
ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരെ,
ടി പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’ എന്ന ചെറുകഥ ഇപ്രകാരമാണ്. ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വിഷവും വാങ്ങി അവസാനമായി ഒരു സിനിമ കാണണമെന്ന ചിന്തയില്‍ അയാള്‍ തീയറ്ററില്‍ എത്തുകയാണ്. ഹൃദയത്തിലെ മുറിവുകള്‍ പൊട്ടി, ചോര വാര്‍ന്നൊഴുകുന്ന അവസ്ഥയിലാണ് അയാള്‍. സംശയത്തിന്റെ പടര്‍ന്നുകത്തുന്ന പന്തം അയാളുടെ ജീവിതത്തെ തന്നെ ചാമ്പലാക്കുന്ന അവസ്ഥ. കരിന്തിരി കത്തുന്ന ഈ ജീവിതത്തിലേക്കാണ് ചൈതന്യത്തിന്റെ സാമീപ്യമായി ഒരു കൊച്ചുപെണ്‍കുട്ടി കടന്നുവരുന്നത്. മരിക്കാന്‍പോകുന്ന അയാള്‍ക്ക് അവള്‍ ഒരു ചോക്ലേറ്റ് കൊടുത്തു. ജീവിതഗാനം നിലയ്ക്കാന്‍പോകുന്ന അയാള്‍ക്കുവേണ്ടി അവള്‍ അസ്സലായി ഒരു പാട്ടുപാടി. മുഷിഞ്ഞുനാറിയ ഷര്‍ട്ട് ഇട്ടവനായിരുന്നിട്ടും ഇംഗ്ലീഷ് സിനിമയുടെ കഥ പറഞ്ഞുതരാമോ എന്നുചോദിച്ചു. ബീഡി പണിക്കാരനെന്നു മുന്‍പൊരിക്കല്‍ പരിഹസിക്കപ്പെട്ടവന്റെ ഗ്രാഫ് കുത്തനെ ഉയരുന്നു. അടുത്ത ആഴ്ചയും വരണമെന്ന അവളുടെ ആവശ്യം ഇരുട്ടറയില്‍ ശ്വാസം മുട്ടിയ അയാളെ തുറന്ന മൈതാനത്തി ലേക്കെത്തിച്ചു. വിഷം വലിച്ചെറിഞ്ഞ് ജീവിതത്തിലേക്കുവന്ന കഥാനായകന്‍ പെണ്‍കുട്ടിയെ ഇങ്ങനെ വിശേഷിപ്പിച്ചു ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി.’
മനുഷ്യന്റെ പാപവും അനുതാപത്തിന്റെ ആവശ്യകതയും അനുതപിക്കുന്ന പാപികളോട് കാരുണ്യവാനായ ദൈവം കാണിക്കുന്ന സ്‌നേഹവും ഈശോമിശിഹായുടെ പീഡാനുഭവ-മരണ-ഉത്ഥാനവും പ്രധാന ചിന്താവിഷയമാക്കുന്ന കാലഘട്ടമാണ് നോമ്പുകാലം. നോമ്പുകാലത്തിന്റെ അഞ്ചാം ഞായറാഴ്ച തിരുസഭ വചനവിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. യോഹന്നാന്റെ സുവിശേഷം എഴാം അധ്യായം 37 മുതല്‍ 39 വരെയും, എട്ടാം അധ്യായം 12 മുതല്‍ 20 വരെയുമുള്ള തിരുവചനഭാഗങ്ങളാണ്. ഈ വചനഭാഗം യഹൂദരുടെ കൂടാരത്തിരുനാളിന്റെ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിലൂടെ യേശു നമ്മെ ഓര്‍മ്മപ്പെടുത്തുന്ന വലിയ സത്യം ഇതാണ്, യേശുവാണ് ലോകത്തിന്റെ പ്രകാശം. നാം എപ്പോഴും നിത്യപ്രകാശമായ യേശുവിന്റെ കൂടെയായിരിക്കേണ്ടവരാണ്. വേദനകളും ആകുലതകളും വഴി അന്ധകാരം നിറഞ്ഞ അപരന്റെ ജീവിതത്തില്‍ പ്രകാശം പരത്താന്‍ വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.
