
ഓശാനത്തിരുനാളിന്റെ ആര്‍പ്പുവിളിയിലേക്ക് സഭ പ്രവേശിക്കുകയാണ്. ഓശാന പാടി അവനെ എതിരേല്‍ക്കാനും അവനാണ് രക്ഷ എന്ന് വിളിച്ചുപറയാനും സഭ ഒരുങ്ങുന്ന ദിനം. വിശുദ്ധവാരത്തിന്റെ ആരംഭമാണ് ഇന്ന്. ഇനി ഇയൊരു ആഴ്ച്ചകാലം സഭ കടന്നുപോകുന്നത് അവന്റെ മനുഷ്യാവതാര രഹസ്യങ്ങളിലൂടെയാണ്. അന്ത്യ അത്താഴമേശയിലെ പരിശുദ്ധ കുര്‍ബാനസ്ഥാപനവും കുരിശിലെ ആത്മബലിയും ഒടുവിലായി ഉയിര്‍പ്പിന്റെ മഹിമയും. മാനവരാശിയുടെ വീണ്ടെടുപ്പുദിനങ്ങളാണ് ഇതൊക്കെയും. ഒപ്പം, ദൈവം മനുഷ്യനെ സ്‌നേഹിച്ചതിന്റെ വെളിപാടും.
ജെറുസലേമിലേക്കുള്ള ആഘോഷപ്രവേശനമാണ് ഓശാന ഞായര്‍. ഗലീലിയായില്‍ നിന്നും ക്രിസ്തു യഹൂദ മതകേന്ദ്രസ്ഥാനത്തേക്ക് മഹിമയോടെ ആഗതനാകുന്നു എന്നതാണ് ഇവിടത്തെ ധ്യാനവിഷയം. മിശിഹായെ തിരഞ്ഞ ജനമാണ് യഹൂദര്‍. കാരണം, തലമുറകളായി അടിമത്തം അനുഭവിച്ചു ജീവിച്ചവരാണ് അവര്‍. ഒരു രക്ഷകനെ സ്വപ്‌നം കണ്ടാണ് അവര്‍ അവരുടെ സഹനങ്ങളെ മറികടന്നതും. തങ്ങളെ രക്ഷിക്കാന്‍ ഒരാള്‍ വരുമെന്നുള്ള ഒരു വിശ്വാസം അവര്‍ക്ക് അടിമത്തത്തിന്റെ സഹനപര്‍വങ്ങള്‍ താണ്ടാന്‍ ബലം നല്‍കി.
ഇങ്ങനെയൊരു ചരിത്രപശ്ചാത്തലത്തിലാണ് ക്രിസ്തു ജെറുസലേം നഗരത്തിലേക്കു രാജകീയപ്രവേശനം നടത്തുന്നത്. ഒരു ജനത കാത്തിരിക്കുന്ന ഒരു സ്വപ്നത്തിന്റെ പരിസമാപ്തിയായി അവന്‍ ആ നഗരത്തിലേക്കു പ്രവേശിച്ചു. സുവിശേഷത്തിന്റെ ധ്യാനത്തില്‍ ജെറുസലേം പ്രവേശനത്തിന് ഈ ഒരു അര്‍ഥം മാത്രമേയുള്ളോ എന്നു ചോദിച്ചാല്‍, ഇല്ല എന്നാവും മറുപടി. കാരണം, സുവിശേഷം മറ്റൊരു അര്‍ഥം കൂടി ഇതിനു കല്‍പിച്ചുനല്‍കുന്നുണ്ട്.
ഓശാന എന്ന പദത്തിനര്‍ഥം ‘ഞങ്ങളെ രക്ഷിക്കുക’ എന്നാണ്. അതൊരു പ്രാര്‍ഥനയാണ്. രാഷ്ട്രീയമാനങ്ങള്‍ക്കപ്പുറം അതിലൊരു വിശുദ്ധ വിമോചനത്തിന്റെ ആഴം കൂടിയുണ്ട്. ക്രിസ്തു വന്നത് രാഷ്ട്രീയമോചനം സാധ്യമാക്കാനാണോ അല്ലെങ്കില്‍ രക്ഷ നല്‍കാനാണോ എന്നതാണ് ഇവിടെ വിഷയം. ക്രിസ്തു രക്ഷകനാണ്, ദൈവപുത്രനാണ്. അവന്‍ കൊണ്ടുവരുന്ന വിമോചനത്തിന് മനുഷ്യര്‍ കല്‍പിച്ചുനല്‍കുന്ന ഒരു അര്‍ഥമല്ല ഉള്ളതും. ‘എന്റെ രാജ്യം ഐഹികമല്ല’ എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തു അവരെ തിരുത്തിയിട്ടുമുണ്ട്. അവന്‍ ദൈവരാജ്യത്തിന്റെ വക്താവാണ്.
