
ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരേ,
കൊല്‍കത്തയിലെ തെരുവോരങ്ങളില്‍ മദര്‍ തെരേസ ആ ദയനീയ കാഴ്ച കാണുകയാണ്. നഗ്നത മറയ്ക്കാന്‍പോലും വസ്ത്രമില്ലാതെ ദാരിദ്യത്തില്‍ ജീവിക്കുന്നവര്‍, എച്ചിലിനുവേണ്ടി തെരുവുനായ്ക്കളുമായി മത്സരിക്കുന്ന കുട്ടികള്‍, ആരാലും പരിഗണിക്കപ്പെടാതെ വഴിയിരികില്‍ ഉപേക്ഷിക്കപ്പെട്ട പിഞ്ചുപൈതങ്ങള്‍, ചുമച്ചും ചോര ഛര്‍ദിച്ചും തളര്‍ന്നുവീഴുന്ന ക്ഷയരോഗികള്‍. ഇങ്ങനെ നീളുന്ന ദയനീയ കാഴ്ചകള്‍ക്കിടയില്‍ ഒരു സ്വരം അവര്‍ കേള്‍ക്കുന്നു: ”ഇവരില്‍ കുടികൊള്ളുന്ന നിന്റെ മണവാളനായ ഈശോയെ നീ കാണുന്നില്ലേ? ആ ഈശോയെ നീ സ്‌നേഹിക്കണം, സേവിക്കണം, ശുശ്രൂഷിക്കണം.”
ഈ സ്വരം മദറിന്റെ കാഴ്ച്ചപ്പാടുകളെ മാറ്റിമറിച്ചു. കണ്ടുമുട്ടുന്ന ഓരോ വ്യക്തിയിലും ഈശോയുടെ തിരുമുഖം ദര്‍ശിച്ചു. സ്വയം മറന്ന് അപരനെ സ്‌നേഹിച്ചു, ശുശ്രൂഷിച്ചു. അങ്ങനെ അവര്‍ക്കെല്ലാം ഒരമ്മയായി, ആശ്രയമായി വി. മദര്‍ തെരേസ മാറി. അധികാരമോഹവും സ്വാര്‍ഥതയും നിറഞ്ഞ ലോകത്തോട് യേശുവിനെപ്പോലെ മദര്‍ തെരേസ തന്റെ ജീവിതം കൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: ”നിങ്ങളില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ദാസനുമായിരിക്കണം.”
നോമ്പുകാലം ആത്മനവീകരണത്തിന്റെ കാലഘട്ടമാണ്. മനുഷ്യജീവിതത്തില്‍ നാം സാധാരണയായി നേരിടേണ്ടിവരുന്ന പ്രലോഭനങ്ങളെ അതിജീവിച്ച് പുണ്യങ്ങള്‍ അഭ്യസിക്കാനുള്ള ആത്മാര്‍ഥമായ പരിശ്രമമാണ് നോമ്പിന്റെ ദിനങ്ങളിലൂടെ നടത്തപ്പെടേണ്ടത്. നോമ്പുകാലത്തിന്റെ മൂന്നാം ഞായറാഴ്ചയിലേക്കു നാം പ്രവേശിക്കുമ്പോള്‍ ഇന്നത്തെ വായനകളെല്ലാം ഈ ഒരു ഓര്‍മ്മപ്പെടുത്തലാണ് നല്‍കുന്നത്.
ഉല്‍പത്തി പുസ്തകത്തില്‍നിന്നുള്ള ഒന്നാം വായനയിലൂടെ, നോഹിനെപ്പോലെ നീതിമാനായി ജീവിച്ച് ദൈവാനുഭവം സ്വന്തമാക്കണം എന്ന വലിയ സന്ദേശമാണ് തിരുസഭാമാതാവ് നമ്മോടു പറയുന്നത്. കര്‍ത്താവിനോടു ചേര്‍ന്ന് ദുഷ്ടതയുടെ കോട്ടകള്‍ തകര്‍ക്കാനുള്ള ആഹ്വാനമാണ് ജോഷ്വാ പ്രവാചകന്റെ പുസ്തകത്തിലൂടെ ദൈവം ഇന്ന് നമുക്കു നല്‍കുന്നത്. നമ്മുടെ ഉള്ളിലുള്ള പാപസ്വാധീനങ്ങളെ ദൈവികനിയമം പാലിച്ചുകൊണ്ട് അതിജീവിക്കണമെന്നാണ് പൗലോസ് ശ്ലീഹാ ലേഖനഭാഗത്തിലൂടെ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്.
എല്ലാം ഉപേക്ഷിച്ച് കൂടെയായിരിക്കാന്‍ യേശു ക്ഷണിച്ചപ്പോള്‍ സ്വന്തമായതെല്ലാം ഉപേക്ഷിച്ച് ദൈവത്തില്‍ ആശ്രയിച്ചവരാണ് ശിഷ്യന്മാര്‍. എന്നാല്‍ ഈശോ തന്റെ പീഡാനുഭവ-മരണ-ഉത്ഥാനത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ ദൈവിക രക്ഷാകരപദ്ധതി തിരിച്ചറിയാനാകാതെ അധികാരവും സ്ഥാനവും ആഗ്രഹിക്കുന്ന പ്രിയശിഷ്യരുടെ നൊമ്പരക്കാഴ്ചയാണ് നാം ഇന്ന് സുവിശേഷത്തില്‍ കാണുന്നത്.
