സീറോ മലങ്കര മാർച്ച് 29 മർക്കോ. 13: 9-13 വേദനകളുടെ ആരംഭം

യേശുവിന്റെ ശിഷ്യന്മാർ തങ്ങളുടെ സുവിശേഷപ്രഘോഷണത്തിൽ ധാരാളം തടസ്സങ്ങളും പീഡനങ്ങളും അഭിമുഖീകരിക്കേണ്ടിവരും. അത് പുറജാതികളിൽനിന്നും മാത്രമല്ല, സ്വന്തക്കാരിൽനിന്നും കൂടിയാണ്. യേശുവും ആദ്യം സെൻഹെദ്രീൻ സംഘത്തിനും പിന്നീട് പീലാത്തോസും ഹേറോദേസും ഉൾപ്പെടുന്ന റോമൻ ഭരണാധികാരികൾക്കും ഏൽപിച്ചുകൊടുക്കപ്പെട്ടു. അതിനാൽ ക്രിസ്തുശിഷ്യരുടെ സഹനങ്ങൾ യേശുവിന്റെ സഹനങ്ങൾക്കു സമാനമാണ്. യേശുവിന്റെ ജീവിതം കുരിശുമരണത്തിൽ അവസാനിക്കുകയല്ല ചെയ്‌തത്‌. അത് ഉയിർപ്പിലും പിതാവിന്റെ മഹത്വീകരണത്തിലുമാണ് പൂർണ്ണമാക്കപ്പെട്ടത്. ഇതുതന്നെ ആയിരിക്കും ശിഷ്യന്മാരുടെ കാര്യത്തിലും സംഭവിക്കുന്നത്. മരണത്തിനായി ‘സഹോദരൻ സഹോദരനെയും പിതാവ് പുത്രനെയും’ ഏൽപിച്ചുകൊടുക്കുമെന്നത് രക്തബന്ധങ്ങളും വിശ്വാസജീവിതത്തിൽ നാം കണ്ടെത്തിയ സ്വന്തക്കാരും നമ്മെ തള്ളിപ്പറഞ്ഞേക്കാം എന്ന അർഥത്തിലാണ്. യേശുവിന്റെ ജീവിതത്തിലും ആദ്യം വേണ്ടപ്പെട്ടവരാണ് അവിടുത്തെ തള്ളിപ്പറഞ്ഞതും കുരിശുമരണത്തിനായി ഏൽപിച്ചുകൊടുക്കുകയും ചെയ്തത്.

പീഡനകാലങ്ങൾ ക്രിസ്തുശിഷ്യർക്ക് സുവിശേഷപ്രഘോഷണത്തിന് തടസ്സങ്ങളെക്കാൾ വലിയ അവസരങ്ങളാണ്. അപ്പസ്തോല പ്രവർത്തനങ്ങൾ ശിഷ്യന്മാർ വീരോചിതമായി തങ്ങളുടെ ജീവിതത്തിലുണ്ടായ സഹനങ്ങളെ സുവിശേഷം അറിയിക്കാനുള്ള ഉപാധികളായി ഉപയോഗിച്ചതിനെക്കുറിച്ചാണ് പറയുന്നത്. ഈ സമയം ഒരിക്കലും സുവിശേഷ സന്ദേശത്തിൽ വെള്ളം ചേർത്ത് തങ്ങളുടെ വ്യക്തിനേട്ടത്തിനായി ശിഷ്യന്മാർ മാറ്റരുത്. വാക്കുകൾ കൊണ്ടു മാത്രമല്ല, പീഡനങ്ങളിൽ പ്രകടിപ്പിക്കുന്ന സാക്ഷ്യത്തിലൂടെയും സുവിശേഷം പ്രസംഗിക്കപ്പെടുന്നു. ഇനിയും ‘എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടിയിരിക്കുന്നു’ എന്നു പറയുന്നതിന്റെ അർഥം, എല്ലാവരും സുവിശേഷത്തെ സ്വീകരിച്ചുകൊള്ളണമെന്നല്ല. പൂർണ്ണമായും ദൈവത്തിലും ദൈവികനടത്തിപ്പിലും ശരണം വച്ചുകൊണ്ട് ക്രിസ്തുശിഷ്യൻ മുമ്പോട്ടുപോവുക മാത്രം ചെയ്‌താൽ മതിയാവും.

ആദിമ ക്രൈസ്തവസഭയില്‍ എന്നതുപോലെ നമ്മൾ ജീവിക്കുന്ന ആധുനിക യുഗത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തുവിനും സുവിശേഷത്തിനുംവേണ്ടി അനേകർ രക്തസാക്ഷികളാകുന്നു. ഇന്നും ക്രിസ്തീയവിശ്വാസം സ്വീകരിക്കുന്നത് മരണ സര്‍ട്ടിഫിക്കറ്റിനു തുല്യമായി ഭവിക്കുന്ന ഒരുപാട് സ്ഥലങ്ങളുണ്ട്. അവരെ ഓർക്കുന്നതിനും അവർക്കുവേണ്ടി പ്രാർഥിക്കുന്നതിനും എല്ലാത്തരത്തിലും സഹായിക്കുന്നതിനും നമുക്ക് കടമയുണ്ട്. നമ്മുടെ ചുറ്റുപാടുകളിലും ഇത്തരത്തിലുള്ള അനുഭവങ്ങൾ നമുക്കുണ്ടാകാം. അപ്പോഴൊക്കെ നമ്മുടെ സാക്ഷ്യജീവിതത്തിലൂടെ യേശുവിന്റെ സ്നേഹത്തിന്റെ സന്ദേശം മറ്റുള്ളവരെ അറിയിക്കുന്നതിന് നമുക്കും പരിശ്രമിച്ചുകൊണ്ടേയിരിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.