
ന്യൂയോര്‍ക്കിലുള്ള മാക്‌സ് ജോയ്‌സ്-ലിസ് ദമ്പതികളുടെ ഹൃദയസ്പര്‍ശിയായ ജീവിതകഥ ഒരുപക്ഷേ നമ്മുടെയൊക്കെ മനസ്സിനെ സ്പര്‍ശിച്ചിട്ട് അധികം നാളുകളായില്ല. തന്നെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഗുരുതരമായ കാന്‍സര്‍ രോഗത്തിനുള്ള ചികിത്സ തന്റെ ഉദരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ശിശുവിന് ദോഷകരമാണെന്നു മനസ്സിലാക്കി ചികിത്സ തുടരാന്‍ അനുവദിക്കാതിരുന്ന ലിസ് എന്ന അമ്മയും ഈ അമ്മയ്ക്ക് എല്ലാവിധ പിന്തുണയുമായി കൂടെനിന്ന ഭര്‍ത്താവ് മാക്‌സ് ജോയ്‌സും മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടി. അവരുടെ പുത്രി ജനിച്ച് ആറാഴ്ചകള്‍ക്കുള്ളില്‍ തന്റെ 36-ാം വയസ്സില്‍ ലിസ് മരണത്തിനു കീഴടങ്ങി. വിശുദ്ധ ജിയെന്ന ഉള്‍പ്പെടെ ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ ഇന്ന് നമുക്കറിയാം. സ്‌നേഹം എന്നത് കേവലം വികാരമെന്നതിനപ്പുറം ഒരു തീരുമാനമാണ് എന്നാണ് ഇവരുടെയെല്ലാം ജീവിതം നമ്മെ പഠിപ്പിക്കുന്നത്. അത് മറ്റൊരാളുടെ ജീവിതത്തെക്കുറിച്ചുള്ള കരുതലും അപരനിലേക്കുള്ള നടപ്പുമാണ്.
ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഹൃദ്യത വിശദമാക്കുന്ന, ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ വരെ സ്വമനസ്സാ ബലിയര്‍പ്പിക്കാന്‍ തയ്യാറാകുന്ന നല്ല ഇടയനെക്കുറിച്ചുള്ള വിവരണമാണ് യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം 11 മുതല്‍ 18 വരെയുള്ള തിരുവചനങ്ങളിലൂടെ തിരുസഭാമാതാവ് മക്കളായ നമുക്കോരോരുത്തര്‍ക്കും ഇന്ന് വചന വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത്.
പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരേപോലെ മനുഷ്യഹൃദയങ്ങളില്‍ പച്ചപിടിച്ചുനില്‍ക്കുന്ന ആര്‍ദ്രവും ലളിതവും വൈകാരികത നിറഞ്ഞതുമായ ഒരു ദൈവസങ്കല്‍പമാണ് നല്ല ഇടയന്റേത്. ദൈവം നല്ല ഇടയനെപ്പോലെ ഇസ്രായേല്‍ ജനത്തെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് സങ്കീര്‍ത്തനങ്ങളില്‍ ഏശയ്യാ, ജെറമിയാ, എസെക്കിയേല്‍ മുതലായ പ്രവാചകഗ്രന്ഥങ്ങളിലും കൂടെക്കൂടെ പ്രതിപാദിക്കുന്ന വിഷയമാണ്. പാലസ്തീനായുടെ മണ്ണില്‍ ജീവിക്കുന്ന ഏതൊരു സാധാരണ മനുഷ്യനും ഗ്രഹിക്കാന്‍ സാധിക്കുന്ന ദൈവികവിചാരമാണത്. കാരണം, അവരില്‍ ഭൂരിഭാഗവും നാട്ടിന്‍പുറങ്ങളില്‍ ആടുകളെ മേയ്ക്കുന്ന ഇടയന്മാര്‍ തന്നെയായിരുന്നു. ആടുകള്‍ക്ക് ഇടയന്‍ എപ്രകാരം വിലപ്പെട്ടതാണെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. അക്കാലഘട്ടം പോലെ ഇന്നും മനുഷ്യഹൃദയങ്ങളെ തരളിതമാക്കുന്ന ഏറ്റവും മിഴിവുള്ള ചിന്തയാണ് നല്ല ഇടയനായ ദൈവം. നമ്മെ ആശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തെക്കുറിച്ചുള്ള മനോഹരചിത്രമാണ് നല്ല ഇടയന്റേത്.