ദൈവികരഹസ്യങ്ങള്‍ മനസ്സിലാക്കി ദൈവത്തോടു ചേര്‍ന്നുജീവിക്കുന്നവര്‍ക്കാണ് വലിയവനാകാനും ഒന്നാമനാകാനും ശുശ്രൂഷിക്കപ്പെടാനുമുള്ള മാനുഷികപ്രലോഭനത്തെ അതിജീവിച്ച് എളിമയുടെയും സ്‌നേഹത്തിന്റെയും ശുശ്രൂഷാജീവിതം നയിക്കാന്‍ സാധിക്കുന്നത് എന്ന് സുവിശേഷഭാഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
യേശുവിന്റെ കാലത്ത് അധികാരമുള്ളവര്‍ വലിയവരെന്നും കൂടുതല്‍ അധികാരമുള്ളവര്‍ കൂടുതല്‍ വലിയവരെന്നും പൊതുവെ കണക്കാക്കപ്പെട്ടിരുന്നു. ഒരാളുടെ മാഹാത്മ്യത്തിന്റെ അളവുകോല്‍പോലും അയാളുടെ അധികാരമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അധികാരം ശുശ്രൂഷയ്ക്കാണെന്നും ശുശ്രൂഷസ്‌നേഹത്തിന്റെയും എളിമയുടെയും പ്രതിഫലനമാണെന്നുമുള്ള വലിയ ചിന്ത ഈശോ പങ്കുവയ്ക്കുന്നത്.
സുവിശേഷത്തിലെ ഏറ്റവും വലിയ അദ്ഭുതം, ഈശോ തനിക്കുവേണ്ടി ഒന്നും പ്രവര്‍ത്തിച്ചില്ല എന്നതാണ്. ഈശോയുടെ ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയായിരുന്നു. ബലഹീനരെ ശക്തിപ്പെടുത്തി, പാപികളെ വിശുദ്ധരാക്കി അവിടുന്ന് സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മഹനീയമാതൃക നമുക്ക് കാണിച്ചുതന്നു. അന്ത്യ അത്താഴവേളയില്‍ പ്രിയശിഷ്യരുടെ പാദങ്ങള്‍ കഴുകി, സ്‌നേഹചുംബനം നല്‍കി, സേവനത്തിന്റെ വലിയ പാഠം അവിടുന്ന് നമ്മെ പഠിപ്പിച്ചു. അങ്ങനെ, ദൈവത്തിന്റെയും ദൈവജനത്തിന്റെയും ഹൃദയത്തില്‍ വസിക്കുന്നവര്‍ ശുശ്രൂഷിക്കപ്പെടുന്നവരല്ല, മറിച്ച് ശുശ്രൂഷിക്കുന്നവരാണ്; ഒന്നാമനാകാന്‍ പരിശ്രമിക്കുന്നവരല്ല, മറിച്ച് എളിമയുടെ ജീവിതം നയിക്കുന്നവരാണ് എന്ന് അവിടുന്ന് സ്വജീവിതത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തി.
വി. അല്‍ഫോന്‍സ് ലിഗോരി ഇപ്രകാരം പറയുന്നു: ”മറ്റുള്ളവരുടെ മുന്‍പില്‍ തിളങ്ങാനും ആദരിക്കപ്പെടാനുമുള്ള ആഗ്രഹം തോന്നുമ്പോള്‍ നാം ഭയന്നുവിറയ്ക്കണം. അത്തരം പ്രേരണകള്‍ നിത്യനാശത്തിന്റെ ആരംഭമാകാം.” പ്രിയമുള്ളവരേ, ചെയ്യുന്ന സേവനങ്ങളെല്ലാം പങ്കുവച്ച് താന്‍ മറ്റുള്ളവരെക്കാള്‍ മികച്ചവനാണ് എന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈശോ ഇന്ന് നമ്മെ ക്ഷണിക്കുന്നത് ഞാന്‍ എന്ന ഭാവം വെടിഞ്ഞ്, പൗലോസ് ശ്ലീഹാ ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനം രണ്ടാം അധ്യായം മൂന്നാം വാക്യം നെഞ്ചിലേറ്റി, താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായിക്കരുതി ശുശ്രൂഷയുടെ ജീവിതം നയിക്കാനാണ്.
ശുശ്രൂഷയുടെ ജീവിതത്തിലൂടെ നാം അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാന നമുക്ക് ജീവിക്കാം. വിശുദ്ധ കുര്‍ബാനയുടെ സ്‌നേഹത്തിന്റെയും എളിമയുടെയും അനുഭവം നമുക്ക് പകര്‍ന്നുനല്‍കാം. അള്‍ത്താരയില്‍ ഉയര്‍ത്തപ്പെടുന്ന കാസായോടും പീലാസയോടുമൊപ്പം നമ്മുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് നമ്മുടെ ശുശ്രൂഷാമേഖലകള്‍ കൂടുതല്‍ ദൈവാനുഗ്രഹപ്രദമാക്കിത്തീര്‍ക്കണമേ എന്ന പ്രാര്‍ഥനയോടെ നമുക്ക് ഈ ബലി തുടരാം.
ദിവ്യകാരുണ്യനാഥന്‍ നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ഡീക്കന്‍ ഡെറിന്‍ തോമസ് MCBS