
ഈശോയില്‍ ഏറെ സ്‌നേഹം നിറഞ്ഞവരേ,
നോമ്പുകാലത്തിന്റെ നാലാമത്തെ ഞായറാഴ്ചയിലേക്കു പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് വചനവിചിന്തനത്തിനായി നല്‍കുന്നത് വി. മത്തായിയുടെ സുവിശേഷം 21-ാം അധ്യായം 33 മുതല്‍ 44 വരെയുള്ള തിരുവചനഭാഗങ്ങളാണ്. ഈശോ നമ്മോട് ഒരു കഥ പറയുകയാണ്, മുന്തിരിത്തോട്ടവും അതിന്റെ ഉടമസ്ഥനും അയാളുടെ കൃഷിക്കാരും അയാള്‍ അയയ്ക്കുന്ന ഭൃത്യന്മാരും പിന്നെ സ്വന്തം പുത്രനും ഉള്‍പ്പെടുന്ന ഒരു കഥ. 28-ാ മത്തെ വചനമാണ് ഇവിടെ മര്‍മ്മപ്രധാനമായി നില്‍ക്കുന്നത്. അത് ഇപ്രകാരമാണ്: ”അവനെ കണ്ടപ്പോള്‍ അവര്‍ ഇപ്രകാരം പറഞ്ഞു – ഇവനാണ് അവകാശി. വരുവിന്‍, നമുക്ക് ഇവനെ കൊന്ന് അവകാശം സ്വന്തമാക്കാം.” അവകാശം സ്വന്തമാക്കാനുള്ള കൃഷിക്കാരുടെ മനോഭാവമാണ് നാം ഇവിടെ കാണുന്നത്.
പ്രിയമുള്ളവരെ, അപരന്റേതു കൂടി സ്വന്തമാക്കണമെന്ന വികലമായ ചിന്തയിലാണ് നമ്മില്‍ പലരും ഇന്ന് ജീവിക്കുന്നത്. സ്വാര്‍ഥതയുടെയും അത്യാഗ്രഹത്തിന്റെയും ഒരു ലോകമാണ് നമ്മുടെ ചുറ്റുമുള്ളത്. രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവനു നല്‍കട്ടെ എന്ന ക്രിസ്തുവിന്റെ ഓര്‍മ്മപ്പെടുത്തലിനെ മനഃപൂര്‍വം മറന്ന് എനിക്ക് രണ്ട് ഉള്ളപ്പോഴും അപരന്റെ ഒന്നുമില്ലായ്മയില്‍നിന്ന് അവശേഷിക്കുന്നതുകൂടെ സ്വന്തമാക്കാനുള്ള ശ്രമം നടത്തുന്നവരൊക്കെയും ശിക്ഷാവിധിക്കു കാരണമായ മുന്തിരിത്തോട്ടത്തിലെ കൃഷിക്കാര്‍ക്കു സമമാണ്.
ഈ സുവിശേഷത്തിലൂടെ ഈശോ നമ്മോടു പറയുന്നത്, നീ ഉടമസ്ഥനല്ല; നീ വെറും നോട്ടക്കാരനും നടത്തിപ്പുകാരനും കാര്യസ്ഥനും മാത്രമാണ്. ദൈവം നിന്നെ ഏല്‍പിച്ചിരിക്കുന്ന മുന്തിരിത്തോട്ടം അത് നിന്റെ ജീവിതത്തിലെ എന്തുമാകട്ടെ, നമ്മുടെ സ്വന്തമെന്നു കരുതി നാം കൈവശം വച്ചിരിക്കുന്ന എന്തുമാകാം – സമ്പത്ത്, വസ്തുവകകള്‍, സമയം, കഴിവുകള്‍ എന്തിന് ദൈവം നമുക്കു നല്‍കിയിരിക്കുന്ന പ്രിയപ്പെട്ടവര്‍ ഇവരാരും – നമ്മുടെ സ്വന്തമല്ല. ഇതിന്റെയെല്ലാം അവകാശി ദൈവം മാത്രമാണ്.
