ഞായർ പ്രസംഗം: ദനഹാക്കാലം എട്ടാം ഞായർ ഫെബ്രുവരി 23, മര്‍ക്കോ. 1: 7-11 ദൈവത്തിന്റെ പ്രിയപുത്രന്‍

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,

വെളിപ്പെടുത്തലിന്റെ കാലമാണ് ദനഹാക്കാലം. യേശുവിന്റെ മാമ്മോദീസായില്‍ ഇത് ആരംഭിക്കുന്നു. അവിടെ സ്വര്‍ഗമാകുന്ന പുസ്തകം തുറക്കപ്പെടുകയാണ്. ഇനി നമുക്ക് സ്വര്‍ഗീയപിതാവിനെ അറിയാം. സ്വര്‍ഗത്തെ കൂടുതലായി അറിയാം. സ്വപുത്രനിലൂടെ ഇനി പിതാവ് നമ്മോടു സംസാരിക്കാന്‍ പോവുകയാണ്. ഇതാണ് ദനഹാക്കാലത്തിന്റെ ആത്മീയചിന്ത.

ദനഹാക്കാലം എട്ടാമത്തെ ഞായറാഴ്ചയിലേക്ക് നാം ഇന്ന് പ്രവേശിക്കുമ്പോള്‍ തിരുസഭാമാതാവ് നമുക്ക് വിചിന്തനത്തിനായി നല്‍കിയിരിക്കുന്നത് വി. മര്‍ക്കോസിന്റെ സുവിശേഷം ഒന്നാം അധ്യായം ഏഴു മുതല്‍ 11 വരെയുള്ള തിരുവചനങ്ങളാണ്. ഈ വചനഭാഗത്തിന്റെ ആരംഭത്തില്‍ ഈശോയുടെ ആഗമനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തുന്ന സ്‌നാപകയോഹന്നാനെയാണ് നാം കാണുന്നത്. അതുപോലെ ഈ വചനഭാഗത്തിന്റെ അവസാനത്തില്‍ നാം കാണുക, ഈശോ ആരാണെന്നുള്ള ദൈവിക വെളിപ്പെടുത്തലുമാണ്. ഈ വചനഭാഗത്തില്‍ ഈശോ നമ്മോടു സംസാരിക്കുന്ന സന്ദേശങ്ങളില്‍ രണ്ടെണ്ണം നമുക്ക് വിചിന്തനം ചെയ്യാം.

ഏഴാമത്തെ വാക്യത്തില്‍ സ്‌നാപകയോഹന്നാന്‍ പറയുന്നുണ്ട്: ”എന്നെക്കാള്‍ ശക്തനായവന്‍ എന്റെ പിന്നാലെ വരുന്നു. കുനിഞ്ഞ് അവന്റെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല.” ഈ വചനത്തിലൂടെ നാം മനസ്സിലാക്കേണ്ടത്, എത്രയധികം താഴ്മയോടും എളിമയോടും കൂടിയാണ് സ്‌നാപകയോഹന്നാന്‍ ഈശോയുടെ മുന്‍പിലായിരിക്കുന്നത് എന്നാണ്. ഈ വാക്യത്തിലൂടെ സ്‌നാപകന്‍ സ്വയം വെളിപ്പെടുത്തുന്നത് ഒരു അടിമയും ഉടമയും തമ്മിലുള്ള അത്ര അന്തരം തനിക്കും ഈശോയ്ക്കുമിടയിലുണ്ട് എന്നുതന്നെയാണ്. വചനത്തില്‍ നാം കാണുന്ന ചെരുപ്പിന്റെ വള്ളികള്‍ അഴിക്കുക എന്നുപറയുന്നത് ഒരു അടിമ തന്റെ യജമാനനു ചെയ്തുകൊടുക്കുന്ന ഏറ്റവും താഴ്ന്ന ജോലികളില്‍ ഒന്നാണ്. പക്ഷെ, ഇവിടെ സ്‌നാപകന്‍ പറയുന്നത് ഈശോയുടെ ചെരിപ്പിന്റെ വള്ളികള്‍ അഴിക്കാന്‍ പോലുമുള്ള യോഗ്യത തനിക്കില്ല എന്നാണ്.