‘ഞങ്ങളെ രക്ഷിക്കുക’ എന്ന മനുഷ്യനിലവിളിയുടെ ഉത്തരമാണ് അവന്‍. ആ ഉത്തരത്തില്‍ ഹിംസ കലരാന്‍ പാടില്ല. കാരണം അവന്‍ വന്നതുതന്നെ സ്‌നേഹം പ്രഘോഷിച്ചുകൊണ്ടാണ്. ആ കാഴ്ചപ്പാടില്‍ അവനില്‍ ലോകത്തിന്റെ വിപ്ലവമില്ല എന്നാണ് നമ്മള്‍ ഉറപ്പിക്കേണ്ടത്. ഹിംസയുടെ ശരീരഭാഷ അയാള്‍ പേറുന്നില്ല. ബലിക്കായി കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ എളിമയോടെ ജീവിച്ചു.
അന്നത്തെ സാഹചര്യത്തില്‍ ഒരുപക്ഷെ, ജെറുസലേം നഗരത്തിലേക്ക് അങ്ങനെയൊരു രാജകീയപ്രവേശനം ഒട്ടും സാധ്യമായിരുന്നില്ല. കാരണം, ജെറുസലേം നഗരം റോമന്‍ സൈന്യവും, ജെറുസലേം ദൈവാലയം യഹൂദസൈന്യവും സംരക്ഷിച്ചുപോന്ന ഒരിടമായിരുന്നു. അപ്പോള്‍ അതിനര്‍ഥം ക്രിസ്തു പ്രവേശിച്ചത് എളിമയോടെയാവണം എന്നാണ്. ആ യാത്രപോലും അവന്റെ എളിമ രേഖപ്പെടുത്തുന്നുണ്ട്. കഴുതപ്പുറത്താണ് അവൻ ആ നഗരത്തിലേക്കു പ്രവേശിക്കുന്നത്. മത്തായി സുവിശേഷകന്‍ മനഃപൂര്‍വം ക്രിസ്തുവിന്റെ രാജകീയപ്രതാപം വിട്ടു കളഞ്ഞു. സഖറിയ പ്രവാചകന്‍ ക്രിസ്തുപ്രതാപം വര്‍ണ്ണിക്കുമ്പോള്‍തന്നെ ക്രിസ്തുവിന്റെ എളിമയ്ക്കാണ് പ്രാധാന്യം നല്‍കിയത്.
മൂന്നുകൂട്ടരെ ഈ യാത്രയില്‍ നമുക്കു കാണാം. ഒന്നാമതായി, ഓശാന വിളിക്കുന്ന ഗലീലിയിലെ തീര്‍ഥാടകര്‍, രണ്ടാമതായി ക്രിസ്തുശിഷ്യര്‍, മൂന്നാമതായി ഈ പ്രവേശനം ഇഷ്ടമില്ലാത്ത ജെറുസലേം നിവാസികള്‍. ഈ വര്‍ണ്ണനയില്‍തന്നെ കുരിശിന്റെ ആരംഭം മത്തായി സുവിശേഷകന്‍ കുറിക്കുന്നു. ഗലീലിയയിലെ തീര്‍ഥാടകരാണ് അവന് ഓശാന പാടുന്നത്. പുരാതനകാലത്ത് രാജാക്കന്മാരെ സ്വീകരിക്കുന്ന രീതിയാണ് വഴിയില്‍ വസ്ത്രം വിരിക്കുന്നതും മരച്ചില്ലകള്‍ വീശുന്നതും. യഹൂദരെ സംബന്ധിച്ച് മരച്ചില്ലകള്‍ വീശുന്നതും ഓശാന പാടുന്നതും കൂടാരത്തിരുനാളിന്റ ദിനത്തിലാണ്. ദൈവം കൂടെവന്നതിന്റെ ഓര്‍മ്മയില്‍ അവര്‍ അവനു മുന്‍പില്‍ ഓശാന പാടി അവനെ സ്വാഗതം ചെയ്യുകയാണ്.
