ഞായർ പ്രസംഗം: ദനഹാക്കാലം ഏഴാം ഞായർ ഫെബ്രുവരി 16, മത്തായി 8: 5-13 ശതാധിപന്റെ വിശ്വാസം

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞവരെ,

ഇന്ന് ദനഹാക്കാലം ഏഴാം ഞായര്‍. തിരുസഭാമാതാവ് വചനവിചിന്തനത്തിനായി നമുക്കു നല്‍കിയിരിക്കുന്നത് വി. മത്തായിയുടെ സുവിശേഷം എട്ടാം അധ്യായം അഞ്ചു മുതല്‍ 13 വരെയുള്ള വാക്യങ്ങളാണ്.

ഈശോമിശിഹായുടെ ദൈവികമഹത്വം വെളിപ്പെടുത്തുന്ന രംഗങ്ങളാണ് ദനഹാക്കാലത്തില്‍ നമ്മുടെ ധ്യാനവിഷയം. മലയില്‍ നിന്നിറങ്ങിവന്ന ഈശോ പ്രവര്‍ത്തിക്കുന്ന അദ്ഭുതങ്ങളാണ് വി. മത്തായിയുടെ സുവിശേഷം 8, 9 അധ്യായങ്ങളില്‍ നാം കാണുന്നത്. സുഖപ്പെടുത്തലിന്റെ സുന്ദരമായ ഒരു ദൃശ്യാവിഷ്‌കാരമായാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുന്നില്‍ വിടര്‍ന്നുനില്‍ക്കുന്നത്. സുവിശേഷത്തിലെ സുഖപ്പെടുത്തുന്ന, സൗഖ്യദായകനായ ഈശോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് പുറപ്പാടിന്റെ പുസ്തകം 15-ാം അധ്യായം 26-ാം വാക്യമാണ്. ”ഞാന്‍ നിന്നെ സുഖപ്പെടുത്തുന്ന കര്‍ത്താവാണ്.” തളര്‍വാതം പിടിപ്പെട്ട ഒരുവനെ സുഖപ്പെടുത്തിക്കൊണ്ട് ഈശോ തന്റെ ദൈവികാധികാരം വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ വചനഭാഗം.

ഈശോമിശിഹായെക്കുറിച്ചു കേട്ടറിഞ്ഞ ശതാധിപന്‍ തളര്‍വാതം ബാധിച്ചു വിഷമിക്കുന്ന തന്റെ ഭൃത്യനുവേണ്ടി ഈശോയുടെ പക്കല്‍ അപേക്ഷയുമായി എത്തുന്നു. ഇതുതന്നെ അദ്ദേഹത്തിന്റെ നന്മയുടെ തെളിവായി സുവിശേഷം എടുത്തു കാട്ടുന്നു. തല്‍ക്ഷണം ഈശോയുടെ മറുപടി ”ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം” എന്നായിരുന്നു. അശുദ്ധരാകുമോ എന്നു ഭയന്ന് യഹൂദര്‍ വിജാതീയരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയിരുന്നു. ഈ പാരമ്പര്യത്തെ മറികടന്ന് ആ വിജാതീയന്റെ ഭവനത്തില്‍ പോകാനുള്ള തീരുമാനം അവിടുന്ന് പ്രദര്‍ശിപ്പിക്കുന്നത് തന്റെ സാന്നിധ്യം വഴി ആ ഭവനം ശുദ്ധമാക്കപ്പെടുകയും അവിയെടുള്ളവര്‍ ഈശോയെ അറിയുകയും ചെയ്യുമെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. മനുഷ്യാവതാരത്തില്‍ സംഭവിച്ചതും ഇതുതന്നെയാണ്. മനുഷ്യവര്‍ഗത്തെ രക്ഷിക്കാനായി ഈ ഭൂമിയിലേക്ക് കടന്നുവന്ന ദൈവമാണ് അവിടുന്ന്. അവിടുന്ന് ഈ ലോകത്തിലായിരുന്നെങ്കിലും ലോകത്തിന്റെ അശുദ്ധിയൊന്നും അവിടുത്തെ ബാധിച്ചിട്ടില്ല, മറിച്ച് അവിടുന്നുവഴി ലോകം വിശുദ്ധീകരിക്കപ്പെടുകയാണുണ്ടായത്.