സ്‌നേഹമുള്ളവരെ, ഇന്നത്തെ തിരുവചനം നമുക്കു നല്‍കുന്ന ആദ്യത്തെ സന്ദേശം സ്‌നാപകനെപ്പോലെ താഴ്മയോടും എളിമയോടുംകൂടെ നമുക്ക് ഈശോയോടൊത്തായിരിക്കാന്‍ സാധിക്കണം എന്നുള്ളതാണ്. പരിശുദ്ധ അമ്മയുടെ ജീവിതം ഇത്തരത്തില്‍ എളിമയോടെ ജീവിക്കാന്‍ നമുക്കോരോരുത്തര്‍ക്കും പ്രചോദനമാണ്. പരിശുദ്ധ അമ്മ തന്റെ സ്‌തോത്രഗീതത്തില്‍ ഇപ്രകാരം പറയുന്നു: ”അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.”

പരിശുദ്ധ അമ്മയെപ്പറ്റിയുള്ള ഒരു സാങ്കല്‍പിക കഥ ഇപ്രകാരമാണ്: ഒരിക്കല്‍ ദൈവം കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വീടിന്റെ ഉമ്മറപ്പടിയിലെത്തി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന് ആ പെണ്‍കുട്ടി ചോദിച്ചു: ”ആരാണ്, എന്തുവേണം.” അപ്പോള്‍ ദൈവം ഇപ്രകാരം മറുപടി പറഞ്ഞു: ”എനിക്ക് നിന്റെ സ്വപ്നങ്ങള്‍ തരിക. പകരം എന്റെ സ്വപ്നങ്ങള്‍ ഞാന്‍ നിനക്കു തരാം.” ആ പെണ്‍കുട്ടി എളിമയോടെ ദൈവഹിതം അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തു. ഇതാണ് പരിശുദ്ധ അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. ഇത്തരത്തില്‍ സ്‌നാപകയോഹന്നാനെപ്പോലെ, പരിശുദ്ധ അമ്മയെപ്പോലെ സ്വന്തം സ്വപ്നങ്ങളും ആഗ്രഹങ്ങളും എളിമയോടും താഴ്മയോടുംകൂടി ദൈവത്തിനു വിട്ടുകൊടുത്ത് ദൈവത്തിന്റെ സ്വപ്നങ്ങളെ ദൈവഹിതത്തെ സ്വീകരിക്കാന്‍ നമുക്കും പരിശ്രമിക്കാം.

വചനം പറയുന്നു: ”നീ എന്റെ പ്രിയപുത്രന്‍. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.” ഇവിടെ നാം കാണുന്നത് ഈശോ ആരാണെന്നുള്ള സ്വര്‍ഗത്തില്‍നിന്നുള്ള വെളിപ്പെടുത്തലാണ്. സുവിശേഷം നമ്മോടു ചോദിക്കുന്നു: ഈശോ ദൈവപുത്രനാണെന്ന് തിരിച്ചറിയാനും ആ ഈശോയ്ക്ക് സാക്ഷ്യം വഹിക്കാനും നമുക്ക് സാധിക്കുന്നുണ്ടോ?

സുവിശേഷത്തിലൂടെ നാം കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍പറ്റുന്ന കാര്യം ഒരാളൊഴികെ മറ്റാരും ഈശോ ദൈവപുത്രനാണെന്ന് തിരിച്ചറിയുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല എന്നതാണ്. ഈശോയുടെ കുരിശുമരണ സമയത്ത് ശതാധിപനാണ് ഈ തിരിച്ചറിവ് ഉണ്ടാകുന്നതും അത് സാക്ഷ്യപ്പെടുത്തുന്നതും. ശതാധിപന്‍ ഇപ്രകാരം പറഞ്ഞു: ”സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു.” പ്രിയപ്പെട്ടവരേ, ഈ തിരിച്ചറിവിലേക്കാണ് എന്നെയും നിങ്ങളെയുമെല്ലാം ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ ദൈവം വിളിച്ചിരിക്കുന്നതെന്ന് വിസ്മരിക്കാതിരിക്കാം.