വാഗ്ദത്തദേശം കൈവശമാക്കുന്നതിനുമുന്‍പുള്ള 40 വര്‍ഷക്കാലം കൂടാരങ്ങളില്‍ വസിച്ചതിന്റെയും ആ സമയത്ത് കര്‍ത്താവിന്റെ ചൈതന്യം അവരോടു കൂടെയായിരുന്നുകൊണ്ട് കാത്തുപരിപാലിച്ച തിന്റെയും ഓര്‍മ്മയാചരിക്കാന്‍ ലോകമെമ്പാടുമുള്ള യഹൂദര്‍ കൂടാരത്തിരുനാളിന് ഒരുമിച്ചുകൂടിയിരുന്നു. കൂടാരത്തിരുനാളിനോട് അനുബന്ധിച്ച് പ്രധാനമായി രണ്ട് ആചാരങ്ങളാണ് യഹൂദര്‍ അനുഷ്ഠിച്ചിരുന്നത്. ഒന്ന്, തിരുനാള്‍ ദിനങ്ങളില്‍ സീലോഹക്കുളത്തില്‍നിന്നും സ്വര്‍ണ്ണക്കുടത്തില്‍ വെള്ളം ശേഖരിച്ച് പുരോഹിതന്‍ ദൈവാലയം കഴുകിയിരുന്നു. രണ്ട്, ദൈവാലയത്തിന്റെ നാലുകോണിലും വലിയ നാലു ദീപസ്തംഭങ്ങള്‍ രാത്രികാലത്ത് കത്തിച്ചിരുന്നു. ഈ ആചാരങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസജീവിതത്തില്‍ ജീവന്‍ നല്‍കുന്ന ജീവജലവും വെളിച്ചം നല്‍കുന്ന പ്രകാശവും ക്രിസ്തുവാണെന്ന് ഇന്നത്തെ വചനഭാഗം നമ്മോടു പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ജലത്തോടും പ്രകാശത്തോടും തന്നെ താദാത്മ്യപ്പെടുത്തി സംസാരിക്കുമ്പോള്‍ തന്റെതന്നെ ദൈവികതയാണ് ക്രിസ്തു വെളി പ്പെടുത്തുന്നത്.
ഉല്‍പത്തി പുസ്തകത്തില്‍ നിന്നുള്ള ഒന്നാം വായനയില്‍ നീരുറവയില്‍ ദൈവസ്‌നേഹം തിരിച്ചറിഞ്ഞ് ഹാഗാറിന് അവളുടെ വൈരുധ്യങ്ങളുടെ മധ്യേ ദൈവം തന്നെ വെളിപ്പെടുത്തുന്നതാണ്. ഇസ്രായേല്‍ ദൈവജനമാണെന്നും ദൈവീകസാന്നിധ്യം അവരോടൊപ്പമുണ്ടെന്നും തിരിച്ചറിഞ്ഞ് ഗിദയോന്‍കാര്‍ ഇസ്രായേലിന്റെ അടിമകളായി അവരോടൊപ്പം ജീവിക്കാന്‍ തയ്യാറാണെന്ന് ജോഷ്വാ പ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള രണ്ടാം വായനയിലൂടെ പറഞ്ഞുവയ്ക്കുന്നു. ക്രിസ്തീയജീവിതശൈലി എന്തായിരിക്കണമെന്നും ഉത്തമ ക്രൈസ്തവജീവിതത്തിന് ക്രിസ്തു തന്നെയാണ് മാതൃകയെന്നും വി. പൗലോസ് ലേഖനത്തിലൂടെ പറഞ്ഞുവയ്ക്കുന്നു.