സങ്കീര്‍ത്തനങ്ങളുടെ പുസ്തകം 23-ാം അധ്യായം ഒന്നാം വാക്യത്തിലൂടെ ദൈവത്തിന്റെ തിരുവചനവും നമ്മോടു പറഞ്ഞുവയ്ക്കുന്നത് ഇതുതന്നെയാണ്. ”കര്‍ത്താവാണ് എന്റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.” കര്‍ത്താവ് എന്റെ ഇടയനാണെങ്കില്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. കാരണം, അവന്‍ നല്ല ഇടയനാണ്. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ നല്‍കുന്നവനും ജീവനര്‍പ്പിക്കുന്നവനുമാണ്.
നല്ല ഇടയന്റെ പ്രത്യേകത ഇതുതന്നെയാണ്. ”അവന്‍ ജീവദാതാവും ജീവനേകുന്നവനുമാണ്. ” ചുരുക്കത്തില്‍ അപ്പനില്‍നിന്ന് നല്ല അപ്പനിലേക്കും, അമ്മയില്‍നിന്ന് നല്ല അമ്മയിലേക്കും, മക്കളില്‍നിന്ന് നല്ല മക്കളിലേക്കും, സുഹൃത്തില്‍നിന്ന് നല്ല സുഹൃത്തിലേക്കുമുള്ള ദൂരം ഇടയനില്‍നിന്ന് നല്ല ഇടയനിലേക്കുള്ള ദൂരം തന്നെയാണ്. ആടുകളെ അറിയുക, ആടുകളെ മുന്‍പേനിന്നു നയിക്കുക, ആടുകളെ പേരു ചൊല്ലി വിളിക്കുക, ആടുകള്‍ക്ക് ജീവനേകുക. അവസാനം ക്രിസ്തു കാണിച്ചുതന്നതുപോലെ ആടുകള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിക്കുക.
ക്രിസ്തുവിന്റെ ഇടയഭാവത്തിനു മൂന്നു തലങ്ങളാണുള്ളത്. ഒന്നാമതായി, തിരിച്ചുനടത്തേണ്ടവനാണ് ഇടയന്‍. സക്കേവൂസിനെ കടന്നുപോകേണ്ടവനായിരുന്നു ക്രിസ്തു. എന്നിട്ടും അവിടുന്ന് സക്കേവൂസിന്റെ ഭവനത്തിലേക്കു തിരിച്ചുനടക്കുന്നുണ്ട്. നഷ്ടപ്പെട്ട ഒരാടിനുവേണ്ടി തിരിച്ചുനടക്കുന്ന, അവനെ പാപത്തിന്റെ പടുകുഴിയില്‍നിന്നും ദൈവാനുഭവത്തിന്റെ ആനന്ദത്തിലേക്കു കൈപിടിച്ചു നടത്തുന്നതാണ് ക്രിസ്തുവിന്റെ ഇടയഭാവം. ഓരോ ക്രിസ്ത്യാനിയും തിരിച്ചുനടക്കാന്‍ സാധിക്കേണ്ടവനാണ്. കടന്നുപോകാമായിരുന്നിട്ടും തിരിച്ചുനടന്ന്, ഒരുമിച്ചുനടക്കേണ്ട സഹോദരനെ പാപത്തിന്റെ, തിന്മയുടെ കുഴിയില്‍നിന്നു പിടിച്ചുകയറ്റാന്‍, ദൈവസ്‌നേഹത്തിന്റെ ആര്‍ദ്രത അവനുമായി പങ്കുവച്ച് അവനെ ദൈവത്തിനുവേണ്ടി നേടാന്‍, തിരിച്ചുനടക്കാന്‍ നമുക്കും സാധിക്കട്ടെ.
രണ്ടാമതായി, കാത്തുനില്‍ക്കുന്നവനാണ് ഇടയന്‍. ഈ സുവിശേഷത്തിന്റെ ഇതളുകള്‍ പിറകോട്ടു മറിക്കുമ്പോള്‍ കണ്ടുമുട്ടുന്നുണ്ട് ക്രിസ്തുവിന്റെ ആ കാത്തിരിപ്പ്. യാക്കോബിന്റെ കിണറ്റിന്‍കരയില്‍ പൊള്ളുന്ന ചൂടത്തും സമരിയാക്കാരിക്കുവേണ്ടി കാത്തിരിക്കുന്ന നല്ല ഇടയന്‍. ചില കാത്തിരിപ്പുകള്‍ നമുക്ക് അനിവാര്യമാണ്. രക്ഷയുടെ സമൂഹത്തില്‍നിന്നും അകലെയായിരിക്കുന്നവന്‍ ഒപ്പമെത്താന്‍, അടുത്തെത്താന്‍ കാത്തിരിക്കണം. അവനും ക്രിസ്തുവിന്റെ സ്‌നേഹം പങ്കുവച്ച് കൂടെക്കൂട്ടണം – രക്ഷയുടെ പാതയില്‍ ഒപ്പം ചരിക്കാന്‍.
