ഞായർ പ്രസംഗം: നോമ്പുകാലം രണ്ടാം ഞായർ മാർച്ച് 09, മത്തായി 7: 21-27 പ്രലോഭനങ്ങളെ നേരിടാന്‍

ബ്രദര്‍ ഡിക്‌സണ്‍ മംഗലത്തില്‍ MCBS

”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 7:21).

ഈശോമിശിഹായില്‍ സ്‌നേഹം നിറഞ്ഞ സഹോദരീസഹോദരന്മാരേ,

ഉപവാസത്തിന്റെയും നോമ്പിന്റെയും സ്‌നേഹിതര്‍ എന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന മാര്‍തോമാ ക്രിസ്ത്യാനികളുടെ താപസജീവിതത്തിന്റെ ഓര്‍മ്മയുണര്‍ത്തുന്ന വലിയനോമ്പ് കാലഘട്ടത്തിന്റെ രണ്ടാമത്തെ ആഴ്ചയില്‍ നമ്മുടെ വിശ്വാസയാത്ര എത്തിനില്‍ക്കുമ്പോള്‍ ഇന്ന് തിരുസഭ നമുക്ക് വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന വചനഭാഗം, മത്തായി ശ്ലീഹായുടെ സുവിശേഷം ഏഴാം അധ്യായം 21 മുതല്‍ 27 വരെയുള്ള തിരുവചനഭാഗങ്ങളാണ്. ആരാണ് ഒരു യഥാര്‍ഥ ക്രിസ്തുശിഷ്യന്‍ എന്ന് വര്‍ണ്ണിച്ചുകൊണ്ടു തുടങ്ങുന്ന വചനഭാഗം അവസാനിക്കുന്നത് പാറമേലും മണല്‍പുറത്തും ഭവനം പണിത രണ്ടു വ്യക്തികളുടെ ഉപമ പറഞ്ഞുകൊണ്ടാണ്.

സ്വര്‍ഗരാജ്യത്തിന്റെ അടിസ്ഥാനചിന്തകളെ വിവരിക്കുന്ന, ഈശോയുടെ മലയിലെ പ്രസംഗത്തിന്റെ അവസാനഭാഗമാണ് നാം ഇന്ന് വായിച്ചുകേട്ടത്. സമാന്തരസുവിശേഷങ്ങളിലൊന്നായ (Synoptic Gospels) വി. ലൂക്കായുടെ സുവിശേഷത്തിന്റെ ആറാം അധ്യായത്തിലും സമാനതകള്‍ നിറഞ്ഞ ഈശോയുടെ ഈ ചിന്തകളെ നമുക്ക് കണ്ടെത്താന്‍ സാധിക്കും. ആരാണ് യഥാര്‍ഥത്തില്‍ സ്വര്‍ഗരാജ്യം സ്വന്തമാക്കുക എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുകയാണ് സുവിശേഷത്തിന്റെ ആദ്യഭാഗം. യേശുക്രിസ്തുവിന്റെ നാമത്തില്‍ പ്രവചിക്കുന്നവരും പിശാചുക്കളെ പുറത്താക്കുന്നവരും രോഗശാന്തി നല്‍കുന്നവരുമല്ല സ്വര്‍ഗരാജ്യം സ്വന്തമാക്കുന്നത്. മത്തായി ശ്ലീഹായുടെ വാക്കുകളില്‍ പറഞ്ഞാല്‍, നല്ല ഫലം തരാത്തവരാരും സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. കാരണം, അവര്‍ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരല്ല; അവര്‍ അനീതി പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെയാണ് ഈശോ അവരോട് ഇങ്ങനെ പറയുന്നത്, ”അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍ നിന്ന് അകന്നുപോകുവിന്‍” (മത്തായി 7:23) എന്ന്. സിനഗോഗുകളിലും ആരാധനാലയങ്ങളിലും ദൈവത്തെ കര്‍ത്താവേ, കര്‍ത്താവേ എന്ന് പാടിസ്തുതിക്കുകയും എന്നാല്‍ ജീവിതത്തില്‍ ദൈവപിതാവിന്റെ ഇഷ്ടം നിറവേറ്റാന്‍ പരിശ്രമിക്കാതിരിക്കുകയും ചെയ്യുന്ന, അനുസരണമില്ലാത്ത വഴിപിഴച്ച തലമുറയ്ക്ക് ഈശോ നല്‍കുന്ന ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സുവിശേഷഭാഗം.