ഈശോയെ സ്വീകരിക്കാന്‍ തന്റെ ഭവനം യോഗ്യമല്ലെന്നു കരുതിയ ശതാധിപന്‍ പറയുന്നത്, ”അങ്ങ് ഒരു വാക്ക് അരുള്‍ചെയ്താല്‍ എന്റെ ഭൃത്യന്‍ സുഖം പ്രാപിക്കും” എന്നാണ്. ‘ഉണ്ടാകട്ടെ’ എന്ന വാക്ക് കൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചവന് തന്റെ ഭൃത്യന്റെ രോഗം മാറ്റാന്‍ എത്രയോ എളുപ്പമാണ് എന്നതാണ് ശതാധിപന്റെ ചിന്ത. ശതാധിപന്റെ വിശ്വാസത്തിന്റെ ആഴമാണ് ഇവിടെ പ്രകടമാകുന്നത്. തന്റെ കീഴിലുള്ള പടയാളികളുടെമേല്‍ തനിക്കുള്ള അധികാരത്തെ താരതമ്യപ്പെടുത്തുകയാണ്. അതുവഴി അദ്ദേഹം ഈശോയുടെ അധികാരത്തെ മനസ്സിലാക്കുന്നു. ഈശോയുടെ ദൈവാധികാരത്തില്‍ അദ്ദേഹത്തിന് അത്രമേല്‍ വിശ്വാസമുണ്ടായിരുന്നു. ഇതു കേട്ട് ആശ്ചര്യപ്പെട്ട ഈശോ, തന്നെ അനുഗമിക്കുന്നവരോടു പറയുന്നത്, ”ഇസ്രായേലില്‍ പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല” എന്നാണ്. ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളെ രക്ഷിക്കുകയാണ് ആഗമനോദ്ദേശ്യമെങ്കിലും യഥാര്‍ഥ വിശ്വാസമുള്ളവരുടെയെല്ലാം രക്ഷകനാണ് താന്‍ എന്നാണ് ഈശോ വ്യക്തമാക്കുന്നത്. വിശ്വാസം യഹൂദനും വിജാതീയനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു.

ഈശോയിലുള്ള വിശ്വാസംവഴി ഇരുകൂട്ടരും ഒരുപോലെ രക്ഷിക്കപ്പെടുന്നു. ഈശോ തുടര്‍ന്ന് അരുളിചെയ്തു: ”പൊയ്‌ക്കൊള്ളുക. നീ വിശ്വസിച്ചതുപോലെ സംഭവിക്കട്ടെ.” രക്ഷപ്രാപിക്കാനുള്ള ഏകമാര്‍ഗം ഈശോമിശിഹായില്‍ വിശ്വസിക്കുകയാണ് എന്ന സത്യം ഒരിക്കല്‍കൂടി ഈശോ നമ്മെ അനുസ്മരിപ്പിക്കുകയാണ്. ഇതുതന്നെയാണ് അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 4:12 ഉം. ”ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കായി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.”

ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ഗീയജീവനില്‍ പങ്കുചേരാന്‍ നമ്മള്‍ എപ്രകാരം ജീവിക്കണമെന്നാണ് പുതിയ നിയമത്തില്‍നിന്നുള്ള ആദ്യവായനയില്‍ പൗലോസ് ശ്ലീഹാ തീമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം 6: 17-18 നമ്മെ അനുസ്മരിപ്പിക്കുന്നത്.