മൂന്നാമതായി, മുന്നോട്ടോടേണ്ടവനാണ് ഇടയന്‍. എമ്മാവൂസ് യാത്രയില്‍ ദൈവസാന്നിധ്യത്തില്‍ നിന്നു വിട്ടകന്ന ശിഷ്യരുടെ അടുത്തെത്തി, അവരുടെ ഒപ്പം യാത്ര ചെയ്ത് അന്ധകാരത്തിന്റെ വഴിയില്‍നിന്നും പ്രകാശത്തിലേക്ക് അവരെ തിരികെ കൊണ്ടുവരുന്ന ക്രിസ്തുവിനെയാണ്. ചില ‘മുന്നോട്ടങ്ങള്‍’ നമ്മുടെ ജീവിതത്തിലും അനിവാര്യമാണ്. കാരണം, രക്ഷയുടെ മാര്‍ഗം വിട്ട് മുന്‍പേ ഗമിക്കുന്ന, അന്ധകാരത്തിലേക്കു യാത്രചെയ്യുന്ന പലരെയും, ഒപ്പമെത്തി തിരികെ ക്രിസ്തുവിന്റെ പ്രകാശത്തിലേക്കു കൊണ്ടുവരേണ്ടവരാണ് ഞാനും നിങ്ങളും.
അവസാനമായി, ഇടയനെ നല്ല ഇടയനാക്കുന്നതില്‍ ആടുകള്‍ക്കും നല്ല ഒരു പങ്കുവഹിക്കാനുണ്ട്. ഞാനായിരിക്കുന്ന ആട്ടിന്‍കൂട്ടത്തിന്റെ ഇടയന്‍ എനിക്കായി കാണിച്ചുതരുന്ന പുല്‍മേടുകള്‍ക്കു പകരം ഞാനാഗ്രഹിക്കുന്ന പച്ചുപ്പുല്‍മേടുകള്‍ തേടിപ്പോകുമ്പോള്‍ ഇടയനോടൊപ്പം 99 ആടുകളെയും ഞാന്‍ അസന്നിഗ്ധാവസ്ഥയില്‍ നിര്‍ത്തിയിട്ടാണ് പോകുന്നത്. അതിനാല്‍, സ്‌നേഹമുള്ളവരെ, ഞാനും നിങ്ങളും നമ്മുടെ ഇടയന്റെ സ്വരത്തിനൊത്തു നീങ്ങുന്നവരാകണം. എന്നെ നയിക്കുന്ന ഇടന്റെ സ്വരം ശ്രവിക്കുന്നതില്‍ നിന്ന് എന്നെ മാറ്റിനിര്‍ത്തുന്ന വിധത്തില്‍ ഈ ലോകത്തിന്റെ ശബ്ദകോലാഹലങ്ങള്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍ ഉറച്ചുപോയിട്ടുണ്ടെങ്കില്‍ അവയെ മാറ്റിനിര്‍ത്തി നല്ല ഇടയന്റെ സ്വരം ശ്രവിക്കാന്‍ നമുക്കു സാധിക്കട്ടെ.
ദൈവത്തിന്റെ പ്രിയജനമേ, ക്രിസ്തുവിന്റെ ഇടയഭാവത്തിന്റെ ആര്‍ദ്രത തിരിച്ചറിഞ്ഞ് ചില തിരിച്ചുനടക്കലിലൂടെ, കാത്തിരിപ്പുകളിലൂടെ, മുന്നോട്ടങ്ങളിലൂടെ ആ ഇടയഭാവത്തിന്റെ ആര്‍ദ്രതയെ അതിന്റെ തീവ്രതയോടെ മറ്റുള്ളവരിലേക്കു പകര്‍ന്നുകൊടുക്കാന്‍ നമുക്കു സാധിക്കട്ടെ. അതിനുള്ള കൃപയ്ക്കായി ഈ വിശുദ്ധ ബലിയില്‍ നമുക്കു പ്രാര്‍ഥിക്കാം.
ദൈവമേ, നീ എന്നെ ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്വം നല്ലിടയനായ നിന്റെ ഹൃദയഭാവത്തോടെ നിര്‍വഹിക്കാന്‍ എനിക്ക് സന്മസ്സും കൃപയും തരേണമേ എന്ന പ്രാര്‍ഥനയോടെ സ്‌നേഹത്തിന്റെയും കരുണയുടെയും ഈ വിശുദ്ധ ബലി നമുക്കു തുടരാം. സര്‍വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബ്രദര്‍ ആല്‍ബിന്‍ പെരിങ്ങല്ലൂര്‍ MCBS