ഈശോയുടെ ജ്ഞാനസ്‌നാന വേളയില്‍ പരിശുദ്ധാത്മാവ് വരുമ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഇപ്രകാരം ഒരു വെളിപാടുണ്ടാകുന്നു: ”നീ എന്റെ പ്രിയപുത്രന്‍. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരി ക്കുന്നു.” അതുവഴി ഈശോയ്ക്കും താന്‍ ആരാണ് എന്ന തിരിച്ചറിവ് നല്‍കുകയാണ്. ഇതിനുശേഷമാണ് അവിടുന്ന് തന്റെ പരസ്യജീവിതത്തിലേക്കു പ്രവേശിക്കുന്നത്. നമ്മുടെയും മാമ്മോദീസാ സമയത്ത് ദൈവം ഇപ്രകാരം, നീ എന്റെ പ്രിയപുത്രനാണ്/ പ്രിയപുത്രിയാണ് എന്നുപറഞ്ഞ് സംബോധന ചെയ്യുന്നുണ്ട്. ഈ തിരിച്ചറിവ് അതിന്റെ പൂര്‍ണ്ണതയില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ ഈശോ ദൈവപുത്രനാണെന്ന് തിരിച്ചറിയാനും ദൈവഹിതാനുസരണം ജീവിക്കാനും നമുക്ക് സാധിക്കും.

ഓരോ ദിവസവും നാം ഈ തിരിച്ചറിവില്‍ ജീവിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നത് നല്ലതാണ്. ഒരു ആത്മീയപിതാവ് ഒരിക്കല്‍ പറഞ്ഞ ധ്യാനചിന്ത ഇപ്രകാരമാണ്: ”നാം രാവിലെ എഴുന്നേറ്റുകഴിയുമ്പോള്‍ കണ്ണാടിയില്‍ നോക്കി ഇപ്രകാരം പറയണം, ‘ഞാന്‍ ദൈവത്തിന്റെ പ്രിയപുത്രനാണ്/ പ്രിയപുത്രിയാണ്” എന്ന്. അതുപോലെ രാത്രിയില്‍ കിടക്കുന്നതിനുമുന്‍പ് ദൈവത്തോടു ചോദിക്കണം, ദൈവമേ ഇന്നത്തെ എന്റെ പ്രവര്‍ത്തനങ്ങളില്‍ അങ്ങ് പ്രസാദിച്ചു. അങ്ങനെയെങ്കില്‍ നമ്മുടെ ജീവിതം കൂടുതല്‍ വിലയിരുത്താനും ദൈവഹിതാനുസരണം ജീവിക്കാനും നമുക്ക് സാധിക്കും.

പ്രിയമുള്ളവരേ, നമ്മെ സ്വര്‍ഗത്തിന് അവകാശികളാക്കാനും ദൈവപുത്രസ്ഥാനത്തേക്ക് ആനയിക്കാനും മനുഷ്യാവതാരം ചെയ്ത ഈശോ നമ്മോടു കൂടെ വസിക്കുന്ന വിശുദ്ധ കുര്‍ബാനയര്‍പ്പണത്തില്‍ നാം പങ്കാളികളാകുമ്പോള്‍ നമ്മുടെ വാക്കുകളെയും ചിന്തകളെയും പ്രവര്‍ത്തികളെയും നമുക്കൊന്ന് വിലയിരുത്താം. ദൈവത്തിനു പ്രീതികരമായ ജീവിതമാണോ ഞാന്‍ ജീവിക്കുന്നത് എന്ന് ചിന്തിക്കാം. ദൈവഹിതം സ്വന്തഹിതമാക്കിത്തീര്‍ത്ത് സ്‌നാപകനെപ്പോലെ ക്രിസ്തുവിനു വഴിയൊരുക്കാനും എളിമയോടും താഴ്മയോടും കൂടെ ക്രിസ്തുവിലേക്കു വളരാനും ക്രിസ്തുവില്‍നിന്ന് അപരനിലേക്കു വളരാനുമുള്ള കൃപകള്‍ക്കായി ഈ വിശുദ്ധ ബലിയില്‍ നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. ദിവ്യകാരുണ്യ ഈശോ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ബ്രദര്‍ ജോസഫ് ടോം മണിയംപ്രയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.