പ്രിയമുള്ളവരേ, ഈശോ ഇന്ന് നമ്മോടും പറയുന്നത് ഇതാണ്, ”കര്‍ത്താവേ, കര്‍ത്താവേ എന്ന് എന്നോടു വിളിച്ചപേക്ഷിക്കുന്നവരല്ല, എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 7:21). വി. മര്‍ക്കോസിന്റെ സുവിശേഷം മൂന്നാം അധ്യായത്തില്‍ ഈശോ അപ്പസ്‌തോലന്മാരെ വിളിക്കുന്ന വളരെ മനോഹരമായ ഒരു രംഗമുണ്ട്. ”പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്കു വിളിച്ചു. അവനോടുകൂടെ ആയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയയ്ക്കുന്നതിനും പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടു പേരെ നിയോഗിച്ചു” (മര്‍ക്കോ. 3: 13-15). നാമെല്ലാവരും ഈശോയോടുകൂടെ ആയിരിക്കാന്‍ വിളിക്കപ്പെട്ടവരാണ്. ”തന്നോടുകൂടെ ആയിരിക്കാന്‍ അവന്‍ അവരെ വിളിച്ചു.” സഭാപിതാവായ സിപ്രിയാന്റെ വാക്കുകള്‍ ഇപ്രകാരമാണ്: ”ദൈവഹിതം നിറവേറ്റുക എന്നത് ദൈവത്തോടുകൂടെ ആയിരിക്കാനുള്ള/ വസിക്കാനുള്ള ഒരു വ്യക്തിയുടെ ആഗ്രഹമാണ്.” ഈശോയോടുകൂടെ ആയിരിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ ആദ്യ ചുവടുവയ്പ്പ് എന്നുപറയുന്നത് ‘ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുക എന്നതായിരിക്കട്ടെ. ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലൂടെ മാത്രമേ നമുക്ക് നിത്യതയില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ.”

ദൈവത്തിന്റെ വചനം കേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ സവിശേഷതകളെപ്പറ്റിയാണ് ഈശോ സുവിശേഷത്തിന്റെ രണ്ടാം ഭാഗത്തിലെ ഉപമയിലൂടെ പറഞ്ഞുതരാന്‍ ശ്രമിക്കുന്നത്. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഏതൊരു കുടുംബത്തിന്റെയും വലിയ ആഗ്രഹമാണ് ഒരു നല്ല ഭവനം നിര്‍മ്മിക്കുക എന്നത്. നമ്മില്‍ പലരും അത്തരത്തിലൊരു സന്തോഷത്തിലൂടെ കടന്നുപോയിട്ടുള്ളവരുമാണ്. ഭവനം പണിയുക എന്നത് പാലസ്തീനായില്‍ യഹൂദരുടെ ഇടയിലും ഒരു വലിയ കാര്യമായിരുന്നു. പഴയ നിയമത്തിലൂടെ നാം കടന്നുപോകുമ്പോള്‍ പലതരത്തിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നമുക്ക് കണ്ടെത്താന്‍ സാധിക്കും. ബാബേല്‍ ഗോപുരത്തിന്റെ കഥയും (ഉല്‍പ. 11: 1-9). ജെറുസലേം ദൈവാലയ നിര്‍മ്മാണത്തിന്റെ ആവേശവും (2 കൊരി 3: 1-17) യഹൂദജനതയുടെ ഓര്‍മ്മകളില്‍ നിന്ന് ചിതലരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈശോ ഒരു ഭവനനിര്‍മ്മാണത്തിന്റെ ഉപമ ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

