
തിരുനാളുകളുടെ തിരുനാളാണ് ഈസ്റ്റര്‍. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ലാദിക്കാനുള്ള അവസരം. ഉയിര്‍പ്പുകാലത്തെ പ്രാര്‍ഥനകളും ഗീതങ്ങളും ഈ ആഹ്ലാദത്തിന്റെ പ്രതിഫലനമാണ്. ഈശോയുടെ ഉത്ഥാനം പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയും മേലുള്ള വിജയമാണ്. തത്ഫലമായി ഭോഷത്വത്തിന്റെ ചിഹ്നമായ കുരിശ് രക്ഷയുടെയും മഹത്വത്തിന്റെയും ചിഹ്നമായി മാറി. ക്രിസ്തുവിന്റെ ഉയിര്‍പ്പ് നമ്മുടെ ഉയിര്‍പ്പിന്റെ അച്ചാരമാണ്; നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനവുമാണ്.
ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും സംഭീതമായ ഒന്നാണ് മരണം. അതിന്മേല്‍ വിജയം വരിക്കാമെന്ന് മനുഷ്യാവതാരം ചെയ്ത ഈശോ നമ്മെ ബോധ്യപ്പെടുത്തുകയാണ് തന്റെ ഉയിര്‍പ്പിലൂടെ. മറ്റു മതവിശ്വാസികള്‍ മരണശേഷമുള്ള ജീവിതത്തെക്കുറിച്ച് അവ്യക്തത പ്രകടമാക്കുമ്പോള്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പ് എന്ന ചരിത്രസംഭവം ക്രൈസ്തവന് ജീവിതത്തില്‍ ശക്തിയും പ്രത്യാശയും പ്രദാനം ചെയ്യുന്നു.
”എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.” ക്രൈസ്തവരുടെ ജീവനും വിശ്വാസത്തിന്റെ അടിത്തറയും കര്‍ത്താവിന്റെ ഉയിര്‍പ്പാണ്. ഈശോ ഉയിര്‍ത്തെഴുന്നേറ്റു എന്ന് പഠിപ്പിക്കാനാണ് മദ്ബഹായില്‍ ക്രൂശിതരൂപമില്ലാത്ത കുരിശ് പ്രതിഷ്ഠിക്കുക. നശിച്ചുപോകുന്ന ജഡമയമായ ചിന്തകളെയും പ്രലോഭനങ്ങളെയും പിന്‍തള്ളി അതിജീവനത്തിന്റെ കരുത്തും നന്മയും സൗന്ദര്യവും ആര്‍ജിക്കാന്‍ ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നു.
കര്‍ത്താവിന്റെ ഉയിര്‍പ്പ് കത്തിജ്വലിക്കുന്ന ഒരു അനുഭവമായി മാറണം. ഈസ്റ്റര്‍ ദിനത്തില്‍ മാത്രം ഇത് ഉണ്ടായാല്‍പോരാ. ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ ഇത് പ്രത്യാശയുടെ അവസ്ഥ എന്നും നല്‍കുന്നതാകണം. ഏതു നിരാശയുടെ നടുവിലും ഈശോയുടെ ഉയിര്‍പ്പ് ക്രൈസ്തവന് തിന്മയ്ക്കു മേലുള്ള വിജയത്തിന്റെ നാന്ദിയാകണം. ഉയിര്‍പ്പിന്റെ പ്രഘോഷണം മുഴങ്ങുമ്പോള്‍ നമ്മുടെ മനസ്സില്‍ സദാ ഉയിര്‍ത്തെഴുന്നേല്‍പിന്റെ അനുഭവമുണ്ടാകണം.
മര്‍ക്കോസിന്റെ സുവിശേഷത്തില്‍ യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അതിരാവിലെ കല്ലറയിങ്കലേക്കു പോകുന്നുണ്ട്. യഹൂദ പാരമ്പര്യമനുസരിച്ച്, യേശുവിന്റെ മൃതദേഹം സുഗന്ധദ്രവ്യങ്ങള്‍ കൊണ്ട് ലേപനം ചെയ്യണം. അതിനാണ് അവര്‍ പോയത്. കല്ലറയുടെ വാതില്‍ക്കലുള്ള വലിയ കല്ല് ആര് ഉരുട്ടിമാറ്റിത്തരും എന്ന ഉത്കണ്ഠയോടെയാണ് അവര്‍ പോകുന്നത്. പക്ഷെ, യേശുവിന്റെ മൃതദേഹം തേടിയെത്തിയ അവര്‍ കാണുന്നത് ഒരു വിസ്മയക്കാഴ്ചയാണ്; കല്ല് ഉരുട്ടിമാറ്റിയിരിക്കുന്നതും കല്ലറയ്ക്കുള്ളില്‍ വെള്ളവസ്ത്രധാരിയായ ഒരു യുവാവ് ഇരിക്കുന്നതും. ഇത്തരം വിസ്മയക്കാഴ്ചകള്‍ ക്രിസ്തു ഇന്നും ഒരുക്കുന്നുണ്ട്.