പ്രശസ്തനായ മിസ്റ്റിക് കവി ഖലീല്‍ ജിബ്രാന്‍ എഴുതുന്നത് ഇപ്രകാരമാണ്: ”നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ, നിങ്ങളിലൂടെ വന്നെത്തുന്നുവെങ്കിലും അവര്‍ നിങ്ങളില്‍ നിന്ന് ആവിര്‍ഭവിക്കുന്നില്ല. നിങ്ങളോടൊപ്പമുണ്ടെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല.” നമ്മുടെ ജീവിതത്തില്‍ നാം സ്വന്തമെന്നു കരുതുന്ന പലതും യഥാര്‍ഥത്തില്‍ നമ്മുടെ സ്വന്തമല്ല. നാം ഇതിന്റെയൊക്കെ സൂക്ഷിപ്പുകാരും നടത്തിപ്പുകാരും കാര്യസ്ഥരും മാത്രമാണ്. അപ്പോള്‍ ഈശോ ഇന്ന് നമ്മോട് ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. ഞാന്‍ സ്വന്തമാണെന്നു കരുതുന്നവയില്‍നിന്നും ഒരകലം പാലിക്കാന്‍. ഇതൊരു വിരക്തിയാണ്. അതായത്, നിന്റെ സ്വന്തമെന്നു കരുതുന്ന എല്ലാത്തില്‍നിന്നും ഒരു അകലം നീ പാലിക്കണം. കാരണം, നിനക്ക് ഉള്ളതിന്റെയെല്ലാം സൂക്ഷിപ്പുകാരന്‍ മാത്രമാണ് നീ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇന്ന് ഈശോ നമുക്കു നല്‍കുക.
ഈശോ ഈ കഥ പറയുന്നതിന്റെ പശ്ചാത്തലം 23:24 തിരുവചനമാണ്. യഹൂദമതനേതാക്കള്‍ അവനോടു ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഥ. ചോദ്യം യേശുവിന്റെ അധികാരത്തെക്കുറിച്ചായിരുന്നു. അവന്‍ ദൈവാലയത്തില്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കുള്ള അധികാരത്തെക്കുറിച്ച്. ദൈവാലയവും അതിന്റെ അനുസാരികളും സ്വന്തമാണെന്നു കരുതിയിരുന്ന യഹൂദ മതനേതാക്കളോടാണ് ഈശോ ഈ കഥയിലൂടെ പറയുന്നത്, ഇതൊന്നും നിങ്ങളുടെ സ്വന്തമല്ല, നിങ്ങളല്ല ഇതിന്റെ യഥാര്‍ഥ അവകാശികള്‍.
പ്രിയമുള്ളവരേ, ഇന്ന് നമ്മുടെ ആത്മീയമേഖലയിലേക്ക് ഒന്നു നോക്കുമ്പോള്‍ പല കാര്യങ്ങള്‍ക്കും നാം നിര്‍ബന്ധം പിടിക്കുമ്പോള്‍ ഈശോ നമ്മോട് പറയുന്നത്, ഇതൊന്നും നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ കാര്യസ്ഥരും സൂക്ഷിപ്പുകാരും മാത്രമാണ്. അതുകൊണ്ട് നമ്മുടെ ഈ ജീവിതത്തിന് ദൈവം ദാനമായിത്തന്ന ഈ ഭൂമിയില്‍ ഒരുമയോടും സ്‌നേഹത്തോടും കൂടെയായിരിക്കാന്‍ നമുക്കു പരിശ്രമിക്കാം.
തിരുസഭയാകുന്ന മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരാണ് നാം ഓരോരുത്തരും. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും നന്മയുടെയും ഫലങ്ങള്‍ ഉടമസ്ഥനായ ദൈവത്തിനു നല്‍കുക എന്നതാണ് നമ്മുടെ കടമ. ദൈവാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവപുത്രരായിത്തീര്‍ന്ന് സത്ഫലങ്ങള്‍ പുറപ്പെടുവിക്കാനുള്ള വലിയ വിളിയും ആഹ്വാനവുമാണ് നമ്മെ സംബന്ധിച്ചിടത്തോളം ഈ നോമ്പുകാലം. അതിനു നമുക്ക് സാധിക്കുന്നുണ്ടോ എന്ന് ചിന്തിക്കാം.
തിരുസഭയാകുന്ന സുന്ദരമായ മുന്തിരിത്തോട്ടത്തിലെ നല്ല വേലക്കാരായി മാറാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ഥിക്കാം, ആമ്മേന്‍.
ബ്രദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ MCBS