“വിശുദ്ധ ലിഖിതമോ, ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിങ്ങള്‍ക്ക് തെറ്റുപറ്റുന്നത്” (24) എന്ന യേശുവിന്റെ, സദുക്കായരോടുള്ള വാക്കുകള്‍ നമ്മെയും ചിന്തിപ്പിക്കേണ്ടതാണ്. സ്വന്തം ബുദ്ധിയിലും ശക്തിയിലും കഴിവിലും വിശ്വസിച്ചുമാത്രം ജീവിതത്തില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ പരാജയമുണ്ടാവുക വളരെ സ്വാഭാവികമാണ്. നമ്മുടെ ചിന്തകളെക്കാൾ ദൈവത്തിന്റെ ചിന്തയും നമ്മുടെ ശക്തിയെക്കാള്‍ ദൈവത്തിന്റെ ശക്തിയും മഹത്തരവും ആശ്രയിക്കാവുന്നതുമാണ് എന്ന വിശ്വാസം നമുക്കുണ്ടാകണം.
“മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹം ചെയ്യുകയോ, ചെയ്തുകൊടുക്കുകയോ ഇല്ല. മറിച്ച്, അവര്‍ സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും” എന്നാണ് ഈശോയുടെ വാക്കുകൾ. ഭൂമിയിലെ കാര്യങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കാതെ ഈ ജീവിതത്തിനപ്പുറമുള്ള ജീവിതത്തെക്കുറിച്ചുള്ള ചിന്തകളാൽ നമ്മുടെ ജീവിതം ധന്യമാകട്ടെ. സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെ ആയിത്തീരാനുള്ളവരാണ് നമ്മൾ എന്ന വചനം നമ്മളെ കൂടുതൽ പ്രചോദിപ്പിക്കട്ടെ. ഭൂമിയിൽതന്നെ ദൈവത്തിന്റെ ദൂതന്മാരാകാൻ നമുക്കു സാധിക്കട്ടെ.
ഫാ. ജി. കടൂപ്പാറയില്‍ MCBS