
ദിവ്യകാരുണ്യ ഈശോയില്‍ ഏറ്റവും സ്‌നേഹം നിറഞ്ഞവരെ,
ഈശോയുടെ പീഡാസഹന മരണ-ഉത്ഥാന-രഹസ്യങ്ങളെ ധ്യാനിച്ച് ജീവിതനവീകരണത്തിലേക്ക് നാം മുന്നേറുന്ന നോമ്പുകാലം ആഗതമായിരിക്കുന്നു. മനോഭാവത്തിലും പെരുമാറ്റത്തിലും മഞ്ഞുപോലെ നിര്‍മ്മലത കൈവരിക്കുന്ന കാലമാണ് നോമ്പുകാലം. തിന്മയെ ഉപേക്ഷിച്ച് നന്മയെ മുറുകെപ്പിടിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് വി. മത്തായുടെ സുവിശേഷം നാലാം അധ്യായം ഒന്നു മുതല്‍ 11 വരെയുള്ള വചനഭാഗത്തിലൂടെ തിരുസഭ നമുക്ക് നല്‍കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ സൂചിപ്പിക്കുന്നതുപോലെ, ക്രൂശിതനായ ക്രിസ്തുവിന്റെ വിരിച്ചുവയ്ക്കപ്പെട്ട കൈകളില്‍ നോട്ടമുറപ്പിച്ച്, വലിയ സ്‌നേഹത്തോടെ പൊഴിയപ്പെട്ട അവിടുത്തെ തിരുരക്തത്തെപ്പറ്റി ധ്യാനിച്ച്, ശുദ്ധീകരിക്കപ്പെട്ട പുതിയ വ്യക്തിയായി വീണ്ടും ജനിക്കാന്‍ നാം പരിശ്രമിക്കുന്ന കാലമാണ് നോമ്പുകാലം. ഇനിയുള്ള ഏഴ് ആഴ്ചകള്‍ പ്രാര്‍ഥനയ്ക്കും ഉപവാസത്തിനുമായി നീക്കിവച്ചിരിക്കുന്നു. ദൈവത്തിന്റെ അനന്തമായ സ്‌നേഹവും കരുണയും ധ്യാനിച്ച് അനുതാപത്തിന്റെയും നവീകരണത്തിന്റെയും ദിനങ്ങളായി ഈ നോമ്പുകാലം നമുക്കു മാറ്റാം.
ഇന്നത്തെ തിരുവചനത്തിലൂടെ കടന്നുപോകുമ്പോള്‍ നാം കാണുന്നത്, ഈശോ നേരിടുന്ന മൂന്നു പ്രലോഭനങ്ങളും വചനത്തിന്റെ ശക്തിയാല്‍ അവയെ ഈശോ നേരിടുന്നതമാണ്. പ്രലോഭനങ്ങളും പ്രലോഭനങ്ങളില്‍ വീഴുക എന്നതും രണ്ടാണ്. മനുഷ്യന് പ്രലോഭനങ്ങളുണ്ടാവുക സ്വഭാവികമാണ്. എന്നാല്‍ ആ പ്രലോഭനങ്ങളില്‍ വീഴുക എന്നത് ദൈവീകചൈതന്യം ഇല്ലാത്തവര്‍ക്കു സംഭവിക്കുന്ന വലിയ വീഴ്ചയാണ്. പാപമൊഴികെ എല്ലാത്തിലും നമ്മെപ്പോലെ പരീഷിക്കപ്പെട്ടവനാണ് ഈശോ. എന്നാല്‍ സുവിശേഷങ്ങളില്‍ നാം കാണുന്നുണ്ട്, പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാല്‍ അതിജീവിക്കുന്ന ഈശോയുടെ മനോഹരചിത്രം.
ജീവതത്തില്‍ വലിയ പ്രതിസന്ധികളും പ്രലോഭനങ്ങളും വി. പൗലോസ് ശ്ലീഹായെ അലട്ടുമ്പോള്‍ ശ്ലീഹാ പ്രാര്‍ഥിക്കുന്നത് കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനം 12 അധ്യായം ഏഴു മുതല്‍ ഒന്‍പതു വരെയുള്ള തിരുവചനങ്ങളില്‍ നമുക്ക് കാണാന്‍ സാധിക്കും. ഈശോ പൗലോസ് ശ്ലീഹായ്ക്ക് മറുപടി നല്‍കുന്നത് ഇപ്രകാരമാണ്: ”നിനക്കെന്റെ കൃപ മതി. എന്തെന്നാല്‍ ബലഹീനതയിലാണ് എന്റെ ശക്തി പൂര്‍ണ്ണമായി പ്രകടമാകുന്നത്.” നമുക്കുണ്ടാകുന്ന പ്രലോഭനങ്ങളെ അതിജീവിക്കണമെങ്കില്‍ നമുക്ക് കര്‍ത്താവിന്റെ കൃപ കൂടിയേ തീരൂ.