പുറപ്പാട് യാത്രയില്‍ അഗ്‌നിസ്തംഭമായി കൂടെനടന്ന ദൈവത്തെ അനുസ്മരിക്കുന്ന കൂടാരത്തിരുനാള്‍ ദിനം അവിടെ കൂടിയിരുന്നവരോട്, താന്‍ ലോകത്തിന്റെ പ്രകാശമാണെന്നും തന്നെ അനുഗമിക്കുന്നവന്‍ അന്ധകാരത്തില്‍ വീഴുകയില്ല എന്നും പ്രഖ്യാപിക്കുന്നു. വെളിച്ചത്തില്‍ ജീവിക്കാന്‍, പ്രകാശമാകുന്ന പുതിയ വ്യക്തികളായി ജീവിക്കാനുള്ള ആഹ്വാനമാണ് ഈ വചനഭാഗം നല്‍കുക.
എവിടെയും ഇരുട്ടു പടരുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ആനുകാലിക സംഭവങ്ങളും ചിന്താധാരകളുമെല്ലാം ഇത് ശരിവയ്ക്കുന്നു. ക്രൂരമായ പിഡനങ്ങളും അരുംകൊലകളും നിത്യേന അരങ്ങേറുന്നു, മനുഷ്യമനഃസാക്ഷി തണുത്തുപോകുന്നു, സാമ്പത്തികനേട്ടത്തിനും സ്വന്തം സുഖത്തിനുമായി ഏതു മാര്‍ഗവും മനുഷ്യന്‍ സ്വീകരിക്കുന്നു. ഇങ്ങനെ അന്ധകാരം നിറഞ്ഞ ലോകത്ത് പ്രകാശത്തിന്റെ സാക്ഷികളാകാന്‍, പ്രകാശം നിറയ്ക്കാന്‍ നമുക്കു സാധിക്കട്ടെ.
വി. അഗസ്തീനോസ് ഇപ്രകാരം പറയുന്നുണ്ട്: ”രാത്രികാലങ്ങളില്‍ സൂര്യപ്രകാശം നമ്മെ ഉപേക്ഷിച്ചു പോകുന്നു എന്നാല്‍ മിശിഹായാകുന്ന പ്രകാശമാകട്ടെ, നമ്മെ ഒരിക്കലും ഉപേക്ഷിച്ചുപോകുന്നില്ല.”
ബൈബിളിലുടനീളം ദൈവികവെളിപാടുകള്‍ക്ക് പ്രകാശത്തിന്റെ അകമ്പടിയുണ്ട്. മോശയ്ക്ക് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നത് കത്തിയെരിയുന്ന മുള്‍പടര്‍പ്പിലാണ്. പഴയ നിയമത്തിലെ ദൈവത്തോടും ദൈവീകപ്രമാണങ്ങളോടും ബന്ധപ്പെടുത്തി തന്നെ അവതരിപ്പിക്കുമ്പോള്‍ പഴയനിയമത്തിലെ ദൈവം താന്‍ തന്നെയാണെന്ന് ക്രിസ്തു വെളിപ്പെടുത്തുന്നു. ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ദൈവീക ശോഭയും മങ്ങിപ്പോയ പ്രകാശവെളിച്ചവും വീണ്ടെടുക്കാന്‍ ഈ നോമ്പിന്റെ ദിനങ്ങള്‍ നമ്മെസഹായിക്കട്ടെ. വിശുദ്ധിയുടെ പ്രകാശം കൊണ്ട് നമ്മുടെ ജീവിതങ്ങളെ നിറയ്ക്കാം. അങ്ങനെ ക്രിസ്തുവിനെപ്പോലെ നമ്മുടെ ജീവിതം അനേകര്‍ക്കും മാര്‍ഗദീപമായിത്തീരട്ടെ.
ദിവ്യകാരുണ്യനാഥന്‍ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബ്രദര്‍ ജെറിന്‍ കുന്നപ്ലാത്ത് MCBS