എന്തിനാവണം അവന്‍ കഴുതയുടെ പുറത്ത് നഗരത്തിലേക്കു പ്രവേശിച്ചത്? രാജാവ് കുതിര ഉപയോഗിക്കുന്നത് യുദ്ധത്തിനു പോകുമ്പോഴാണ്; കഴുതപ്പുറത്ത് ഒരു രാജാവ് യാത്ര ചെയ്യുന്നത് സമാധാനം സ്ഥാപിക്കാനും. അങ്ങനെയെങ്കില്‍ ക്രിസ്തു ജെറുസലേം നഗരത്തിലേക്കു പ്രവേശിച്ചത് ഒന്നും കീഴടക്കാനോ, ആരെയും തോല്‍പിക്കാനോ അല്ല, മറിച്ച് ഭൂമിയില്‍ സമാധാനം സ്ഥാപിക്കാനാണ്. അവന്റെ വരവ് ദൈവപുത്രനായിട്ടാണ്, സമാധാനത്തിന്റെ രാജാവായിട്ടാണ്. ഓശാനയ്ക്ക് മറ്റൊരര്‍ഥം കൂടിയുണ്ട്. അത് മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന കൂടിയാണ്. വരണ്ടുപോയ ഭൂമിയില്‍, അതിനെ നനയ്ക്കാന്‍ വരേണ്ട മഴയ്ക്കു വേണ്ടിയുള്ള പ്രാര്‍ഥന. വരണ്ടുപോയ ഹൃദയത്തില്‍ ഇനിയൊരു ദൈവകൃപ മഴയായി പെയ്തിറങ്ങട്ടെ എന്നുകൂടി ഓശാന എന്ന വാക്കില്‍ കൂട്ടിവായിക്കണം.
ഓശാന ഒരു ഓര്‍മ്മപ്പെടുത്തലാണ്. ചിലയിടങ്ങളെ നമ്മള്‍ വിശുദ്ധീകരിക്കേണ്ടതാണ് എന്നുള്ള ഓര്‍മ്മപ്പെടുത്തല്‍. കൃപ കുറഞ്ഞപോയ ഒരു ജെറുസലേമിലേക്കാണ് അവന്‍ കൃപയായി കയറിച്ചെന്നത്. അവരുടെ ഓശാനവിളികളില്‍ അവന്‍ വീണുപോയില്ല. ജെറുസലേം ലക്ഷ്യമാക്കി അവന്‍ നടന്നു. അവിടെ അവനെ കാത്ത് ഒരു കുരിശും ഉണ്ടായിരുന്നു. ആ സഹനപരിസരങ്ങളിലും അവന്‍ കൃപയുടെ മഴപെയ്ത്ത് നടത്തിയാണ് നടന്നതും.
ജെറുസലേം നമ്മുടെയും ഒരു ജീവിതയിടമാണ്. കുരിശ് നിറഞ്ഞ ഇടങ്ങളിലും ഹൃദയം കലങ്ങാതെ ജീവിക്കാന്‍ പഠിക്കേണ്ട ഇടം. ഓശാനയുടെ ആര്‍പ്പുവിളിയില്‍ സ്വയം മറന്നുപോകാതിരിക്കാനും, സങ്കടങ്ങളുടെ ജെറുസലേമില്‍ പതറിപ്പോകാതെയും ഒരാള്‍ ഒരുങ്ങേണ്ട ഇടം. രണ്ടും ജീവിതത്തിന്റെ വഴികളാണ്. രണ്ടും ജീവിതത്തിന്റെ ഒടുക്കവുമല്ല. രണ്ടും കടന്നുപോകും. തികഞ്ഞ ഒരു പ്രത്യാശയോടെ ജീവിക്കാന്‍ പഠിക്കുക. വിശുദ്ധവാരത്തിന്റെ പുണ്യത്തിലേക്ക് നമ്മള്‍ പ്രവേശിക്കുകയാണ്.
അവന്റെ ഓശാനദിനത്തിന്റെ മഹിമ കഴിഞ്ഞു. അവന്റെ പെസഹാവ്യാഴത്തിന്റെ വിശുദ്ധിയും ഒപ്പം ഒറ്റപ്പെടലിന്റെ ദുഃഖവെള്ളിയും നമുക്കു മുന്നില്‍ അനാവൃതമാക്കും. എന്നിട്ടും നമ്മള്‍ എത്തുക അവന്റെ ഉയിര്‍പ്പിന്റെ മഹിമയുള്ള കല്ലറയിലാണ്.
അതാണ് ജീവിതം. എല്ലാം കടന്നുപോകും. ജീവിക്കാനാണ് നമ്മള്‍ പഠിക്കേണ്ടത്. കലങ്ങാതെ, പതറാതെ വീണുപോകാതെ മുന്നോട്ടുനടക്കാന്‍ പഠിക്കുക.
ബ്രദര്‍ ആല്‍ബിന്‍ പാലക്കുടിയില്‍ MCBS