വേനല്‍ക്കാലത്ത് ഭവനം പണിയുന്ന രണ്ടു വ്യക്തികളെയാണ് മത്തായി ശ്ലീഹാ ഇവിടെ എടുത്തുകാട്ടുന്നത്. കാരണം, പാലസ്തീനിയായില്‍ വേനല്‍ക്കാലത്തായിരുന്നു കൂടുതലും വീടുകള്‍ നിര്‍മ്മിച്ചിരുന്നത്. ഈ ഭവനങ്ങള്‍ അടുത്ത കാറ്റും മഴയും ഉണ്ടാകുന്നതുവരെ സുരക്ഷിതമായിരിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. സുവിശേഷഭാഗത്ത് കാറ്റും മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നതും മണല്‍പുറത്ത് പണിതുയര്‍ത്തിയ ഭവനം വീണുപോകുന്നതും എന്നാല്‍ നല്ല അടിസ്ഥാനമിട്ട് പാറപ്പുറത്തു പണിത ഭവനം നിലനില്‍ക്കുന്നതും നാം വായിച്ചുകേട്ടു. രണ്ടു വ്യക്തികളും വളരെ മനോഹരമായിത്തന്നെയാണ് ഭവനം പണിതത്. എന്നാല്‍ അവരില്‍ ഒരാള്‍ മാത്രമാണ് കാറ്റും മഴയും ഉണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ട് നല്ല അടിസ്ഥാനമിട്ട് പാറപ്പുറത്ത് ഭവനം പണിതത്. അവനെയാണ് ഈശോ വിവേകമതിയായ മനുഷ്യന്‍ എന്നു വിളിക്കുന്നത്. ഈ ഉപമയിലൂ ടെ ഈശോ നമ്മുടെ മുന്‍പില്‍ രണ്ടു മാതൃകകള്‍ അവതരിപ്പിച്ചുകൊണ്ട് ചോദിക്കുകയാണ്, ”എന്റെ വചനം ശ്രവിക്കാനും അതനുസരിച്ചു ജീവിക്കാനും നമ്മള്‍ ഓരോരുത്തരും തയ്യാറാണോ? നമ്മുടെ സ്വന്തം ജീവിതത്തെ വിലയിരുത്താനും വചനം കേള്‍ക്കുന്നവര്‍ എന്ന നിലയില്‍നിന്ന് വചനം ജീവിക്കുന്നവരായിത്തീരാന്‍ തീരുമാനമെടുക്കാന്‍ ഈശോ ഇന്ന് നമ്മോട് ആഹ്വാനം ചെയ്യുകയാണ്.

ഇന്ന് ഓരോ ക്രിസ്ത്യാനിയും നേരിടുന്ന വെല്ലുവിളിയും ഇതുതന്നെയാണ്. ഈ ആധുനിക കാലഘട്ടത്തില്‍ സത്യത്തിനു സാക്ഷ്യം നല്‍കാന്‍ വിളിക്കപ്പെടുന്ന അവസരങ്ങളില്‍ നാം നേരിടുന്ന പ്രലോഭനങ്ങളെയാണ് ഇവിടെ കാറ്റും മഴയും വെള്ളപ്പൊക്കവുമെല്ലാം നമുക്ക് പറഞ്ഞുതരുന്നത്. ഈ പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍, അനീതി പ്രവര്‍ത്തിക്കുന്നവരാകാതിരിക്കാന്‍ ദിവ്യകാരുണ്യ ഈശോയിലുള്ള സ്‌നേഹത്തിലും ദൈവനാമത്തിലുള്ള വിശ്വാസത്തിലും നിത്യജീവനിലുള്ള പ്രത്യാശയിലും അടിസ്ഥാനമിട്ട് പണിതുയര്‍ത്തപ്പെടുന്ന നല്ല ഭവനമായി വളരാന്‍ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മെ എല്ലാവരെയും ക്ഷണിക്കുകാണ്.

‘Christifidles Iaici’- അല്‍മായ വിശ്വാസികള്‍ എന്ന, വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനത്തില്‍ ദൈവത്തിന്റെ ശബ്ദത്തോടുള്ള ജാഗ്രതയുടെയും ശ്രദ്ധയുടെയും നിരന്തരമായ മനോഭാവത്തെ ഊന്നിപ്പറയുന്നത് ഇങ്ങനെയാണ്: ദൈവഹിതത്തോട് വിശ്വസ്തതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.”

”അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍” (യോഹ. 2:5) എന്ന പരിശുദ്ധ അമ്മയുടെ വാക്കുകളെ ഹൃദയത്തില്‍ സ്വീകരിച്ചുകൊണ്ട് ദിവ്യകാരുണ്യ ഈശോയെ പ്രണയിച്ചുകൊണ്ട് അവനുവേണ്ടി ജീവിക്കാന്‍ നമുക്കു പരിശ്രമിക്കാം. ക്രൂശിതനായ ഈശോയാണ് ദൈവത്തിന്റെ ഇഷ്ടം അതിന്റെ പൂര്‍ണ്ണതയില്‍ പൂര്‍ത്തിയാക്കിയവന്‍. ഈശോയെപ്പോലെ ദൈവഹിതമനുസരിച്ച് ദിവ്യകാരുണ്യത്തിന്റെ ചൈതന്യത്തില്‍ ജീവിക്കുന്നവരാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക. അങ്ങനെ ദൈവത്തിന്റെ കല്‍പനകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവനാണ് പാറമേല്‍ ഭവനം പണിയുന്നവന്‍. അവന്റെ ഭവനം ഏതു പ്രളയത്തെയും അതിജീവിക്കും. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ, ആമ്മേന്‍.

ബ്രദര്‍ ഡിക്‌സണ്‍ മംഗലത്തില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.