നിന്റെ ജീവിതയിടങ്ങളില്‍ നീ തേടുന്ന മൃതനായ ഒരു ക്രിസ്തുവുണ്ട്. ആ ക്രിസ്തുവിന്റെ ദേഹം സുഗന്ധതൈലം പൂശി കാത്തുസൂക്ഷിക്കാനാണ് നിന്റെ താല്‍പര്യമത്രയും. ക്രിസ്തുവിനെ തേടുന്ന നിനക്ക് അവന്റെ മൃതദേഹകാഴ്ചകള്‍ കൊണ്ട് തൃപ്തിപ്പെടാനാണിഷ്ടം. അത് നിന്നെ ഒരിക്കലും ശല്യപ്പെടുത്തുന്നില്ല. നിന്നെ സ്‌നേഹിക്കാനും ശാസിക്കാനും വരുന്നില്ല. നിന്റെ ഇംഗിതങ്ങള്‍ക്കൊത്ത് നിനക്കു ജീവിക്കാം. എന്നാല്‍ മറ്റുള്ളവരുടെ മുന്‍പില്‍ നീ ക്രിസ്തുവിനെ തേടുന്ന വ്യക്തിയുമായിരിക്കും.
ഇത്തരം ചെതന്യമറ്റ ശരാശരി ജീവിതങ്ങള്‍ക്കു മുന്‍പിലാണ് ഈ വെളിപ്പെടുത്തല്‍. കുരിശില്‍ തറയ്ക്കപ്പെട്ട നസ്രായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഇവിടെയില്ല. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഈ വെളിപ്പെടുത്തല്‍ നിന്നെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കില്‍ ഒന്നുറപ്പിക്കാം, നീ അവന്റെ വിസ്മയവഴികളില്‍ നിന്ന് എത്രയോ കാതം അകലെയാണ്.
മിശിഹായുടെ സമാധാനവാഹകരാകാന്‍ ഈ ഉത്ഥാനാനുസ്മരണം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഈശോ ഉത്ഥാനം ചെയ്തു എന്ന രഹസ്യം ശിഷ്യന്മാരെ അറിയിക്കാന്‍ അവിടുന്നു തന്നെ മഗ്ദലന മറിയത്തോട് ആവശ്യപ്പെടുന്നതും അതനുസരിച്ച് മറിയം പ്രവര്‍ത്തിക്കുന്നതും വചനത്തില്‍ നാം കാണുന്നുണ്ട്. നമുക്കുള്ളതേ പങ്കുവയ്ക്കാനാകൂ. അതുകൊണ്ട് ഉത്ഥാനം ചെയ്ത മിശിഹായെക്കുറിച്ചും അവന്‍ നല്‍കുന്ന സമാധാനത്തെക്കുറിച്ചും അപരനോട് പങ്കുവയ്ക്കണമെങ്കില്‍ ആദ്യമേ നമ്മള്‍ അത് സ്വായത്തമാക്കണം.
ഇവിടെയാണ് വിശ്വാസത്തിന്റെ പ്രസക്തി കടന്നുവരുന്നത്. മഗ്ദലന മറിയം ഉത്ഥിതനെ കണ്ടിട്ട് തോട്ടക്കാരനാണെന്നു തെറ്റിധരിച്ചു. എന്നാല്‍ തന്നെ പേരുചൊല്ലി വിളിച്ചവന്റെ രക്ഷാകരശബ്ദത്തെ തിരിച്ചറിയാന്‍ അവള്‍ക്കു കാഴ്ച ലഭിച്ചത് വിശ്വാസത്തിന്റെ കണ്ണുകള്‍ തുറക്കപ്പെട്ടപ്പോഴാണ്. ഈ വിശ്വാസം നേടിയെടുത്ത് ഉത്ഥിതനെ സ്വന്തമാക്കി പങ്കുവയ്ക്കാനുള്ള വെല്ലുവിളി ഈ ഉയിര്‍പ്പുതിരുനാള്‍ നമ്മുടെ മുന്‍പില്‍ വയ്ക്കുന്നു. സഹോദരങ്ങളുടെ ജീവിതങ്ങളില്‍ ഉത്ഥിതന്റെ സമാധാനം പകര്‍ന്നുനല്‍കാന്‍ നമുക്കാകണം. നമ്മുടെ അനുദിന ജീവിതസാഹചര്യങ്ങളില്‍, ചിന്താഗതികളില്‍ ഉത്ഥിതന്റെ സമാധാനം നിറയ്ക്കുമ്പോള്‍ അത് നാമുമായി ബന്ധപ്പെടുന്നവര്‍ക്കും അനുഭവവേദ്യമാകും. ഇങ്ങനെ സമാധാന സംവാഹകരായാലേ നമുക്കും ഈശോയെ, ഗുരോ എന്നു വിളിക്കുന്ന യഥാര്‍ഥ ശിഷ്യരാകാന്‍ കഴിയൂ.
ഓരോ ഉയിര്‍പ്പു തിരുനാളും ആഘോഷിക്കുമ്പോള്‍ നമ്മുടെയും ജീവിതങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെ. കൂടെയുള്ളവര്‍ക്കായി നന്മ നിറഞ്ഞ മനസ്സോടെ സര്‍വവും വിട്ടുനല്‍കി നമുക്കും യഥാര്‍ഥ ആനന്ദത്തിലേക്കു കടന്നുവരാം.
ബ്രദര്‍ ജോബിറ്റ് കാവാലം പുതുപ്പറമ്പില്‍ MCBS