ആദിമ സഭാംഗങ്ങളെ ഉദ്ദേശിച്ച് ശ്ലീഹാ നല്‍ കുന്ന ഉപദേശം ആധുനിക കാലത്ത് നമ്മെ സംബന്ധിച്ചും പ്രസക്തമാണ്. ”ഈ ലോകത്തിലെ സമ്പന്നരോട് അഹങ്കരിക്കാതിരിക്കാനും അസ്ഥിരമായ സമ്പത്തില്‍ ആശ്രയിക്കാതെ നമ്മുടെ ഉപയോഗത്തിനായി സകലതും സമൃദ്ധമായി തന്നിരിക്കുന്ന ജീവനുള്ള ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കാനും ഉദ്‌ബോധിപ്പിക്കുക. അങ്ങനെ യഥാര്‍ഥ ജീവന്‍ കരസ്ഥമാക്കാനുതകുന്ന അടിസ്ഥാനമിടാന്‍ അവര്‍ക്കു കഴിയട്ടെ. ഭാവിജീവിതത്തെ ലക്ഷ്യംവച്ച് ജീവിക്കണമെന്നാണ് പൗലോസ് ശ്ലീഹാ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. ഈ പങ്കുവയ്ക്കലിനെക്കുറിച്ചാണ് പഴയ നിയമത്തില്‍ നിയമാവര്‍ത്തനം 14: 28- 29 ല്‍ മോശയിലൂടെ ദൈവം നമ്മോട് പറയുന്നത്. ഓരോ മൂന്നാം വര്‍ഷത്തിന്റെയും അവസാനം അക്കൊല്ലം ശേഖരിച്ച ഫലങ്ങളുടെയെല്ലാം ദശാംശം കൊണ്ടുവന്ന് പട്ടണത്തില്‍ സൂക്ഷിക്കുക. നിന്റെ പട്ടണത്തില്‍ താമസിക്കുന്ന നിനക്കുള്ളതുപോലെ ഓഹരിയും അവകാശവും ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന് അവ ഭക്ഷിച്ച് തൃപ്തിയടയട്ടെ. അപ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് എല്ലാ പ്രവര്‍ത്തികളിലും നിന്നെ അനുഗ്രഹിക്കും.”

നമ്മുടെ ഈ സാമൂഹിക ഉത്തരവാദിത്വത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്‌തോലിക പ്രബോധനമായ ‘സുവിശേഷത്തിന്റെ ആനന്ദത്തില്‍’ ഇപ്രകാരം എഴുതുന്നു: ”അതുല്യനായ സുവിശേഷകനും സുവിശേഷത്തിന്റെ ആള്‍രൂപവുമായ ഈശോ തന്നെത്തന്നെ ഏറ്റവും ചെറിയവര്‍ക്ക് സമ്മാനമാകുന്നു.” ഭൂമിയിലെ ദുര്‍ബലരെ ശുശ്രൂഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ വാക്യം ക്രൈസ്തവരായ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

തന്റെ ഭൃത്യന്റെ രോഗാവസ്ഥ ഈശോയുടെ മുമ്പിലര്‍പ്പിച്ച ശതാധിപനെപ്പോലെ നമ്മുടെ വേദനകളും ദുഃഖങ്ങളും അവിടുത്തെ മുമ്പില്‍ അര്‍പ്പിക്കാനും അവയ്ക്കുള്ള പരിഹാരം അവിടുത്തെ പക്കലുണ്ടെന്ന് വിശ്വാസത്തോടെ പറയാനും നമുക്കു സാധിക്കട്ടെ. ഭാവിയിലെ യഥാര്‍ഥ ജീവന്‍ ലക്ഷ്യംവച്ച് ചുറ്റുമുള്ളവരുടെ വേദനയില്‍ മനസ്സലിവുള്ളവരായി ജീവിക്കാന്‍ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

ബ്രദര്‍ സോജന്‍ പള്ളിപ്പറമ്പില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.