കുവേണ്ടി ദാഹിക്കുന്നവനുമായിട്ടാണ് ഭൂമിയിൽ ജീവിച്ചത്. ഈ ക്രിസ്താനുകരണമാണ് ക്രിസ്തുശിഷ്യന്റെ അനുഗ്രഹാടിസ്ഥാനം. ഇന്നത്തെ ലോകത്തിന്റെ മാനദണ്ഡങ്ങൾക്കുപരിയായ ഈ ചിന്തയോടെ മാത്രമേ യേശുവിന്റെ സ്നേഹം ഈ ലോകത്തിൽ ശരിയായി പ്രസരിപ്പിക്കാൻ നമുക്കു സാധിക്കൂ. അക്രമവും അനീതിയും ദാരിദ്ര്യവും ഭൗതികതയുമൊക്കെ എല്ലായിടത്തും നടമാടുമ്പോൾ അതിനെതിരെ പട നയിക്കുന്നവരായിരിക്കണം ക്രിസ്തുശിഷ്യർ. എന്റെ ജീവിതം വഴി ലോകത്തിൽ എന്ത് നന്മയാണ് ഇന്ന് ഉരുവാക്കാൻ സാധിക്കുന്നതെന്ന് നാം ഓരോരുത്തരും ചിന്തിക്കാൻ തുടങ്ങിയാൽ ലോകത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. നാം വിശുദ്ധരാകാൻ പരാജയപ്പെടുന്നിടത്ത് ലോകത്തിലെ വെളിച്ചം കുറഞ്ഞുപോകും.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.