ഈ കൃപ നമ്മിലേക്കു കടന്നുവരുന്നത് ഈശോയോടുകൂടെ ആയിരുന്ന് ഈശോയെ സ്വന്തമാക്കുന്നതി ലൂടെയാണ്. പിതാവായ ദൈവം ഭരമേല്‍പിച്ച കാര്യങ്ങള്‍ അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറ്റാനായി മരുഭൂമിയുടെ വന്യതയില്‍ ഉപവസിച്ചു പ്രാര്‍ഥിച്ചൊരുങ്ങിയ ക്രിസ്തു പ്രലോഭനത്തെ തോല്‍പിച്ചത് ദൈവത്തോടുകൂടെ ആയിരുന്നതിലൂടെയാണ്.
സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്‌തെടുക്കുന്നതുപോലെ മനുഷ്യനെ ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല ഇടം പ്രലോഭനങ്ങള്‍ തന്നെയാണ്. കാരണം വചനം സാക്ഷ്യപ്പെടുത്തുന്നു, ”പരീക്ഷകളെ ക്ഷമയോടെ സഹിക്കുവിന്‍; എന്തെന്നാല്‍ ഒരുവന്‍ പരീക്ഷകളെ അതിജീവിച്ചുകഴിയുമ്പോള്‍, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും” (യാക്കോബ് 1:12).
40 ദിനരാത്രങ്ങള്‍ മരുഭൂമിയില്‍ ഉപവസിച്ചു പ്രാര്‍ഥിച്ചശേഷം ക്രിസ്തു നേരിടുന്നത് മൂന്ന് പ്രലോഭനങ്ങളാണ്. ഈ മൂന്ന് പ്രലോഭനങ്ങളില്‍ ഈ ലോകത്തിലെ മുഴുവന്‍ പ്രലോഭനങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ഒന്ന്, കല്ലുകളെ അപ്പമാക്കാനുള്ള പ്രലോഭനമാണ്. ഇത് ജഡത്തിന്റെ പ്രലോഭനമാണ്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കണ്ടുമുട്ടുന്ന സാംസണും സാമുവേലിന്റെ രണ്ടാം പുസ്തകത്തില്‍ കണ്ടുമുട്ടുന്ന ദാവീദും.
യേശുവിന്റെ രണ്ടാമത്തെ പ്രലോഭനം ദൈവാലയത്തിനു മുകളില്‍നിന്ന് താഴേക്കു ചാടാനുള്ളതാണ്. ഈ പ്രലോഭനം മനസ്സിലെ ദുര്‍മോഹങ്ങളില്‍പെടുന്ന പ്രലോഭനമാണ്. അഹങ്കാരം, അസൂയ, കോപം ഇവയെല്ലാം ഇതില്‍പെടുന്നു.
മൂന്നാമത്തെ പ്രലോഭനം, പിശാചിനെ ആരാധിക്കുക എന്നുള്ളതായിരുന്നു. ദൈവത്തെ ഉപേക്ഷിച്ച് ലോകവസ്തുക്കളില്‍ ആശ്രയം കണ്ടെത്താനുള്ള ആഗ്രഹം മനുഷ്യന് ജനിപ്പിക്കുന്നതാണ് മൂന്നാമത്തെ പ്രലോഭനം.
ഈ മൂന്നു പ്രലോഭനവും നമ്മെ ക്ഷണികമായ ലോകത്തിലേക്കു വിളിക്കുകയാണ്. നമ്മുടെ ജീവിതത്തില്‍ ഇതുതന്നെയാണ് സംഭവിക്കുന്നത്. വിലപിടിപ്പുള്ളതിനെ അന്വേഷിച്ച് ഏറ്റവും വിലപ്പെട്ടതിനെ നഷ്ടപ്പെടുത്തുന്നു.
പ്രസിദ്ധമായ ഒരു ജാപ്പനീസ് നാടോടിക്കഥയുണ്ട്. നിര്‍ധനയായ ഒരു വിധവ. അവളുടെ ഏറ്റവും വലിയ സ്വത്ത് തന്റെ കൈക്കുഞ്ഞായിരുന്നു. അവനെ വളര്‍ത്താന്‍ ഒരു നിവര്‍ത്തിയും കാണാതെ ഐശ്വര്യത്തിന്റെ ദേവതയെ പ്രീതിപ്പെടുത്താന്‍ അവള്‍ ഒരു കഠിനതപസ്സ് ആരംഭിച്ചു. അവസാനം ദേവത പ്രത്യക്ഷപ്പെട്ട് അവളുടെ ആഗ്രഹംപോലെ കുഞ്ഞിനെ വളര്‍ത്താനുള്ള മാര്‍ഗം അവള്‍ക്ക് കാണിച്ചുകൊടുത്തു. അകലെ കാണുന്ന ഗുഹയില്‍ നിനക്ക് ആവശ്യമായതെല്ലാം കരുതിവച്ചിട്ടുണ്ട്. എന്തുവേണമെങ്കിലും നിനക്ക് കരസ്ഥമാക്കാം. പക്ഷേ, ഒരു നിബന്ധനയുണ്ട് ഗുഹയിലേക്കു പ്രവേശിക്കുമ്പോള്‍ ഞാന്‍ പുറത്തുനിന്ന് എണ്ണിത്തുടങ്ങും. പത്തുവരെ എണ്ണുമ്പോഴേക്കും നിനക്ക് ആവശ്യമുള്ളതുമായി പുറത്തിറങ്ങിയിട്ടില്ലെങ്കില്‍ ഗുഹയുടെ വാതില്‍ എന്നേക്കുമായി അടഞ്ഞുപോകും. നിബന്ധനകളെല്ലാം അംഗീകരിച്ച് അവള്‍ ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചു. അവിടെ കണ്ട കാഴ്ച അവളെ അമ്പരപ്പിച്ചു. വിലമതിക്കാനാവാത്ത സ്വര്‍ണ്ണവും രത്‌നങ്ങളും. അവ സഞ്ചിയിലേക്ക് അവള്‍ വാരിയിട്ടുതു ടങ്ങി. പുറത്തുനിന്ന് ദേവത എണ്ണുന്നത്അവള്‍ കേട്ടു. ഒന്ന്, രണ്ട്, മൂന്ന്… അവള്‍ വിചാരിച്ചു, ഇനിയും സമയമുണ്ടല്ലോ. അവള്‍ പരിസരം മറന്ന് ആവേശത്തോടെ സ്വര്‍ണ്ണം വാരിക്കൊണ്ടിരുന്നു. പെട്ടെന്നാണ് അവള്‍ ശ്രദ്ധിച്ചത് ദേവത ഒന്‍പതു വരെ എണ്ണിയിരിക്കുന്നു. രക്ഷപെടാനുള്ള വെപ്രാളത്തില്‍ അവള്‍ തന്റെ കൈയിലെ സഞ്ചിയുമായി പുറത്തേക്കോടി. ദേവത പത്ത് എന്ന് എണ്ണി, തല്‍ക്ഷണം ഗുഹയുടെ വാതില്‍ അടഞ്ഞുപോയി. പെട്ടെന്നാണ് അവള്‍ ഓര്‍ത്തത് തന്റെ കുഞ്ഞ് ഗുഹയ്ക്കകത്തായി പോയി എന്ന്.
വിലപിടിപ്പുള്ളതിനെ അന്വേഷിച്ച് ഏറ്റവും വിലപ്പെട്ടതിനെ നഷ്ടപ്പെടുത്തിക്കൊണ്ട് നമ്മളും വിലകുറഞ്ഞതിന്റെ പിറകെ പാഞ്ഞുകൊണ്ടിരിക്കുന്നു. ക്ഷണികമായതിന്റെ മുന്നില്‍ നിന്നുകൊണ്ട് അനശ്വരമായതിന്റെ വില തിരിച്ചറിയുന്ന സമയമാണ് നോമ്പുകാലം. മരുഭൂമിയിലെ പരീക്ഷകളെ അതിജീവിച്ച് ക്രിസ്തു നല്‍കുന്ന പ്രത്യാശയുടെ ഉണര്‍വ് നാം സ്വന്തമാക്കണം. ഈ ലോകത്തിലെ പരീക്ഷകള്‍ക്കും സഹനങ്ങള്‍ക്കും വിലാപങ്ങള്‍ക്കുമപ്പുറം ദൈവം നല്‍കുന്ന സംരക്ഷണവും കൃപയുടെ നിറവും ക്രിസ്തു അഭിമുഖീകരിച്ച മരുഭൂമിയിലെ പരീക്ഷണങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. പാപമേഖലകളെ ഉപേക്ഷിച്ച് വിശുദ്ധിയിലേക്കുള്ള വിളിയോട് പൂര്‍ണ്ണഹൃദയത്തോടെ പ്രത്യുത്തരിക്കാന്‍ ഈ നോമ്പുകാലം നമ്മെ പര്യാപ്തരാകട്ടെ.
ക്രിസ്തു പ്രലോഭനങ്ങളില്‍ ദൈവത്തോടുകൂടെ ആയിരുന്ന് അവയെ നേരിട്ടതുപോലെ നമുക്കും അവനോടുകൂടെ ആയിരിക്കാം. പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും ദൈവവചന വായനയിലൂടെയും സഹോദരസ്‌നേഹത്തിലൂടെയും ഈ നോമ്പുകാലം ഫലദായകമാക്കാം. അതിനായി സര്‍വശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ.
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
ബ്രദര്‍ ഡിനോ സെബാസ്റ്റ്യന്‍ MCBS